മലയാളം 'ദൃശ്യം 3'-ൽ മോഹൻലാൽ,ഹിന്ദിപതിപ്പിൽ അജയ് ദേവ്​ഗൺ ഫോട്ടോകടപ്പാട്-ഫേസ്ബുക്ക്
Bollywood

‌'ഹിന്ദി ദൃശ്യം 3 വ്യത്യസ്തം,ലാല്‍ സാര്‍ കാണണമെന്ന് ആഗ്രഹിക്കുന്നു': അജയ് ദേവ്ഗണ്‍

പപ്പപ്പ റിപ്പോര്‍ട്ടര്‍

മോഹന്‍ലാല്‍-ജിത്തു ജോസഫ് കൂട്ടുകെട്ടിലിറങ്ങിയ മലയാളം 'ദൃശ്യം 3'യില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായ തിരക്കഥയായിരിക്കും ഹിന്ദി പതിപ്പായ 'ദൃശ്യം 3: ദി കണ്‍ക്ലൂഷനി'ലെന്ന് നടന്‍ അജയ് ദേവ്ഗണ്‍. ഗോവയില്‍ നടന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിനിടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

'ഫ്രാഞ്ചൈസിയിലെ മുന്‍ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ചെറിയ മാറ്റങ്ങള്‍ വരുത്തുക മാത്രമായിരുന്നില്ല ഞങ്ങള്‍ ചെയ്തത്. പൂര്‍ണമായും പുതിയൊരു തിരക്കഥ തന്നെയാണ് ഇതിനായി തയാറാക്കിയിരിക്കുന്നത്'- അജയ് ദേവ്ഗണ്‍ പറഞ്ഞു. ലാല്‍ സാര്‍ ഈ ചിത്രം കാണണമെന്നാണ് തന്റെ ആഗ്രഹമെന്നും, അദ്ദേഹത്തിന്റെ പ്രതികരണവും അനുമോദനവും തങ്ങള്‍ക്കു വലിയ സന്തോഷം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹിന്ദി 'ദൃശ്യം 3' ട്രെയിലറിൽ അജയ് ദേവ്​ഗൺ

2015-ല്‍ പുറത്തിറങ്ങിയ ഹിന്ദി 'ദൃശ്യം' ഒന്നാം ഭാഗവും 2022-ലെ രണ്ടാം ഭാഗവും മലയാളത്തിലെ അതേ കഥയെ ആസ്പദമാക്കിയാണ് നിര്‍മിച്ചിരുന്നത്. ആദ്യ ഭാഗം അന്തരിച്ച നിഷികാന്ത് കാമത്തും രണ്ടാം ഭാഗം അഭിഷേക് പഥകും സംവിധാനം ചെയ്തു. മൂന്നാം ഭാഗവും അഭിഷേക് പഥക് തന്നെയാണ് സംവിധാനം ചെയ്യുന്നത്.

മലയാളം 'ദൃശ്യം 3' ടീസറിൽ നിന്ന്

വിജയ് സാല്‍ഗോങ്കര്‍ എന്ന കേന്ദ്രകഥാപാത്രമായി അജയ് ദേവ്ഗണ്‍ വീണ്ടുമെത്തുമ്പോള്‍ തബു, ശ്രിയ ശരണ്‍, രജത് കപുര്‍ എന്നിവര്‍ക്കൊപ്പം ജയ്ദീപ് അഹ്ലാവത്, പ്രകാശ് രാജ് എന്നിവരും പുതിയ കഥാപാത്രങ്ങളായി ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ചിത്രം ഒക്ടോബര്‍ രണ്ടിന് തിയേറ്ററുകളിലെത്തും.