'ഹനുമാൻ അംശി'ൽ നിന്ന് ഫോട്ടോകടപ്പാട്-ഐഎംഡിബി
Bollywood

ആദ്യനാളിൽ 10ലക്ഷം,23-ാംദിനം 10കോടി; ഹനുമാനെപ്പോലെ നേട്ടങ്ങൾ ചാടിക്കടന്ന് ഒരു സിനിമ

പപ്പപ്പ റിപ്പോര്‍ട്ടര്‍

ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ സർപ്രൈസ് ഹിറ്റുകളിലൊന്നായി മാറിയിരിക്കുകയാണ് ‘ഹനുമാൻ അംശ്’. മുടക്കുമുതൽ കുറവായിരുന്ന ഈ ഹിന്ദി ചിത്രം തുടക്കത്തിൽ വലിയ പ്രതികരണം നേടിയില്ലെങ്കിലും പോസിറ്റീവ് മൗത്ത് പബ്ലിസിറ്റിയിലൂടെ പിന്നീട് മികച്ച മുന്നേറ്റം കാഴ്ചവെക്കുകയും ഇപ്പോൾ രാജ്യവ്യാപകമായി ശ്രദ്ധ നേടുകയും ചെയ്തിരിക്കുകയാണ്. സ്റ്റീവ് ജോബ്സ്,മാർക്ക് സക്കർബർ​ഗ്,വിരാട് കോലി തുടങ്ങിയവരെപ്പോലും സ്വാധീനിച്ച ​​ഹിന്ദു ആത്മീയ ​ഗുരു നീം കരോലി ബാബയുടെ ജീവിതത്തെ ആധാരമാക്കിയുള്ളതാണ് ‘ഹനുമാൻ അംശ്’

ആദ്യദിനം വെറും 10 ലക്ഷം രൂപയോളമായിരുന്നു ചിത്രത്തിന്റെ കളക്ഷൻ. എന്നാൽ തുടർന്നുള്ള ആഴ്ചകളിൽ അവിശ്വസനീയമായ കുതിപ്പാണ് ചിത്രം നേടിയത്. ഹൈദരാബാദിൽ ‘ഹനുമാൻ അംശ്’ ഫാസ്റ്റ് ഫില്ലിങ്, ഹൗസ്ഫുൾ ഷോകളുമായി മുന്നേറുകയാണ്. തെലുങ്ക് പ്രേക്ഷകരും ചിത്രത്തെ ഏറ്റെടുത്തു കഴിഞ്ഞു. ട്രേഡ് കണക്കുകൾ പ്രകാരം ചിത്രം 27 കോടി രൂപ പിന്നിട്ടതായാണ് റിപ്പോർട്ടുകൾ. കളക്ഷൻ കുതിപ്പ് തുടരുകയുമാണ്.

'ഹനുമാൻ അംശ്' പോസ്റ്റർ

ചിത്രത്തിന്റെ കളക്ഷനിലെ അസാധാരണമായ വർധനയാണ് ഏറ്റവും കൂടുതൽ ചർച്ചയാകുന്നത്. ആദ്യദിനം ഏകദേശം 10 ലക്ഷം രൂപ മാത്രം നേടിയ ചിത്രം 23-ാം ദിവസം 10 കോടിയിലധികം രൂപ സ്വന്തമാക്കി. വൻ താരനിരയുടെയോ ശക്തമായ പ്രമോഷന്റെയോ പിൻബലമില്ലാതെ ഒരു ചിത്രം ഇത്തരമൊരു നേട്ടം കൈവരിക്കുന്നത് അപൂർവമാണ്.

'ഹനുമാൻ അംശ്' ചിത്രീകരണത്തിനിടെ സംവിധായകൻ വിശാൽ ചതുർവേദിയും അണിയറപ്രവർത്തകരും

പ്രേക്ഷകരുടെ മികച്ച അഭിപ്രായം മാത്രം കരുത്താക്കി മുന്നേറിയ ‘ഹനുമാൻ അംശ്’ ഇപ്പോൾ ചെറിയ ബജറ്റിൽ ഒരുങ്ങി സെൻസേഷണൽ ബ്ലോക്ക്ബസ്റ്ററുകളായി മാറിയ ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടിയിരിക്കുകയാണ്. ശതകോടികളുടെ ബജറ്റിൽ ചിത്രങ്ങളിറങ്ങുന്ന ബോളിവുഡിൽ വെറും രണ്ടുകോടിയിലാണ് ഈ ചിത്രം നിർമിക്കപ്പെട്ടത്. മികച്ച ഉള്ളടക്കത്തിനും പോസിറ്റീവ് മൗത്ത് പബ്ലിസിറ്റിക്കും ബോക്സ് ഓഫീസിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാനാകുമെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് ചിത്രത്തിന്റെ വിജയം.

നീം കരോലി ബാബ

അമ്മയെ നഷ്ടപ്പെട്ട ലക്ഷ്മൺ ദാസ് എന്ന ചെറിയകുട്ടി മരിച്ചുപോയ അമ്മയെ കാണാനായി ദൈവത്തെ തേടിയിറങ്ങുന്നതും പലയിടങ്ങളിലെ അന്വേഷണത്തിനൊടുവിൽ വർഷങ്ങൾക്കുശേഷം തീവ്രഭക്തിയോടെ ഹനുമാനെ ആരാധിച്ച് ഹനുമാൻ അംശ് ആകുന്നതും ഒടുവിൽ ലോകത്തിനാകെ നീം കരോലി ബാബ ആയി മാറിയതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. വിശാൽ ചതുർവേദി രചനയും സംവിധാനവും നിർവഹിച്ച ഹനുമാൻ അംശിൽ ശോഭിനവ് സത്യ,ചന്ദൻ കെ.ആനന്ദ്,അനിൽ രസ്തോ​ഗി,പൂർണിമ തിവാരി തുടങ്ങിയവരാണ് അഭിനേതാക്കൾ. രാ​ഗിണി എസ്,നമ്രത ജി.സിങ്,അനുപ്രിയ എ.നാ​ഗർ,വിശാൽ ചതുർവേദി എന്നിവർ ചേർന്നാണ് നിർമാണം.