ആമിർ ഖാനും ​ഗൗരിയും ഫോട്ടോ കടപ്പാട്-ഇൻസ്റ്റ​ഗ്രാം
Bollywood

പ്രണയത്തിന്‍റെ മൂന്നാം അധ്യായം; ആമിർ-ഗൗരി വിവാഹം നാളെ

പപ്പപ്പ റിപ്പോര്‍ട്ടര്‍

ബോളിവുഡിന്‍റെ മിസ്റ്റർ പെർഫെക്ഷനിസ്റ്റ് ആമിർ ഖാനും ഗൗരി സ്പ്രാറ്റും വിവാഹിതരാകുന്നു. അറുപതാം വയസിലും യൗവനത്തിന്‍റെ ചുറുചുറുക്കിൽ പാറുന്ന താരത്തിന്‍റെ മൂന്നാം വിവാഹമാണിത്. ബംഗളൂരു സ്വദേശിയും ബിസിനസ് സംരംഭകയുമാണ് ഗൗരി സ്പ്രാറ്റ്. ജൂലായ് അഞ്ചിന് മുംബൈ ബാന്ദ്രയിലുള്ള ആമിറിന്‍റെ വസതിയിലാണ് വിവാഹം. ആർഭാടങ്ങളോ ബോളിവുഡ് മാതൃകയിലുള്ള വലിയ ആഘോഷങ്ങളോ ഇല്ലാതെ, തികച്ചും ലളിതവും സ്വകാര്യവുമായ ചടങ്ങുകളോടെയായിരിക്കും ഇരുവരും ഒന്നാവുക. അടുത്ത ബന്ധുക്കളും ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുക്കളും മാത്രമായിരിക്കും മംഗളമുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ എത്തുക.

തന്‍റെ ചിത്രത്തിന്‍റെ സ്ക്രീനിങ്ങിനിടെ മാധ്യമങ്ങളെ കണ്ടപ്പോഴാണ് ആമിർ സന്തോഷവാർത്ത ലോകത്തോട് പങ്കുവെച്ചത്. ഗൗരിയും താനും വിവാഹിതരാകുകയാണെന്നും എല്ലാവരുടെയും പ്രാർഥനയും അനുഗ്രഹവും തങ്ങളോടൊപ്പമുണ്ടാകണമെന്നും ആമിർ ഖാൻ അഭ്യർഥിച്ചു.

ആമിറും ഗൗരിയും തമ്മിലുള്ള ബന്ധത്തിന് ഏതാണ്ട് 25 വർഷത്തെ പഴക്കമുണ്ട്. ദീർഘകാലത്തെ ആഴമേറിയ സൗഹൃദമാണ് പിന്നീട് പ്രണയത്തിലേക്കും ഇപ്പോൾ വിവാഹജീവിതത്തിലേക്കും വഴിമാറിയിരിക്കുന്നത്. കഴിഞ്ഞ വർഷം തന്‍റെ അറുപതാം ജന്മദിനാഘോഷ വേളയിലാണ് ആമിർ ഖാൻ ഗൗരിയെ ഔദ്യോഗികമായി ലോകത്തിനു മുന്നിൽ പരിചയപ്പെടുത്തിയത്. അന്നുതന്നെ ഇരുവരും ഒന്നാകുമെന്ന തരത്തിലുള്ള ചർച്ചകൾ സജീവമായിരുന്നു.

ആമിർ ഖാനും ​ഗൗരിയും

റീന ദത്ത, കിരൺ റാവു എന്നിവരുമായുള്ള വിവാഹബന്ധം വേർപെടുത്തിയ ശേഷമാണ് ആമിർ ഖാൻ തന്‍റെ ജീവിതത്തിന്‍റെ പുതിയൊരു അധ്യായത്തിലേക്ക് കാലെടുത്തുവെക്കുന്നത്. വേർപിരിഞ്ഞിട്ടും മുൻഭാ​ര്യമാരുമായുള്ള സൗഹൃദം പരസ്പര ബഹുമാനത്തോടെയും സൗഹൃദത്തോടെയും തുടരുന്ന വ്യക്തിയാണ് ആമിർ ഖാൻ.

അതുകൊണ്ടുതന്നെ പുതിയ തുടക്കത്തെ അദ്ദേഹത്തിന്‍റെ കുടുംബവും ഏറെ സന്തോഷത്തോടെയാണ് സ്വീകരിക്കുന്നത്. ആമിറിന്‍റെ മുൻവിവാഹങ്ങളിലെ മക്കളായ ജുനൈദ് ഖാൻ, ഇറാ ഖാൻ, ആസാദ് റാവു ഖാൻ എന്നിവരും ഗൗരിയുടെ മകനും ഈ ലളിതമായ വിവാഹച്ചടങ്ങുകളിൽ സജീവ സാന്നിധ്യമായി ഉണ്ടാകും.