മലയാളികള്‍ക്കും ഏറെ പ്രിയപ്പെട്ട ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും രണ്‍വീര്‍ സിങ്ങും വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ആദിത്യ ധര്‍ സംവിധാനം ചെയ്ത ധുരന്ധര്‍ എന്ന സ്‌പൈ ത്രില്ലര്‍ ഇന്ത്യന്‍ സിനിമയിലെ തന്നെ പുതിയ ചരിത്രമായി മാറുമ്പോള്‍, ചിത്രത്തെ പ്രശംസിച്ച് ആലിയ ഭട്ട് രംഗത്തെത്തിയതാണ് ആരാധകര്‍ക്കിടയിലെ പുതിയ ആഘോഷം.
തന്റെ നിര്‍മാണ കമ്പനിയായ എറ്റേണല്‍ സണ്‍ഷൈന്‍ പങ്കുവച്ച കുറിപ്പ് ഇന്‍സ്റ്റാഗ്രമില്‍ റീഷെയര്‍ ചെയ്തുകൊണ്ടാണ് ആലിയ ചിത്രത്തെ അഭിനന്ദിച്ചത്. 'ഇന്നത്തെ ഇന്ത്യയുടെ ശബ്ദമാണിത്. ചരിത്രസംഭവത്തെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രം ഇപ്പോള്‍ ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒന്നായി മാറിയിരിക്കുന്നു'-എന്നായിരുന്നു കുറിപ്പ്. ഇതിന് ആലിയ നല്‍കിയ ക്യാപ്ഷന്‍ 'മൂവി മാജിക്' എന്നായിരുന്നു. ഗള്ളി ബോയ്, റോക്കി ഔര്‍ റാണി കി പ്രേം കഹാനി എന്നീ ചിത്രങ്ങളിലൂടെ വെള്ളിത്തിരയില്‍ മികച്ച കെമിസ്ട്രിയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരരായ സുഹൃത്തുക്കളാണ് രണ്‍വീറും ആലിയയും.
2025 ഡിസംബര്‍ 5-ന് തിയറ്ററുകളിലെത്തിയ ധുരന്ധര്‍, കളക്ഷന്‍ റെക്കോര്‍ഡുകളില്‍ വിപ്ലവം സൃഷ്ടിക്കുകയാണ്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍നിന്ന് മാത്രം ചിത്രം 835.15 കോടി രൂപ സ്വന്തമാക്കി. ഇതോടെ ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന ഹിന്ദി ചിത്രമെന്ന ഖ്യാതി ധുരന്ധര്‍ സ്വന്തമാക്കി.