ബോളിവുഡിലെ പ്രിയദമ്പതികളായ ദീപിക പദുകോണും രണ്‍വീര്‍ സിങ്ങും തങ്ങളുടെ ജീവിതത്തിലെ ഏറ്റവും പുതിയ സന്തോഷവാര്‍ത്ത ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. തങ്ങള്‍ രണ്ടാമത്തെ കണ്മണിക്കായുള്ള കാത്തിരിപ്പിലാണെന്ന വിവരം ഹൃദ്യമായ ഒരു ചിത്രത്തിലൂടെയാണു താരങ്ങള്‍ വെളിപ്പെടുത്തിയത്.
മകള്‍ ദുവ പദുകോണ്‍ സിങ് ഒരു പ്രെഗ്നന്‍സി കിറ്റ് കൈയിലേന്തി നില്ക്കുന്ന ചിത്രമാണ് ദീപികയും രണ്‍വീറും ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ചിത്രത്തിനൊപ്പം പ്രത്യേകിച്ച് വാക്കുകളൊന്നും നല്‍കിയിട്ടില്ലെങ്കിലും, രണ്ട് ഇമോജികളിലൂടെ തങ്ങളുടെ സന്തോഷം എത്രത്തോളമുണ്ടെന്ന് താരങ്ങള്‍ ആരാധകരെ അറിയിച്ചു.
വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ സിനിമാലോകത്തുനിന്നും ആരാധകരില്‍നിന്ന് ആശംസകളുടെ പ്രവാഹമാണ്. ആലിയ ഭട്ട്, കത്രീന കൈഫ് തുടങ്ങി പ്രമുഖ താരങ്ങളെല്ലാം ദമ്പതികള്‍ക്ക് ആശംസകള്‍ അറിയിച്ചു രംഗത്തെത്തി. 2024 സെപ്റ്റംബറിലായിരുന്നു ദീപികയ്ക്കും രണ്‍വീറിനും ആദ്യത്തെ കണ്മണിയായി ദുവ പിറന്നത്.
ഏറെക്കാലം മകളുടെ ചിത്രം രഹസ്യമായിവച്ച താരങ്ങള്‍ 2025-ലെ ദീപാവലി ദിനത്തിലാണ് മകളുടെ ചിത്രം ആദ്യമായി ലോകത്തിനു പരിചയപ്പെടുത്തിയത്. മാതൃത്വം തന്റെ ജീവിതത്തില്‍ വരുത്തിയ വലിയ മാറ്റങ്ങളെക്കുറിച്ച് ദീപിക അടുത്തിടെ മനസുതുറന്നിരുന്നു: 'എനിക്ക് വളരെ ചെറുപ്പം മുതലേ അമ്മയാകാന്‍ ആഗ്രഹമുണ്ടായിരുന്നു. അമ്മ എന്ന വേഷം എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച റോളുകളില്‍ ഒന്നാണ്. ഓരോ നിമിഷവും ഞാന്‍ അത് ആസ്വദിക്കുകയാണ്...'
തന്റെ കംഫര്‍ട്ട് സോണുകളില്‍നിന്നു പുറത്തുവരാനും വ്യക്തിപരമായി വളരാനും മകള്‍ നിമിത്തമായെന്നും താരം കൂട്ടിച്ചേര്‍ത്തു. രണ്ടാമത്തെ കണ്മണിയെ വരവേല്‍ക്കാനുള്ള തയാറെടുപ്പിലാണ് താരകുടുംബം.