'ആൽഫ'യിൽ ആലിയ ഭട്ട് ഫോട്ടോകടപ്പാട്-ഐഎംഡിബി
Bollywood

പെൺപുലികളുമായി വൈആര്‍എഫ് സ്‌പൈ യൂണിവേഴ്‌സ്; 'ആൽഫ'യ്ക്ക് ആദ്യദിനം 16.10 കോടി

പപ്പപ്പ റിപ്പോര്‍ട്ടര്‍

ബി ടൗണ്‍ താരങ്ങളായ ആലിയ ഭട്ടും ഷര്‍വരിയും തകര്‍ത്താടിയ ഹൈ-വോള്‍ട്ടേജ് ആക്ഷന്‍ ത്രില്ലര്‍ 'ആല്‍ഫ' തിയേറ്ററുകളില്‍ എത്തിക്കഴിഞ്ഞു. ആദ്യദിനംതന്നെ ലോകമെമ്പാടുനിന്നുമായി 15 കോടിയിലധികം രൂപ വാരിയെടുത്ത് ബോക്‌സ് ഓഫീസില്‍ ഗംഭീര തുടക്കമാണ് ചിത്രം കുറിച്ചിരിക്കുന്നത്.

ആദ്യദിന കളക്ഷനില്‍ ആലിയയുടെ കഴിഞ്ഞ ചിത്രം 'ജിഗ്ര'യെ ചിത്രം നിഷ്പ്രഭമാക്കി. ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍നിന്ന് മാത്രം 9.25 കോടി രൂപയുടെ നെറ്റ് കളക്ഷന്‍ ചിത്രം നേടിയിട്ടുണ്ട്. ആഗോളതലത്തിലെ മൊത്തം വരുമാനം 16.10 കോടി രൂപയാണ്. വരാനിരിക്കുന്ന വാരാന്ത്യ ദിനങ്ങളില്‍ ചിത്രം 25 കോടി ക്ലബ്ബില്‍ ഇടം നേടുമെന്നാണ് സിനിമാ ലോകത്തെ വിലയിരുത്തലുകള്‍.

'ആൽഫ'യിൽ ഷര്‍വരി

എങ്കിലും വൈആര്‍എഫ് സ്‌പൈ യൂണിവേഴ്‌സിലെ മുന്‍ ചിത്രങ്ങളായ പഠാന്‍, ടൈഗര്‍ എന്നിവയുമായി താരതമ്യം ചെയ്യുമ്പോള്‍ ആദ്യദിനത്തില്‍ 'ആല്‍ഫ'യ്ക്ക് അല്പം അടിപതറിയിട്ടുണ്ട്. ചിത്രത്തിനു ലഭിച്ച സമ്മിശ്ര പ്രതികരണങ്ങളാണ് ഇതിനു കാരണം. പ്ലോട്ടിലെ ചില ക്ലീഷേ രംഗങ്ങളെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും, ആലിയയുടെയും ഷര്‍വരിയുടെയും മാസ് പ്രകടനവും ഹൃത്വിക് റോഷന്റെ കിടിലന്‍ അതിഥി വേഷവും തിയേറ്ററുകളില്‍ വലിയ കൈയടിയാണ് നേടുന്നത്.

'ആൽഫ' പോസ്റ്റർ

ശിവ് റാവെയ്ല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ബോബി ഡിയോള്‍, അനില്‍ കപുര്‍ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. വരും ദിവസങ്ങളില്‍ പെണ്‍പുലികളുടെ പടയോട്ടം ബോക്‌സ് ഓഫീസ് പിടിച്ചടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്.