ബോളിവുഡിന്റെ സൂപ്പര്‍ ഹീറോ അക്ഷയ് കുമാറും അഭിനയപ്രതിഭ വിദ്യാ ബാലനും വീണ്ടും വെള്ളിത്തിരയില്‍ ഒന്നിക്കുന്ന ബിഗ് ബജറ്റ് കോമഡി ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. പ്രശസ്ത സംവിധായകന്‍ അനീസ് ബസ്മി ഒരുക്കുന്ന ഫാമിലി എന്റര്‍ടെയ്നര്‍ ഡിസംബര്‍ നാലിന് തിയേറ്ററുകളിലെത്തും.
ഇനിയും പേരിട്ടിട്ടില്ലാത്ത സിനിമയുടെ പ്രധാനപ്പെട്ട ഷെഡ്യൂളുകള്‍ അടുത്തിടെ കേരളത്തില്‍ വച്ചാണ് പൂര്‍ത്തിയായത്. ദൈവത്തിന്റെ സ്വന്തം നാട്ടിലെ ലൊക്കേഷനുകളില്‍ നടന്ന ചിത്രീകരണത്തിന്റെ വിശേഷങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. വരും ദിവസങ്ങളില്‍ അക്ഷയ് കുമാറിന്റെ വേറിട്ട ലുക്കിലുള്ള പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടുമെന്നാണ് സൂചന.
'കേരളം ഷെഡ്യൂള്‍ പൂര്‍ത്തിയായി! സുന്ദരമായൊരു സ്ഥലത്ത് മികച്ച ആളുകളോടൊപ്പം ജോലി ചെയ്യുന്നതിനേക്കാള്‍ മനോഹരമായ അനുഭവമില്ല. ക്യാമറയ്ക്ക് പിന്നിലെ ആ അതുല്യമായ മാജിക്കിനായി നമ്മുടെ സംവിധായകന്‍ അനീസ് ബസ്മിക്ക് വലിയ സ്‌നേഹം. എന്റെ, വിസ്മയിപ്പിക്കുന്ന സഹതാരങ്ങളായ വിദ്യ, റാഷി, ഛോട്ടാ രാജ്പാല്‍, കൂടാതെ മുഴുവന്‍ ക്രൂവിനും ഹൃദയം നിറഞ്ഞ നന്ദി! ഈ ചിത്രം എനിക്ക് ഏറെ സ്പെഷ്യലായിരുന്നു.'- വിദ്യാബാലനും റാഷി ഖന്നയ്ക്കുമൊപ്പം കഥകളി വേഷങ്ങളുടെ പശ്ചാത്തലത്തിലുള്ള ഫോട്ടോ പങ്കുവെച്ച് അക്ഷയ്കുമാർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ഏഴു വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് അക്ഷയ് കുമാറും വിദ്യാ ബാലനും വെള്ളിത്തിരയില്‍ വീണ്ടും ജോഡികളാകുന്നത്. 2019-ല്‍ പുറത്തിറങ്ങിയ 'മിഷന്‍ മംഗള്‍' ആയിരുന്നു ഇരുവരും അവസാനമായി ഒന്നിച്ച ചിത്രം. അതിലുപരിയായി, ഹിറ്റ് സംവിധായകന്‍ അനീസ് ബസ്മിയും അക്ഷയ് കുമാറും പതിനഞ്ചു വര്‍ഷത്തിനുശേഷം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 2011-ല്‍ പുറത്തിറങ്ങിയ 'താങ്ക് യൂ' ആയിരുന്നു ഇവരുടെ ആദ്യചിത്രം.
റാഷി ഖന്നയാണ് ചിത്രത്തിലെ മറ്റൊരു നായിക. കൂടാതെ കോമഡി വേഷങ്ങളിലൂടെ ശ്രദ്ധേയരായ വിജയ് റാസ്, സുദേഷ് ലേരി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജു, ശിരീഷ് റെഡ്ഡി, കുല്‍ദീപ് റാത്തോഡ് എന്നിവര്‍ക്കൊപ്പം കേപ്പ് ഓഫ് ഗുഡ് ഫിലിംസും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മിക്കുന്നത്.