പശ്ചിമേഷ്യൻ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പരിഹസിച്ച് ബോളിവുഡ് താരം ബോമൻ ഇറാനി പങ്കുവച്ച വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ഇന്ത്യയിലെ എൽപിജി ക്ഷാമത്തെയും ട്രംപിന്റെ ചർച്ചാ വാഗ്ദാനങ്ങളെയും കോർത്തിണക്കി ബോമൻ ഇറാനി നടത്തിയ പരിഹാസമാണ് ഇപ്പോൾ ചർച്ചാവിഷയം.
എന്നാൽ, ഇറാനിയുടെ വീഡിയോയ്ക്കെതിരേ രൂക്ഷ വിമർശനവുമായി രംഗത്തെത്തിരിക്കുകയാണ് ഇറാനിയൻ നടിയും ബിഗ് ബോസ് താരവുമായ മന്ദാന കരിമി. യുദ്ധത്തിൽ ആളുകൾ മരിക്കുമ്പോൾ കോമഡി പറയുന്നത് അപഹാസ്യമാണെന്ന് മന്ദാന പറഞ്ഞു. ഇതോടെ സംഭവം വിവാദമായിരിക്കുകയാണ്.
'3 ഇഡിയറ്റ്സ്' താരം ബോമൻ ഇറാനി രസകരമായ വീഡിയോ ആണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. 'മിസ്റ്റർ ഡോണൾഡ് ട്രംപിന് ഇറാനികളോട് സംസാരിക്കണമെന്ന് വാർത്തകൾ വരുന്നുണ്ട്. ഇതിനായി സ്മൃതി ഇറാനി, അരുണ ഇറാനി, പിന്നെ ഞാൻ ബോമൻ ഇറാനി എന്നിങ്ങനെ മൂന്നു പേരെയാണ് വിളിച്ചിരിക്കുന്നത്. സമാധാനത്തിനു വേണ്ടി എന്തു ചെയ്യാനും ഞാൻ തയാറാണ്.'- പരിഹാസച്ചുവയോടെ ഇറാനി പറയുന്നു. കൂടാതെ, ട്രംപും സംഘവും ദാദറിലെ പാഴ്സി കോളനിയിലേക്ക് വരികയാണെങ്കിൽ ധൻസാക്കും കസ്റ്റാർഡും നൽകി സ്വീകരിക്കാമെന്നും, കൂടെ ഗ്യാസ് സിലിണ്ടർ കൂടി കൊണ്ടുവന്നാൽ എല്ലാവർക്കും ഉപകാരപ്പെടുമെന്നും ഇറാനി പരിഹസിച്ചു.
എന്നാൽ, വീഡിയോയ്ക്കു താഴെ മന്ദാന കരിമി കുറിച്ച മറുപടി ബോമൻ ഇറാനിയെയും സിനിമാലോകത്തെയും അമ്പരപ്പിക്കുന്നതായിരുന്നു. ഇറാനിൽ ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയും കുടുംബങ്ങൾ തകരുകയും ചെയ്തപ്പോൾ ഇല്ലാത്ത ശബ്ദം ഇപ്പോൾ ഗ്യാസ് സിലിണ്ടറിനു വേണ്ടി ഉയർന്നതിനെ മന്ദാന ചോദ്യം ചെയ്തു. വർഷങ്ങളായി ഇറാനികൾ അനുഭവിക്കുന്ന പീഡനങ്ങളിൽ മൗനം പാലിച്ചവർ ഇപ്പോൾ രാഷ്ട്രീയം പറയുന്നതു കൗതുകകരമാണെന്നും സൈലൻസിൽനിന്ന് സറ്റയറിലേക്കുള്ള മാറ്റം വളരെ വേഗത്തിലായെന്നും മന്ദാന പരിഹാസ രൂപേണ മറുപടി പറഞ്ഞു.
അതേസമയം, ജാവേദ് ജാഫ്രി, സൗരഭ് പന്ത് തുടങ്ങിയ പ്രമുഖർ ബോമൻ ഇറാനിയുടെ വീഡിയോയെ പിന്തുണച്ച് രംഗത്തെത്തി. ഫർഹാൻ അക്തർ, തബു, സലിം മർച്ചന്റ് തുടങ്ങിയ താരങ്ങൾ വീഡിയോയെ നർമരസപ്രദമായാണ് സ്വീകരിച്ചത്. എന്നാൽ, മന്ദനയുടെ വിമർശനങ്ങളോട് ബോമൻ ഇറാനി ഇതുവരെ പ്രതികരണമൊന്നും നടത്തിയിട്ടില്ല.