ഇന്ത്യൻ ചലച്ചിത്രചരിത്രം തന്നെ തിരുത്തിക്കുറിച്ച്, രൺവീർ സിങ്ങിന്റെ പവർ പാക്ക്ഡ് ആക്ഷൻ ചിത്രം 'ധുരന്ധർ 2' കുതിക്കുന്നു. ബോക്സ് ഓഫീസിനെ വിറപ്പിച്ചുകൊണ്ട്, റിലീസ് ചെയ്ത് വെറും പതിനെട്ടാം ദിനം ചിത്രം 1000 കോടി ക്ലബ്ബിൽ ഇടംപിടിച്ചു. 'പുഷ്പ 2' വിനു ശേഷം ഇന്ത്യൻ സിനിമയിൽ ഏറ്റവും വേഗത്തിൽ 1000 കോടി കടക്കുന്ന സിനിമയെന്ന വിസ്മയ നേട്ടമാണ് ഇതോടെ ആക്ഷൻ സ്പൈ ത്രില്ലർ സ്വന്തമാക്കിയിരിക്കുന്നത്.
'ബാഹുബലി' പോലും ഒരു മാസമെടുത്ത് പിന്നിട്ട നാഴികക്കല്ല് വെറും 18 ദിവസത്തിനുള്ളിൽ ധുരന്ധർ തകർത്തത് സിനിമാലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. മൂന്നാം ഞായറാഴ്ചയും തിയേറ്ററുകളിൽ ജനപ്രവാഹമായിരുന്നു. അന്ന്, 28.75 കോടിയാണ് കളക്ഷൻ നേടിയത്. ഇതോടെ ഇന്ത്യയിലെ ആകെ ഗ്രോസ് 1,213 കോടി കടന്നു. മാർച്ച് 18-ലെ പ്രിവ്യൂ ഷോ മുതൽ തുടങ്ങിയ ആവേശം ഇപ്പോഴും നിൽക്കുകയാണ്.
ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടും രൺവീർ പ്രഭാവം പ്രകടമാണ്. വിദേശത്തുനിന്നു മാത്രം 392 കോടി വാരിയ ചിത്രം 1,605.74 കോടിയെന്ന വമ്പൻ വേൾഡ് വൈഡ് ഗ്രോസിലേക്കാണ് എത്തിനിൽക്കുന്നത്. നോർത്ത് അമേരിക്കയിൽ 25 മില്യൺ ഡോളർ നേടുന്ന ആദ്യ ഇന്ത്യൻ സിനിമയെന്ന ചരിത്രനേട്ടവും ഇപ്പോൾ ധുരന്ധറിന് സ്വന്തം.
കഴിഞ്ഞ വർഷം ഡിസംബറിൽ റിലീസ് ചെയ്ത ആദ്യ ഭാഗത്തിന്റെ കളക്ഷനെ വെറും 11 ദിവസം കൊണ്ടാണ് രണ്ടാം ഭാഗം മറികടന്നത്. തെന്നിന്ത്യൻ ഭാഷകളിലും മികച്ച പ്രതികരണം ലഭിക്കുന്നതോടെ ധുരന്ധർ വരും ദിവസങ്ങളിൽ ഇനിയുമേറെ റെക്കോർഡുകൾ തകർക്കുമെന്ന് ഉറപ്പാണ്.