ലോക ഫാഷന്‍ മഹോത്സവമായ മെറ്റ് ഗാലയില്‍ ബോളിവുഡ് സുപ്പര്‍താരം ദീപിക പദുകോണ്‍ പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍. മുന്‍ വര്‍ഷങ്ങളില്‍ റെഡ് കാര്‍പെറ്റില്‍ തന്റേതായ മുദ്ര പതിപ്പിച്ച ദീപിക ഇത്തവണ വിട്ടുനില്‍ക്കുന്നത് ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. രണ്ടാമത്തെ കണ്‍മണിക്കായുള്ള കാത്തിരിപ്പിലായ താരം തന്റെ സിനിമാ പ്രോജക്ടുകള്‍ പൂര്‍ത്തിയാക്കുന്നതിനാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്.
ഈ വര്‍ഷം അവസാനം പുറത്തിറങ്ങുന്ന ഷാരൂഖ് ഖാന്‍ ചിത്രം 'കിങ്', അടുത്ത വര്‍ഷം റിലീസ് ചെയ്യുന്ന അല്ലു അര്‍ജുന്‍ - അറ്റ്‌ലി ചിത്രം 'രാക്ക' എന്നിവയുടെ ഷൂട്ടിങ് തിരക്കുകളിലാണ് ദീപിക. ചിത്രീകരണം എത്രയും വേഗം പൂര്‍ത്തിയാക്കുക എന്നതാണ് താരത്തിന്റെ ഇപ്പോഴത്തെ ലക്ഷ്യം. അല്ലു അര്‍ജുനൊപ്പമുള്ള 'രാക്ക'യിലെ വന്‍ ആക്ഷന്‍ രംഗവും ഇന്‍ട്രൊഡക്ഷന്‍ സീനും ദീപിക പൂര്‍ത്തിയാക്കിയതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.
2017 മുതല്‍ 2019 വരെ തുടര്‍ച്ചയായി മൂന്നു വര്‍ഷം മെറ്റ് ഗാലയില്‍ പങ്കെടുത്തിട്ടുള്ള ദീപികയുടെ 2019-ലെ ലുക്ക് അന്താരാഷ്ട്ര തലത്തില്‍ വലിയ ശ്രദ്ധ നേടിയിരുന്നു. നിലവില്‍ ഷാരൂഖ് ചിത്രം 'കിങ്ങിന്റെ' കേപ് ടൗണിലെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്.