

അക്ഷയ് കുമാറും വിദ്യാ ബാലനും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിനു കേരളത്തില്‍ തുടക്കമായി. അനീസ് ബസ്മി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഇരുവരും പ്രധാന വേഷങ്ങളിലെത്തുന്നത്. 'ഭൂല്‍ ഭുലയ്യ' (2007), 'ഹേ ബേബി' (2007), 'മിഷന്‍ മംഗള്‍' (2019) എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഇരുവരും ഒന്നിക്കുന്ന നാലാമത്തെ സിനിമയാണിത്.
തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ അക്ഷയ്കുമാര്‍ തന്നെയാണ് സന്തോഷവാര്‍ത്ത പങ്കുവച്ചത്. ചിത്രീകരണത്തിനായി വിദ്യാ ബാലനൊപ്പം ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര തിരിക്കുന്ന വീഡിയോ അദ്ദേഹം പങ്കുവച്ചു. 'അടുത്ത സ്റ്റോപ്പ് ദൈവത്തിന്റെ സ്വന്തം നാട്, മാന്ത്രിക കേരളം. അനീസ് ബസ്മിയുടെ അടുത്ത ചിത്രം വിദ്യക്കൊപ്പം. എന്റെ നാലാമത്തെ സിനിമ. ഞങ്ങളുടെ ജോഡിയുടെ ഭാഗ്യം തുടരുമെന്ന് പ്രതീക്ഷിക്കുന്നു' എന്ന കുറിപ്പോടെയാണ് അക്ഷയ് വീഡിയോ പോസ്റ്റ് ചെയ്തത്.
ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്നാണു പ്രതീക്ഷിക്കുന്നത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത 'ഭൂത് ബംഗ്ല'യാണ് അക്ഷയ് കുമാറിന്റെ ഏറ്റവും പുതിയ ചിത്രം. വാമിഖ ഗബ്ബി, പരേഷ് റാവല്‍, തബു തുടങ്ങിയവര്‍ അണിനിരന്ന ഈ ചിത്രം നിലവില്‍ തിയറ്ററുകളില്‍ മികച്ച അഭിപ്രായത്തോടെ പ്രദര്‍ശനം തുടരുകയാണ്.