'തേരേ ഇഷ്‌ക് മേം', പ്രേക്ഷകപ്രീതി നേടി മുന്നേറുകയാണ്. പക്ഷേ ആരാധകരുടെ ചർച്ചമുഴുവൻ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ധനുഷിന്റെയും കൃതി സനോണിന്റെയും പ്രതിഫലത്തെക്കുറിച്ചാണ്. ഇവര്‍ തമ്മിലുള്ള കേടികളുടെ ശമ്പളവ്യത്യാസമാണ് ചൂടേറിയ ചർച്ചകൾക്ക് വഴിവെച്ചത്.
നാലു വര്‍ഷത്തിനുശേഷം സംവിധായകൻ ആനന്ദ് എല്‍. റായിയും തെന്നിന്ത്യന്‍ സൂപ്പര്‍താരം ധനുഷും വീണ്ടും ഒന്നിച്ച ചിത്രമാണ് തേരേ ഇഷ്‌ക് മേം. ചിത്രം ബോക്‌സ് ഓഫീസില്‍ മികച്ച തുടക്കം നേടി. ആദ്യ ദിവസം തന്നെ 16 കോടിയിലധികം രൂപ നേടിയെന്നാണ് റിപ്പോര്‍ട്ട്. ദേശീയ സിനിമമാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം ധനുഷ് ആണ് ചിത്രത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയ നടന്‍. ഏകദേശം 15 കോടി രൂപയാണ് താരം പ്രതിഫലമായി വാങ്ങിയത്. നായികയായി അഭിനയിച്ച കൃതി സനോണ്‍ ഏകദേശം 5 കോടി രൂപ വാങ്ങി. അതായത് ധനുഷിന്റെ പ്രതിഫലം കൃതിയുടേതിനേക്കാൾ മൂന്നിരട്ടി കൂടുതലാണ്.
പക്ഷേ ഈ കണക്കുകള്‍ നിര്‍മാതാക്കള്‍ സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും ഇത് ഓണ്‍ലൈനില്‍ വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. സിനിമകളിലെ താരമൂല്യം, ജനപ്രീതി, പ്രതിഫലത്തിലെ അന്തരം എന്നിവയെക്കുറിച്ചാണ് വലിയ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും ഉയരുന്നത്. നേരത്തെയും നായികയുടെയും നായകന്റെയും പ്രതിഫലത്തിലെ അന്തരം വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവച്ചിട്ടുണ്ട്. ബോളിവുഡിലെയും തെന്നിന്ത്യയിലെയും മലയാളത്തിലെയും നടിമാരും ഇതിനെതിരേ ശബ്ദമുയര്‍ത്തിയിട്ടുണ്ട്.
ധനുഷ് അവതരിപ്പിക്കുന്ന ശങ്കര്‍ എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. കൃതി സനോണ്‍ അവതരിപ്പിക്കുന്ന മുക്തിയെ ആഴത്തില്‍ പ്രണയിക്കുന്ന ഒരു ചെറുപ്പക്കാരനാണ് ശങ്കര്‍. വൈകാരിക പ്രശ്‌നങ്ങളും വേദനാജനകമായ ഓര്‍മകളുമായി മുക്തി പോരാടുന്നു. ശങ്കര്‍ അവള്‍ക്കുവേണ്ടി എന്തും ചെയ്യാന്‍ തയാറാണെങ്കിലും, മുക്തിയുടെ ഉള്ളിലെ ഭയങ്ങളും മുന്‍കാല അനുഭവങ്ങളും നിരന്തരമായ പിരിമുറുക്കം സൃഷ്ടിക്കുന്നു. രണ്ടു കഥാപാത്രങ്ങളും വൈകാരിക വെല്ലുവിളികളെ നേരിടുമ്പോള്‍ അവരുടെ പ്രണയം തീവ്രമാകുന്നു. ലളിതമായ പ്രണയത്തിനപ്പുറം, പ്രണയം എങ്ങനെ ശക്തവും വേദനാജനകവുമാകുമെന്ന് ഇതാണ് തേരേ ഇഷ്‌ക് മേം കാണിക്കുന്നു.