'ബൂങ്' പോസ്റ്റർ കടപ്പാട്-ഐഎംഡിബി
Bollywood

മണിപ്പൂരി ചിത്രം 'ബൂങ്' ബാഫ്ട പുരസ്‌കാര പട്ടികയില്‍

പപ്പപ്പ റിപ്പോര്‍ട്ടര്‍

ഇന്ത്യന്‍ സിനിമയ്ക്ക് വീണ്ടും അഭിമാന നിമിഷം. ലക്ഷ്മിപ്രിയ ദേവി സംവിധാനം ചെയ്ത മണിപ്പൂരി ഭാഷാ ചിത്രം 'ബൂങ്' ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ആര്‍ട്സ് (BAFTA) നല്‍കുന്ന ബാഫ്ട അവാര്‍ഡ്സ് 2026-ന്റെ നോമിനേഷന്‍ പട്ടികയില്‍ ഇടംപിടിച്ചു. ഫര്‍ഹാന്‍ അക്തര്‍, റിതേഷ് സിദ്ധ്വാനി എന്നിവരുടെ എക്‌സല്‍ എന്റര്‍ടൈന്‍മെന്റ് ആണ് ചിത്രത്തിന്റെ നിര്‍മാണം.

മികച്ച കുട്ടികളുടെയും കുടുംബചിത്രങ്ങളുടെയും വിഭാഗത്തിലാണ് 'ബൂങ്' മത്സരിക്കുന്നത്. അര്‍ക്കോ (Arco), ലിലോ ആന്‍ഡ് സ്റ്റിച്ച് (Lilo & Stitch), സൂട്രോപോളിസ് 2 (Zootropolis 2) എന്നീ ആഗോള ചിത്രങ്ങളോടാണ് ബൂങ് ഏറ്റുമുട്ടുന്നത്. മണിപ്പൂരിലെ ഒരു കൊച്ചു ബാലന്റെ നിഷ്‌കളങ്കമായ ആഗ്രഹങ്ങളുടെ കഥയാണു ചിത്രം പറയുന്നത്. തന്റെ അമ്മയ്ക്കു നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ സമ്മാനം കാണാതായ അച്ഛനെ തിരികെ കൊണ്ടുവരിക എന്നതാണെന്ന് അവന്‍ വിശ്വസിക്കുന്നു. അച്ഛനെ തേടിയുള്ള അവന്റെ യാത്ര അപ്രതീക്ഷിതമായ പുതിയൊരു തുടക്കത്തിലേക്കാണ് അവനെ എത്തിക്കുന്നത്. ഗുഗുന്‍ കിപ്ജെന്‍, ബാല ഹിജാം എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്തിരിക്കുന്നത്.

'ബൂങ്' ട്രയിലറിൽ നിന്ന്

'ലക്ക് ബൈ ചാന്‍സ്', 'തലാഷ്' തുടങ്ങിയ ചിത്രങ്ങളില്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുള്ള ലക്ഷ്മിപ്രിയ ദേവിയുടെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭമാണ് ബൂങ്. ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രീമിയര്‍ നടത്തിയ ചിത്രം മെല്‍ബണ്‍ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലിലും ശ്രദ്ധ നേടിയിരുന്നു. ഫെബ്രുവരി 22ന് ലണ്ടനിലെ റോയല്‍ ഫെസ്റ്റിവല്‍ ഹാളില്‍ വച്ചാണ് അവാര്‍ഡ് ചടങ്ങുകള്‍ നടക്കുക. പ്രശസ്ത താരം അലന്‍ കമ്മിങ് ആണ് പുരസ്‌കാര നിശയുടെ അവതാരകന്‍.