രാജ്യസ്‌നേഹികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന വാര്‍ മൂവി 'ബോര്‍ഡര്‍ 2' ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മാതൃരാജ്യത്തോടുള്ള സ്‌നേഹവും ആവേശകരമായ ആക്ഷന്‍ രംഗങ്ങളും കോര്‍ത്തിണക്കിയ ട്രെയിലര്‍, ശത്രുസൈന്യത്തിനു മുന്നില്‍ പതറാതെ നില്‍ക്കുന്ന ഇന്ത്യന്‍ സൈനികരുടെ വീര്യമാണ് വരച്ചുകാട്ടുന്നത്. ആദ്യ ഭാഗത്തില്‍നിന്നു വ്യത്യസ്തമായി, കരസേനയ്‌ക്കൊപ്പം വ്യോമ-നാവികസേനകളുടെ പോരാട്ടവും ഇത്തവണ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഗ്രൗണ്ട് ഓപ്പറേഷന്‍സിന്റെ തലവനായി എത്തുന്ന സണ്ണി ഡിയോള്‍ വീണ്ടും ആരാധകരുടെ നെഞ്ചില്‍ രാജ്യസ്‌നേഹത്തിന്റെ അലകടല്‍ തീര്‍ക്കുന്നു. ശത്രു ടാങ്കുകള്‍ക്ക് മുന്നില്‍ ഒറ്റയ്ക്കുനിന്ന് പൊരുതുന്ന സണ്ണി ഡിയോളിന്റെ പ്രകടനം ട്രെയിലറിലെ പ്രധാന ആകര്‍ഷണമാണ്. ഇന്ത്യന്‍ വ്യോമസേനാ ഓഫീസറായി എത്തുന്ന ദില്‍ജിത്, ആകാശപ്പോരാട്ടങ്ങളില്‍ ശത്രുക്കളെ കൊന്നൊടുക്കുന്നു. തീപാറുന്ന പോരാട്ടവീര്യവുമായി ഗ്രൗണ്ട് മിഷനുകള്‍ക്ക് നേതൃത്വം നല്‍കുന്ന കഥാപാത്രമായാണ് വരുണ്‍ ധവാന്‍ എത്തുന്നത്. നാവികസേനയുടെ കരുത്തുറ്റ ദൗത്യങ്ങള്‍ നയിക്കുന്ന കഥാപാത്രത്തെ അഹാന്‍ അവതരിപ്പിക്കുന്നു.
യുദ്ധക്കളത്തിലെ ആക്ഷനുകള്‍ക്കൊപ്പം സൈനികരുടെ കുടുംബജീവിതവും സിനിമയുടെ പ്രധാന ഭാഗമാണ്. മോന സിങ്, മേധ റാണ, സോനം ബജ്വ, അന്യ സിങ് എന്നിവര്‍ സൈനികരുടെ ഭാര്യമാരായി വേഷമിടുന്നു.
സൈനികരുടെ ത്യാഗവും അവരുടെ പ്രിയപ്പെട്ടവരുടെ കാത്തിരിപ്പും സിനിമയ്ക്ക് വൈകാരികമായൊരു തലം കൂടി നല്‍കുന്നു. ജെ.പി.ദത്തയുടെ ജെപി ഫിലിംസുമായി സഹകരിച്ച് ഗുല്‍ഷന്‍ കുമാറും ടി-സീരീസും ചേര്‍ന്നാണ് ബ്രഹ്‌മാണ്ഡ ചിത്രം നിര്‍മിക്കുന്നത്. ജനുവരി 23ന് ബോര്‍ഡര്‍ 2 തിയറ്ററുകളില്‍ എത്തും.