സണ്ണി ഡിയോൾ ഉജ്വലപ്രകടനം കാഴ്ചവച്ച 'ബോർഡർ 2' ബോക്സ് ഓഫീസിൽ റെക്കോഡ് കുതിപ്പ് തുടരുന്നു. റിലീസ് ചെയ്ത് എട്ടു ദിവസം പിന്നിടുമ്പോൾ ചിത്രം ആഗോളതലത്തിൽ 300 കോടി രൂപ എന്ന നാഴികക്കല്ല് പിന്നിട്ടു. റിപ്പബ്ലിക് ദിന വാരാന്ത്യത്തിനു ശേഷം കളക്ഷനിൽ നേരിയ കുറവുണ്ടായെങ്കിലും തിയറ്ററുകളിൽ വൻ ജനത്തിരക്കാണ് ഇപ്പോഴും അനുഭവപ്പെടുന്നത്.
ബോക്സ് ഓഫീസ് ട്രാക്കറായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം എട്ടാം ദിവസം വരെ ആഗോള കളക്ഷനായി 323 കോടി രൂപ നേടി. ഇന്ത്യൻ ബോക്സ് ഓഫീസിൽ 235.25 കോടി രൂപ. എട്ടാം ദിവസത്തെ കളക്ഷൻ (വെള്ളിയാഴ്ച) 11 കോടി രൂപയാണ്. വെള്ളിയാഴ്ച ശരാശരി 15.05% ഓക്യുപൻസി രേഖപ്പെടുത്തി. രാത്രി ഷോകളിൽ ഇത് 23.65% വരെ ഉയർന്നു. മുംബൈയിൽ 851 ഷോകളിലായി 21% ഓക്യുപൻസിയും ഡൽഹി-എൻസിആർ മേഖലയിൽ 1,270 ഷോകളിലായി 14.67% ഓക്യുപൻസിയും ചിത്രത്തിനുണ്ട്
റാണി മുഖർജി നായികയായി ജനുവരി 30-ന് പുറത്തിറങ്ങിയ 'മർദാനി 3' ആദ്യദിനം 3.8 കോടി രൂപയാണ് നേടിയത്. പുതിയ റിലീസുകൾ എത്തിയെങ്കിലും ബോർഡർ 2-ന്റെ കുതിപ്പിനെ അതു കാര്യമായി ബാധിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. 1997-ൽ പുറത്തിറങ്ങിയ ജെ.പി. ദത്തയുടെ ക്ലാസിക് ചിത്രം "ബോർഡറി'ന്റെ രണ്ടാം ഭാഗമായാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. അനുരാഗ് സിങ് സംവിധാനം ചെയ്ത ഈ യുദ്ധചിത്രത്തിൽ സണ്ണി ഡിയോളിനൊപ്പം വരുൺ ധവാൻ, ദിൽജിത് ദോസഞ്ച്, അഹാൻ ഷെട്ടി, മോന മോന സിങ്, സോനം ബാജ്വ തുടങ്ങിയ വൻ താരനിര അണിനിരക്കുന്നുണ്ട്. നിധി ദത്തയും ഭൂഷൺ കുമാറും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
ഗദർ- 2ന് ശേഷം സണ്ണി ഡിയോളിന്റെ കരിയറിലെ മറ്റൊരു വമ്പൻ ഹിറ്റായി "ബോർഡർ 2' മാറിക്കഴിഞ്ഞു. വരും ദിവസങ്ങളിൽ ചിത്രം കൂടുതൽ റെക്കോർഡുകൾ തകർക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.