അനിൽ കപുറും ഭാര്യ സുനിതയും താജ്മഹലിന് മുന്നിൽ ഫോട്ടോകടപ്പാട്-ഫേസ്ബുക്ക് പേജ്
Bollywood

ഒറ്റയ്ക്ക് ഹണിമൂൺ ആഘോഷിച്ച ഭാര്യ; അനിൽ കപുറിന്റെ സ്വന്തം ക്വീൻ

പപ്പപ്പ ഡസ്‌ക്‌

ബോളിവുഡ് താരം അനില്‍ കപുറും ഭാര്യ സുനിതയും ചലച്ചിത്രലോകത്തെ മാതൃകാ ദമ്പതിമാരായാണ് അറിയപ്പെടുന്നത്. എന്നാല്‍, തങ്ങളുടെ വിവാഹശേഷം ഭാര്യ സുനിത ഒറ്റയ്ക്കാണ് ഹണിമൂണിനു പോയതെന്ന കൗതുകകരമായ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് അനില്‍ കപുര്‍. 'ഇന്ത്യ കെ ടോപ് 1%' എന്ന റിയാലിറ്റി ഷോയുടെ പുതിയ എപ്പിസോഡിലാണ് താരം ഈ രസകരമായ ഓര്‍മ പങ്കുവെച്ചത്.

മത്സരാര്‍ഥികളിലൊരാളുമായി തനിച്ചുളള യാത്രകളെക്കുറിച്ച് സംസാരിക്കവെയാണ് അനില്‍ കപുര്‍ ഈ കാര്യം വെളിപ്പെടുത്തിയത്- 'സുനിത തനിച്ചാണ് ഹണിമൂണ്‍ ആഘോഷിക്കാന്‍ പോയത്, ഞാന്‍ കൂടെയുണ്ടായിരുന്നില്ല' എന്ന് ചിരിച്ചുകൊണ്ട് താരം പറഞ്ഞു. ഇതിനൊപ്പം, കങ്കണ റണൗട്ടിന്റെ 'ക്വീന്‍' എന്ന സിനിമയെക്കുറിച്ചുള്ള പരാമര്‍ശം വന്നപ്പോള്‍ 'സുനിതയാണ് എന്റെ ക്വീന്‍, അത് എന്നും അങ്ങനെ തന്നെയായിരിക്കും' എന്നും അനില്‍ കൂട്ടിച്ചേര്‍ത്തു.

അനിൽ കപുറും ഭാര്യ സുനിതയും

വിവാഹത്തിനു മുമ്പ് സുനിത മുന്നോട്ടുവെച്ച ഒരു പ്രത്യേക നിബന്ധനയെക്കുറിച്ചും അനില്‍ കപുര്‍ പരിപാടിയില്‍ വെളിപ്പെടുത്തി. വിവാഹശേഷം ഒരിക്കലും അടുക്കളയില്‍ കയറി പാചകം ചെയ്യില്ലെന്നതായിരുന്നു സുനിതയുടെ ഉപാധി. അന്നുമുതല്‍ ആ ഉത്തരവാദിത്തം താന്‍ ഏറ്റെടുത്തു. ഇതുവരെ സുനിതയ്ക്ക് അടുക്കളയില്‍ കയറേണ്ടി വന്നിട്ടില്ലെന്നും താരം പറഞ്ഞു.

അനിൽ കപുറും ഭാര്യ സുനിതയും

1984-ലാണ് അനില്‍ കപുറും സുനിതയും വിവാഹിതരായത്. വളരെ ലളിതമായ ചടങ്ങുകളോടെ, കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ കേവലം 30 മിനിറ്റ് കൊണ്ടാണ് ഇവരുടെ വിവാഹം നടന്നത്. സോനം കപുര്‍, റിയ കപുര്‍, ഹര്‍ഷവര്‍ധന്‍ കപുര്‍ എന്നിവരാണ് ഇവരുടെ മക്കള്‍. ഷാരൂഖ് ഖാനൊപ്പം അഭിനയിക്കുന്ന 'കിങ്' ആണ് അനില്‍ കപുറിന്റേതായി റിലീസ് ചെയ്യാനിരിക്കുന്ന പുതിയ ചിത്രം.