എഐ ഉപ​യോ​ഗിച്ച് തയ്യാറാക്കിയ വീഡിയോയിൽ ക്ലിയോപാട്രയായി ഐശ്വര്യ റായിയും നെഫെര്‍റ്റിറ്റിയായി മാറിയ ദീപിക പദുകോണും സ്ക്രീൻ​ഗ്രാബ്
Bollywood

ചരിത്രനായികമാരായി ബോളിവുഡ് താരങ്ങൾ: എഐ വിസ്മയത്തില്‍ ഐശ്വര്യയും ദീപികയും

പപ്പപ്പ ഡസ്‌ക്‌

നിര്‍മിത ബുദ്ധി (എഐ) ഉപയോഗിച്ച് നിര്‍മിച്ച ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്. ഐശ്വര്യ റായ്, ദീപിക പദുകോണ്‍, കരീന കപുര്‍ തുടങ്ങി പ്രമുഖ ബോളിവുഡ് താരങ്ങളെ ലോകചരിത്രത്തിലെ വിഖ്യാത വനിതകളായി പുനരാവിഷ്‌കരിച്ചിരിക്കുകയാണ് എഐ ടോട്ട് എന്ന ഡിജിറ്റല്‍ ആര്‍ട്ടിസ്റ്റ്. വീഡിയോയില്‍ താരങ്ങളുടെ ക്ലാസിക് സൗന്ദര്യവും ചരിത്രപരമായ പ്രൗഢിയും ഒരുപോലെ ഒത്തുചേരുന്നു.

ഈജിപ്ഷ്യന്‍ രാജ്ഞിയായ നെഫെര്‍റ്റിറ്റിയായി മാറിയ ദീപിക പദുകോണിന്റെ ലുക്കാണ് ആരാധകരെ ഏറെ അമ്പരപ്പിച്ചത്. നീല നിറത്തിലുള്ള ഐക്കണിക് കിരീടവും സ്വര്‍ണാഭരണങ്ങളും അണിഞ്ഞ ദീപികയുടെ രൂപം അതിമനോഹരമാണെന്ന് ആരാധകര്‍ ഒരേസ്വരത്തില്‍ പറയുന്നു. അതേസമയം, ക്ലിയോപാട്രയായി എത്തിയ ഐശ്വര്യ റായിയുടെ രൂപവും ഏറെ ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍, ഐശ്വര്യയുടെ യഥാര്‍ഥ സൗന്ദര്യത്തെ വെല്ലാന്‍ എഐക്ക് കഴിയില്ലെന്നാണ് ഒരു വിഭാഗം ആരാധകരുടെ പക്ഷം.

എഐ ഉപ​യോ​ഗിച്ച് തയ്യാറാക്കിയ വീഡിയോയിൽ എലീനര്‍ ഓഫ് അക്വിറ്റൈനായാണ് കരീന കപുര്‍

മധ്യകാലഘട്ടത്തിലെ ഫ്രഞ്ച്-ഇംഗ്ലണ്ട് രാജ്ഞിയായ എലീനര്‍ ഓഫ് അക്വിറ്റൈനായാണ് കരീന കപുര്‍ പ്രത്യക്ഷപ്പെടുന്നത്. കുതിരപ്പുറത്ത് വാളേന്തി നില്‍ക്കുന്ന കരീനയുടെ ചിത്രം വളരെ കൃത്യമായ കാസ്റ്റിങ് ആണെന്ന് ആരാധകര്‍ വിലയിരുത്തുന്നു. കരിഷ്മ കപുര്‍ ജോന്‍ ഓഫ് ആര്‍ക്കായും, കിയാര അദ്വാനി ഗ്രീക്ക് തത്ത്വചിന്തക ഹൈപ്പേഷ്യയായും ഈ വീഡിയോയില്‍ തിളങ്ങുന്നു.

എഐ ഉപ​യോ​ഗിച്ച് തയ്യാറാക്കിയ വീഡിയോയിൽ ജോന്‍ ഓഫ് ആര്‍ക്കായി കരിഷ്മ കപുര്‍

പുരാതന ചരിത്രം മാത്രമല്ല, ആധുനിക ചരിത്രത്തിലെ പ്രമുഖരെയും ഈ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബഹിരാകാശ സഞ്ചാരി കല്‍പ്പന ചൗളയായി പ്രിയങ്ക ചോപ്രയും, ഫാഷന്‍ ഐക്കണ്‍ കോക്കോ ചാനലായി കങ്കണ റണാവത്തും, ശാസ്ത്രജ്ഞ മേരി ക്യൂറിയായി ജൂഹി ചൗളയും എത്തുന്നു.

വിദ്യ ബാലന്‍ (റോസ പാര്‍ക്‌സ്), മാധുരി ദീക്ഷിത് (എമ്മലിന്‍ പാന്‍ഖര്‍സ്റ്റ്), കത്രീന കൈഫ് (റോസലിന്‍ഡ് ഫ്രാങ്ക്‌ളിന്‍) എന്നിവരുടെ എഐ രൂപങ്ങളും ഏറെ വിസ്മയിപ്പിക്കുന്നതാണ്. താരങ്ങളുടെ വസ്ത്രധാരണത്തിലും മുഖഭാവത്തിലും പുലര്‍ത്തിയ സൂക്ഷ്മത ഈ വീഡിയോയെ വേറിട്ടുനിര്‍ത്തുന്നു.