അമിതാഭ് ബച്ചൻ ഫോട്ടോകടപ്പാട്-ഫേസ്ബുക്ക്
Bollywood

'അഭിനയിക്കാനറിയില്ല,പൊക്കക്കൂടുതൽ,പണി നിർത്തി പൊയ്ക്കൂടേ...': ആ നാളുകൾ ഓർത്ത് ബച്ചൻ

പപ്പപ്പ ഡസ്‌ക്‌

അഭിനയജീവിതത്തിന്റെ തുടക്കകാലത്ത് നേരിടേണ്ടി വന്ന കടുത്ത അപമാനങ്ങളെയും നിരസിക്കലുകളെയും കുറിച്ച് മനസുതുറന്ന് ഇന്ത്യന്‍ സിനിമയിലെ ബിഗ് ബി അമിതാഭ് ബച്ചന്‍. ജനപ്രിയ ടെലിവിഷന്‍ ക്വിസ് ഷോയായ 'കോന്‍ ബനേഗാ ക്രോര്‍പതി 18'ന്റെ പ്രത്യേക എപ്പിസോഡിലാണ് കരിയറിന്റെ ആദ്യഘട്ടത്തില്‍ അനുഭവിക്കേണ്ടി വന്ന കടുത്ത വിമര്‍ശനങ്ങളെക്കുറിച്ച് താരം വെളിപ്പെടുത്തിയത്.

കായികതാരങ്ങള്‍ക്ക് കോച്ചുകളില്‍നിന്ന് ശാസന ലഭിക്കുന്നത് പോലെ ചിത്രീകരണത്തിനിടെ സിനിമാ സെറ്റുകളില്‍ അഭിനേതാക്കള്‍ക്കും സംവിധായകരില്‍നിന്ന് വഴക്ക് കേള്‍ക്കേണ്ടി വരാറുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. തുടക്കകാലത്ത് തനിക്ക് ഒരുപാട് ചീത്തവിളികള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്ന് ബച്ചന്‍ ഓര്‍ത്തെടുത്തു. അഭിനയിക്കാന്‍ ഒട്ടും അറിയില്ലെന്നും തനിക്കു പൊക്കം കൂടുതലാണെന്നും ഈ പണി നിര്‍ത്തി വീട്ടില്‍ പോയ്ക്കൂടേ എന്നൊക്കെ പറഞ്ഞ് പലരും തന്നെ സെറ്റുകളില്‍ നിന്ന് ഒഴിവാക്കിയിരുന്നതായി അദ്ദേഹം വെളിപ്പെടുത്തി.

അമിതാഭ് ബച്ചൻ 'കോന്‍ ബനേഗാ ക്രോര്‍പതി'യിൽ

പിന്നീട് അവസരങ്ങള്‍ ലഭിച്ചു തുടങ്ങിയ സമയത്തും സംഭാഷണങ്ങള്‍ വൈകാരികമായി അവതരിപ്പിക്കുന്നതിലടക്കം നിരവധി കുറ്റപ്പെടുത്തലുകള്‍ കേട്ടിരുന്നു. ഇത്തരം വിമര്‍ശനങ്ങള്‍ തിരുത്തിയാണ് താന്‍ അഭിനയം മെച്ചപ്പെടുത്തിയത്. സ്വന്തമായി വാഹനമില്ലാതിരുന്ന കാലത്ത് മറ്റൊരാളുടെ കാറില്‍ സെറ്റിലേക്ക് എത്തിയപ്പോള്‍ അല്പം വൈകിയതിന്റെ പേരില്‍ അന്നത്തെ സംവിധായകന്‍ ദേഷ്യപ്പെടുകയും ചിത്രീകരണം നിര്‍ത്തിവെച്ച് തന്നോട് ഉടനടി അവിടെനിന്ന് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയും ചെയ്ത അനുഭവവും ഇതിഹാസതാരം പങ്കുവെച്ചു.

ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ താരമായി വളരുന്നതിന് മുമ്പ്, 1969-ല്‍ ഓള്‍ ഇന്ത്യ റേഡിയോയില്‍ ന്യൂസ് റീഡര്‍ തസ്തികയിലേക്ക് അപേക്ഷിക്കുകയും അവിടെനിന്ന് തള്ളപ്പെടുകയും ചെയ്ത ചരിത്രവും അമിതാഭ് ബച്ചനുണ്ട്. എന്നാല്‍ അവഗണനകളെയെല്ലാം അതിജീവിച്ചാണ് ബച്ചന്‍ രാജ്യത്തെ ഏറ്റവും പ്രശസ്തനായ നടന്മാരിലൊരാളായി മാറിയത്.