

എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ബ്രഹ്‌മാണ്ഡ ചിത്രം 'വാരണാസി'യെക്കുറിച്ചുള്ള പുതിയ അപ്ഡേറ്റുകള്‍ പുറത്തുവരുമ്പോള്‍ ഏറെ ആവേശത്തിലാണ് സിനിമാപ്രേമികള്‍. ചിത്രത്തിന്റെ പശ്ചാത്തല സംഗീതമൊരുക്കൽ സെപ്റ്റംബറില്‍ ആരംഭിക്കുമെന്ന് ഓസ്‌കര്‍ ജേതാവായ സംഗീത സംവിധായകന്‍ എം.എം. കീരവാണി വ്യക്തമാക്കി.
അടുത്തിടെ അമേരിക്കന്‍ പര്യടനത്തിനിടെയാണ് കീരവാണി ചിത്രത്തിന്റെ സംഗീത വിശേഷങ്ങള്‍ പങ്കുവെച്ചത്. 'വാരണാസി'യുടെ പശ്ചാത്തല സംഗീതം ഒരുക്കുന്നതിനായി ഏകദേശം അഞ്ച് മാസത്തോളം സമയമെടുക്കുമെന്നും, 2027 ജനുവരിയോടെ ജോലി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സാധാരണ ചിത്രങ്ങളില്‍നിന്ന് വ്യത്യസ്തമായി, 'വാരാണസി'യുടെ ദൃശ്യഭംഗിക്കൊപ്പം തന്നെ ശബ്ദ സങ്കേതികവിദ്യകള്‍ക്കും വലിയ പ്രാധാന്യമാണ് രാജമൗലി നല്‍കുന്നത്. അതിനാലാണ് അഞ്ച് മാസത്തോളം പശ്ചാത്തല സംഗീതത്തിനായി മാത്രം നീക്കിവെക്കുന്നത്. ചിത്രത്തില്‍ ആറു പാട്ടുകളാണുള്ളത്.
മഹേഷ് ബാബു 'രുദ്ര' എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍, പൃഥ്വിരാജ് സുകുമാരനാണ് 'കുംഭ' എന്ന വില്ലന്‍ കഥാപാത്രമായെത്തുന്നത്. പ്രിയങ്ക ചോപ്ര 'മന്ദാകിനി' എന്ന കഥാപാത്രത്തിലൂടെ നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ സിനിമയിലേക്ക് തിരിച്ചെത്തുന്നു.
'മഗധീര', 'ഈച്ച', 'ബാഹുബലി', 'ആര്‍ആര്‍ആര്‍' തുടങ്ങി ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ തരംഗങ്ങള്‍ സൃഷ്ടിച്ച കൂട്ടുകെട്ടാണ് രാജമൗലിയും കീരവാണിയും. 'ആര്‍ആര്‍ആറി'ലെ 'നാട്ടു നാട്ടു' എന്ന ഗാനത്തിലൂടെ ലോകത്തെമ്പാടുമുള്ള സിനിമാസ്‌നേഹികളുടെ മനംകവരുകയും ഓസ്‌കര്‍ പുരസ്‌കാരം നേടുകയും ചെയ്ത ഈ കോമ്പോ വീണ്ടും ഒന്നിക്കുമ്പോള്‍ പ്രതീക്ഷകള്‍ വാനോളമാണ്.
കെ.എല്‍.നാരായണ നിര്‍മിക്കുന്ന ചിത്രം ടൈം ട്രാവലും പൗരാണിക ഘടകങ്ങളും സമന്വയിക്കുന്ന വലിയ ആക്ഷന്‍ അഡ്വഞ്ചര്‍ ചിത്രമായിട്ടാണ് ഒരുങ്ങുന്നത്. 2027 ഏപ്രിലില്‍ ചിത്രം തിയേറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ പദ്ധതിയിട്ടിരിക്കുന്നത്.