ഇന്ത്യയെയും ലോകരാജ്യങ്ങളെയും മുൾമുനയിൽ നിർത്തിയ, ഉത്തരാഖണ്ഡിലെ സിൽക്യാര ടണൽ രക്ഷാപ്രവർത്തനം ഇനി ബിഗ് സ്ക്രീനിലേക്ക്! ലോകം കണ്ട ഏറ്റവും സങ്കീർണവും സമാനതകളില്ലാത്തതുമായ ആ അതിജീവന കഥ സിനിമയാക്കുന്നത് ബോളിവുഡിന്റെ മിസ്റ്റർ പെർഫെക്ട് ആമിർ ഖാൻ ആണ്.
'സിൽക്യാര 41' എന്നു പേരിട്ടിരിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം സംവിധാനം ചെയ്യുന്നത് 'ബജ്രംഗി ഭായ്ജാൻ', '83' എന്നീ ദൃശ്യവിസ്മയങ്ങൾ ഒരുക്കിയ ഹിറ്റ് മേക്കർ കബീർ ഖാൻ ആണ്. ആമിർ ഖാൻ പ്രൊഡക്ഷൻസും കബീർ ഖാൻ ഫിലിംസും ഓസ്ട്രേലിയയിലെ മൈൻഡ് ബ്ലോയിങ് ഫിലിംസും ചേർന്നാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്.
2023 നവംബറിലാണ് രാജ്യത്തെ നടുക്കിക്കൊണ്ട് ഉത്തരകാശിയിലെ നിർമാണത്തിലിരുന്ന സിൽക്യാര-ബാർകോട്ട് തുരങ്കത്തിനിടെ മലയിടിഞ്ഞുവീണത്. രണ്ടാഴ്ചയിലധികം ഇരുളടഞ്ഞ തുരങ്കത്തിനുള്ളിൽ മരണത്തെ മുഖാമുഖം കണ്ട് കഴിഞ്ഞ് കൂടിയത് 41 തൊഴിലാളികളായിരുന്നു. വിവിധ ഇന്ത്യൻ ഏജൻസികളും വിദേശ വിദഗ്ധരും ഒത്തുചേർന്ന് 17 ദിവസം നീണ്ട അശ്രാന്തപരിശ്രമത്തിനൊടുവിലാണ് ഇവരെ സുരക്ഷിതമായി പുറത്തെത്തിച്ചത്.
ഈ അദ്ഭുത രക്ഷാപ്രവർത്തനമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. രക്ഷാദൗത്യത്തിൽ നിർണായക പങ്കുവഹിച്ച ഓസ്ട്രേലിയൻ ടണലിങ് വിദഗ്ധൻ അർനോൾഡ് ഡിക്സിന്റെ റോളും ചിത്രത്തിൽ വലിയ പ്രാധാന്യത്തോടെ അവതരിപ്പിക്കും. 'ദി വാട്ടർ ഡിവൈനർ' എന്ന വിഖ്യാത ചിത്രത്തിന്റെ രചയിതാവും ഓസ്ട്രേലിയൻ തിരക്കഥാകൃത്തുമായ ആൻഡ്രൂ അനസ്റ്റാസിയോസ് രചന നിർവഹിക്കുന്നു.
'അസാധ്യമായ പ്രതിസന്ധികൾക്ക് മുന്നിൽ മനുഷ്യൻ കാണിച്ച ധീരതയുടെയും നിശ്ചയദാർഢ്യത്തിന്റെയും പ്രതീകമാണ് സിൽക്യാര ദൗത്യം. ഈ കഥ വെള്ളിത്തിരയിൽ വരേണ്ടത് അനിവാര്യമാണ്'-ആമിർ ഖാൻ പറഞ്ഞു. തൊഴിലാളികളുടെയും അവരുടെ കുടുംബങ്ങളുടെയും ആശങ്കകളും, ലോകത്തിന്റെ വിവിധ കോണുകളിൽനിന്ന് ഒരു ലക്ഷ്യത്തിനായി ഒന്നിച്ച മനുഷ്യരുടെ സ്നേഹവുമാണ് തന്നെ ഈ പ്രോജക്ടിലേക്ക് ആകർഷിച്ചതെന്ന് കബീർ ഖാൻ വ്യക്തമാക്കി.
സണ്ണി ഡിയോൾ നായകനാകുന്ന 'ബട്വാര 1947'ന്റെ റിലീസ് തിരക്കുകളിലാണ് ആമിർ ഖാൻ പ്രൊഡക്ഷൻസ് ഇപ്പോൾ. രാജ്കുമാർ സന്തോഷി സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 13-ന് തിയേറ്ററുകളിൽ എത്തും. ഇതിനുശേഷമായിരിക്കും ആഗോള ശ്രദ്ധയാകർഷിക്കുന്ന 'സിൽക്യാര 41'ന്റെ ചിത്രീകരണം ആരംഭിക്കുക.