ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ മകൻ അർജുൻ ടെൻഡുൽക്കറും സാനിയ ഛന്ദോകും മുംബൈയിൽ വിവാഹിതരായി. സിനിമാ-കായിക രംഗത്തെ പ്രമുഖർ അണിനിരന്ന ചടങ്ങിൽ ബോളിവുഡ് താരം ഐശ്വര്യറായിയും ഭർത്താവ് അഭിഷേക് ബച്ചനും എത്തിയത് വലിയ ശ്രദ്ധയാകർഷിച്ചു. പൊതുവേദികളിൽ ഒരുമിച്ചു പ്രത്യക്ഷപ്പെടാത്തതിനെത്തുടർന്ന് പലതരം അഭ്യൂഹങ്ങൾ പ്രചരിക്കുന്നതുകൊണ്ടാണ് ഇരുവരും വിശിഷ്ടാതിഥികളുടെയും ആരാധകരുടെയും ശ്രദ്ധയാകർഷിച്ചത്.
നീല അനാർക്കലി സ്യൂട്ടിൽ അതീവ സുന്ദരിയായാണ് ഐശ്വര്യ എത്തിയത്. കറുത്ത കുർത്തയും വെള്ള പൈജാമയുമായിരുന്നു അഭിഷേകിന്റെ വേഷം. ഇരുവരും ക്യാമറകൾക്ക് മുന്നിൽ പോസ് ചെയ്ത ശേഷമാണ് വിവാഹ വേദിയിലേക്കു പ്രവേശിച്ചത്.
ബച്ചൻ കുടുംബത്തിൽനിന്ന് അമിതാഭ് ബച്ചനും ജയാ ബച്ചനും പരമ്പരാഗത വേഷങ്ങളിൽ ചടങ്ങിനെത്തി ദമ്പതികളെ അനുഗ്രഹിച്ചു. ദീർഘകാലമായി അടുത്ത സൗഹൃദം പുലർത്തുന്ന കുടുംബങ്ങളാണ് സച്ചിന്റേതും സാനിയയുടേതും. സാനിയയുടെ മുത്തച്ഛൻ രവി ഘായിയുമായി സച്ചിനുള്ള അടുത്ത ബന്ധമാണ് ഇരു കുടുംബങ്ങളെയും ഒന്നിപ്പിച്ചത്. ഐപിഎൽ മുംബൈ ഇന്ത്യൻസ് താരമാണ് അർജുൻ ടെൻഡുൽക്കർ. പെറ്റ് സ്പാ ബിസിനസ് രംഗത്തെ സംരംഭകയാണ് സാനിയ.
അർജുന്റെ സഹോദരി സാറ വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. സാറയുടെ അടുത്ത സുഹൃത്തായ സാനിയ പലപ്പോഴും സാറയോടൊപ്പം യാത്രകളിലും മറ്റ് ചടങ്ങുകളിലും പങ്കെടുക്കാറുണ്ടായിരുന്നു. ഈ സൗഹൃദം പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കും വഴിമാറുകയായിരുന്നു. 2025 ഓഗസ്റ്റിലായിരുന്നു ഇവരുടെ നിശ്ചയം നടന്നത്. എന്നാൽ ഏറെക്കാലം രഹസ്യമാക്കിവച്ച വിവരം പിന്നീട് സച്ചിൻ തന്നെയാണ് ആരാധകരെ അറിയിച്ചത്.