അജയ് ​ദേവ്​ഗൺ പുതിയ മെഴ്‌സിഡസ് ബെന്‍സ് വി ക്ലാസിന് മുന്നിൽ ഫോട്ടോ-അറേഞ്ച്ഡ്
Bollywood

ജന്മദിനത്തിൽ അജയ് ദേവ്​ഗണിന്റെ കൂട്ടിലേക്ക് പുതിയൊരു 'കടുവ'

പപ്പപ്പ ഡസ്‌ക്‌

ബോളിവുഡ് സിങ്കം അജയ് ദേവ്ഗണ്‍ തന്റെ 57-ാം ജന്മദിനം ആഘോഷമാക്കിയത് പുതിയൊരു ആഡംബര വാഹനം ഗാരേജിലെത്തിച്ചാണ്. ഏകദേശം 1.40 കോടി രൂപ വിലമതിക്കുന്ന മെഴ്‌സിഡസ് ബെന്‍സ് വി ക്ലാസ് ആണ് താരം ജന്മദിനത്തില്‍ സ്വന്തമാക്കിയത്. ഷാരൂഖ് ഖാനും ഹാര്‍ദിക് പാണ്ഡ്യയും കഴിഞ്ഞാല്‍ ഈ കരുത്തന്‍ മോഡല്‍ സ്വന്തമാക്കുന്ന പ്രമുഖരുടെ പട്ടികയിലേക്ക് ഇപ്പോള്‍ അജയ്‌യും എത്തി. മികച്ച വാഹനങ്ങളുടെ വലിയൊരു ശേഖരം തന്നെയുള്ള അജയ് ദേവ്ഗണിന്റെ ഗാരേജില്‍ റോള്‍സ് റോയ്‌സ് കള്ളിനന്‍, മെഴ്‌സിഡസ് മെയ്ബാക്ക് ജിഎൽഎസ് 600 തുടങ്ങിയ വമ്പന്‍മാരും നേരത്തെ തന്നെയുണ്ട്.

അജയ് ദേവ്ഗണിന്റെ ജന്മദിനത്തോടനുബന്ധിച്ച് ഭാര്യയും നടിയുമായ കജോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച രസകരമായ കുറിപ്പും ആരാധകര്‍ക്കിടയില്‍ തരംഗമായി മാറി. പ്രായം കൂടുന്നതിനെ കളിയാക്കിക്കൊണ്ട് കാജള്‍ കുറിച്ച വരികള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. കേക്കിലെ മെഴുകുതിരികളുടെ എണ്ണം കൂടുമ്പോള്‍ അത് ആഘോഷത്തേക്കാള്‍ ഉപരി തീപിടുത്ത ഭീഷണിയായി മാറുന്ന ഘട്ടത്തിലാണ് അജയ് ഇപ്പോള്‍ ഉള്ളതെന്നായിരുന്നു കജോളിന്റെ വാക്കുകള്‍. 1999-ല്‍ വിവാഹിതരായ താരദമ്പതികള്‍ക്ക് നിസ, യുഗ് എന്നിങ്ങനെ രണ്ട് മക്കളാണുള്ളത്.

അതേസമയം സിനിമയിലും തിരക്കുകളിലാണു താരം. വലിയ വിജയങ്ങള്‍ ലക്ഷ്യമിട്ടുള്ള ബൃഹത്തായ പ്രോജക്ടുകളാണ് വരും വര്‍ഷങ്ങളില്‍ അജയ് ദേവ്ഗണിന്റേതായി പുറത്തിറങ്ങാനുള്ളത്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഗോല്‍മാല്‍ 5, ദൃശ്യം 3 എന്നീ ചിത്രങ്ങളുടെ അണിയറ പ്രവര്‍ത്തനങ്ങളുമായി താരം മുന്നോട്ടുപോവുകയാണ്. പുതിയ ആഡംബര വാഹനത്തിന്റെ വരവോടെ താരത്തിന്റെ ജന്മദിനാഘോഷം സോഷ്യല്‍ മീഡിയയിലും സിനിമാ ഗ്രൂപ്പുകളിലും വലിയ ചര്‍ച്ചയായി മാറിയിട്ടുണ്ട്.