ഇതിഹാസചിത്രം 'ഷോലെ'യിലെ ജയിലര്‍ വേഷത്തിലൂടെ പ്രശസ്തനായ മുതിര്‍ന്ന നടന്‍ ഗോവര്‍ധന്‍ അസ്രാനി (84) വിടവാങ്ങി. ദീര്‍ഘകാലമായി അസുഖത്തെത്തുടര്‍ന്ന് അദ്ദേഹം ചികിത്സയിലായിരുന്നു. പുനെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ(എഫ്ടിഐഐ)യില്‍നിന്നു പഠിച്ചിറങ്ങിയ അസ്രാനി 350-ലധികം സിനിമകളില്‍ അഭിനയിച്ചു. പ്രിയദർശൻ സംവിധാനം ചെയ്ത ബോളിവുഡ് ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു.
മുംബൈയിലെ തന്റെ ആദ്യകാല ജീവിതം അനുസ്മരിച്ചുകൊണ്ട് അദ്ദേഹം ഒരിക്കല്‍ പറഞ്ഞു: 'രണ്ട് വര്‍ഷമായി ഞാന്‍ അവസരത്തിനായി കഷ്ടപ്പെടുകയായിരുന്നു. പിന്നീട് ഇന്ദിരാ ഗാന്ധി ഞങ്ങളെ സഹായിച്ചു, എഫ്ടിഐഐ ബിരുദധാരികള്‍ക്ക് അവസരങ്ങള്‍ നല്‍കണമെന്ന് നിര്‍മാതാക്കളോട് ഇന്ത്യയുടെ പ്രിയങ്കരിയായ ഇന്ദിരാ ഗാന്ധി അഭ്യര്‍ഥിച്ചു...'
അഞ്ചു പതിറ്റാണ്ടിലേറെ നീണ്ട കരിയറില്‍, 350-ലേറെ സിനിമകളില്‍ അസ്രാനി അഭിനയിച്ചു. പുനെയിലെ എഫ്ടിഐഐയില്‍ പരിശീലനം നേടിയ അദ്ദേഹം 1960-കളുടെ മധ്യത്തിലാണ് ഹിന്ദി ചലച്ചിത്രമേഖലയില്‍ തുടക്കംകുറിക്കുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ടിലെ ആദ്യകാല ബാച്ചിലെ വിദ്യാര്‍ഥിയായിരുന്നു അസ്രാനി. യൗവ്വനാരംഭത്തില്‍ മുംബൈയിലെത്തുകയും സിനിമകളില്‍ അവസരത്തിനായി പലരെയും സമീപിക്കുകയും ചെയ്തിട്ടുണ്ട് അസ്രാനി.
സംഗീത സംവിധായകന്‍ നൗഷാദുമായി അടുപ്പം സ്ഥാപിച്ച അസ്രാനി, അദ്ദേഹം സിനിമയിലെത്താന്‍ തന്നെ സഹായിക്കുമെന്നു പ്രതീക്ഷിച്ചു. എന്നാല്‍, നൗഷാദില്‍നിന്നു അസ്രാനിക്ക് സഹായമൊന്നും ലഭിച്ചില്ല. തുടര്‍ന്ന്, അദ്ദേഹം തന്റെ ജന്മനാടായ ജയ്പുരിലേക്ക് മടങ്ങി. അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ കുടുംബത്തിന്റെ കാര്‍പെറ്റ് ഷോപ്പില്‍ ജോലി ചെയ്യാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, അദ്ദേഹം പുനെയില്‍ എത്തുകയും ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേരുകയും പഠനം വിജയകരമായി പൂര്‍ത്തിയാക്കുകയുമായിരുന്നു.
