അമിതാഭ് ബച്ചന്‍ ഫോട്ടോ-അറേഞ്ച്ഡ്
Bollywood

'ജീവിതമെന്ന വാഹനം ഓടിക്കുമ്പോള്‍ ബ്രേക്കുകളുണ്ടാകാം'; വാര്‍ധക്യത്തെക്കുറിച്ച് അമിതാഭ് ബച്ചന്‍

പപ്പപ്പ ഡസ്‌ക്‌

വാര്‍ധക്യകാല വിഷമതകളും പ്രയാസങ്ങളും തുറന്നുപറഞ്ഞ് ഇതിഹാസതാരം അമിതാഭ് ബച്ചന്‍. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലാണ് വാര്‍ധക്യത്തില്‍ നേരിടുന്ന ആരോഗ്യവിഷമതകളെക്കുറിച്ച് അദ്ദേഹം മനസ്സുതുറന്നത്. വാര്‍ധക്യത്തിലെ വെല്ലുവിളികളെക്കുറിച്ച് ഏറ്റവും പുതിയ ബ്ലോ​ഗിലെഴുതിയ ബച്ചൻ ഇപ്പോള്‍ ലളിതമായ ജോലികള്‍ക്കുപോലും കഠിനമായ പരിശ്രമം ആവശ്യമാണെന്നും പറയുന്നു.

തന്റെ ദിനചര്യകളെക്കുറിച്ചാണ് ബി​ഗ് ബി എഴുതിയത്. ദൈനംദിന ജീവിതത്തിന്റെ ഭൂരിഭാഗവും ഇപ്പോള്‍ ജോലിയെപ്പോലെതന്നെ മരുന്നുകളും ആരോഗ്യദിനചര്യകളും നിറഞ്ഞതാണ്. വിശ്രമിക്കണമെന്നും വ്യായാമം ചെയ്യണമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. നേരത്തെ ചെയ്തിരുന്ന സാധാരണകാര്യങ്ങള്‍ക്കുപോലും ഇപ്പോള്‍ കൂടുതല്‍ പരിശ്രമം ആവശ്യമാണ്. ചിലപ്പോള്‍ ബാലന്‍സ് നഷ്ടപ്പെട്ട് വീഴാന്‍ സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായും ബച്ചൻ കുറിച്ചു.

യോഗ, ചലനപരിശീലനം, ശ്വസനവ്യായാമങ്ങള്‍ എന്നിവയുടെ പ്രാധാന്യം എടുത്തുപറഞ്ഞ അദ്ദേഹം വീടിനുള്ളില്‍ പിടിച്ചുനടക്കാനായി ഹാന്‍ഡില്‍ബാറുകള്‍ ഉപയോഗിക്കുന്നതുവരെ വിശദീകരിച്ചു. ഒരു കടലാസ് കഷ്ണംപോലും കുനിഞ്ഞെടുക്കാന്‍ പ്രയാസമുണ്ട്. പ്രായവുമായി ബന്ധപ്പെട്ട ഇത്തരം വിഷയങ്ങള്‍ വായിക്കുന്നത് ഇപ്പോള്‍ വായനക്കാര്‍ക്ക് രസകരമായി തോന്നിയേക്കാം. ഒടുവില്‍ വാര്‍ധക്യം എല്ലാവരെയും പിടികൂടുമെന്നും ബച്ചന്‍ പറഞ്ഞു.

നമുക്കെല്ലാവര്‍ക്കും വാര്‍ധക്യമുണ്ടാകും. അങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കിലെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ കാലക്രമേണ അത് സംഭവിക്കും. അത് ജീവിതയാഥാര്‍ഥ്യമാണ്. യുവത്വം ജീവിതത്തിലെ വെല്ലുവിളികളിലൂടെ ധൈര്യത്തോടെ ഓടുന്നു. പ്രായം, നിങ്ങളെ ബ്രേക്ക് ചെയ്യുന്നു. ജീവിതമെന്ന വാഹനം ഓടിക്കുമ്പോള്‍ ബ്രേക്കുകള്‍ ഉണ്ടാകാം-ബച്ചന്റെ വാക്കുകൾ.

ബച്ചൻ അവതാരകനാകുന്ന 'കോന്‍ ബനേഗ ക്രോര്‍പതി'യുടെ പുതിയ സീസണ്‍ സ്ട്രീമിങ് പുരോഗമിക്കുകയാണ്. സ്വാതന്ത്ര്യദിന പ്രത്യേക എപ്പിസോഡില്‍ 'ഓപ്പറേഷന്‍ സിന്ദൂര്‍' സൈനിക നടപടിയെക്കുറിച്ച് വിശദീകരിച്ച, സേനയിലെ വനിതാ ഉദ്യോഗസ്ഥരോടൊപ്പമുള്ള എപ്പിസോഡ് ജനകോടികള്‍ ഏറ്റെടുത്തിരുന്നു. ബച്ചന്‍ അവസാനമായി അഭിനയിച്ചത് 2024ല്‍ നാഗ് അശ്വിന്റെ കല്‍ക്കി 2898 എഡിയിലാണ്. രജനീകാന്തിന്റെ വേട്ടൈയനിലും അദ്ദേഹം അതിഥിവേഷത്തിലെത്തി. അടുത്തതായി റിബു ദാസ് ഗുപ്തയുടെ സെക്ഷന്‍ 84ല്‍ അദ്ദേഹം അഭിനയിക്കും. ഡയാന പെന്റി, നിമ്രത് കൗര്‍, അഭിഷേക് ബാനര്‍ജി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.