പഠനശേഷം, ബോളിവുഡിലെ പല പ്രമുഖരെയും സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. അഭിനയത്തിന് സര്‍ട്ടിഫിക്കെറ്റിന്റെ ആവശ്യമില്ലെന്ന് അദ്ദേഹത്തെ പലരും പുച്ഛിച്ചു. സംവിധായകരില്‍നിന്നും നിര്‍മാതാക്കളില്‍നിന്നും കയ്‌പേറിയ അനുഭവങ്ങളാണ് തനിക്കുണ്ടായതെന്ന് അസ്രാനി പല അഭിമുഖങ്ങളിലും തുറന്നുപറഞ്ഞിട്ടുണ്ട്. ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ കഷ്ടപ്പെട്ട അസ്രാനി പിന്നീട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു.
'ഒരിക്കല്‍ ഇന്ദിരാ ഗാന്ധി പുനെയില്‍ വന്നു. ഞങ്ങള്‍ അവരോടു തങ്ങളുടെ വിഷമതകള്‍ അവതരിപ്പിച്ചു. പിന്നീട് അവര്‍ മുംബൈയില്‍ വച്ച് നിര്‍മാതാക്കളോട് പുനെയില്‍ പഠിച്ചിറങ്ങിയവര്‍ക്ക് അവസരം കൊടുക്കണമെന്ന് അഭ്യര്‍ഥിച്ചു. അതിനുശേഷം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നു പഠിച്ചിറങ്ങിയവരെത്തേടി അവസരങ്ങള്‍ വരാന്‍ തുടങ്ങി. തുടര്‍ന്ന്, ജയ ഭാദുരിക്കും (ജയ ബച്ചന്‍) എനിക്കും 'ഗുഡ്ഡി'യില്‍ അവസരം ലഭിച്ചു. ഗുഡ്ഡി ഹിറ്റായപ്പോള്‍ ആളുകള്‍ എഫ്ടിഐഐയെ ഗൗരവമായി എടുക്കാന്‍ തുടങ്ങി...' അസ്രാനി പറഞ്ഞു.
നടനായി മാത്രമല്ല, സംവിധാനരംഗത്തും അസ്രാനി തിളങ്ങി. മികച്ച ഗായകന്‍ കൂടിയായിരുന്നു അസ്രാനി. 1977ല്‍ പുറത്തിറങ്ങിയ ആലാപ് എന്ന ചിത്രത്തിനുവേണ്ടി രണ്ടു ഗാനങ്ങള്‍ അദ്ദേഹം പാടി. ഗാനരംഗത്ത് അഭിനയിച്ചതും അദ്ദേഹം തന്നെയായിരുന്നു. ഉധാന്‍ (1997), ദില്‍ ഹി തൊ ഹൈ (1992), ഹം നഹി സുധറേംഗെ (1980), സലാം മേംസാബ് (1979), ചലാ മുരാരി ഹീറോ ബന്‍നേ (1977), അംദാവദ് നൊ റിക്ഷവാലോ (1974) എന്നിവയാണ് അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങള്‍.
അസ്രാനി അഭിനയിച്ച പ്രധാന ചിത്രങ്ങള്‍- പരിചയ് (1972), ഷോലെ (1975), റഫൂ ചക്കര്‍ (1975), ജോ ജീതാ വോഹി സിക്കന്ദര്‍ (1992), ഘര്‍വാലി ബാഹര്‍വാലി (1998), ഹീറോ ഹിന്ദുസ്ഥാനി (1998), മെഹന്ദി (1998), മദര്‍ (1999), ഇന്റര്‍നാഷണല്‍ ഖിലാഡി (1999), മേള (2000), ആഘാസ് (2000), ലജ്ജ (2001), മുംബൈ മാറ്റിനി (2003), ഹല്‍ചല്‍ (2005), ഗരം മസാല (2005), മാലാമാല്‍ വീക്ക്ലി (2006), ബില്ലു ബാര്‍ബര്‍ (2009- മമ്മൂട്ടി-ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ എം. മോഹനന്റെ സംവിധാനത്തിലൊരുങ്ങിയ കഥ പറയുമ്പോള്‍ എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്ക്).