

ആർത്തവത്തെയും സ്ത്രീകളുടെ ശാരീരിക ബുദ്ധിമുട്ടുകളെയും കുറിച്ച് നടി ശ്രീലീല നടത്തിയ പരാമർശങ്ങൾ വിവാദമാകുന്നു. ആർത്തവ സമയത്തെ ശാരീരിക അവശതകൾ ജോലിക്കോ, തുല്യ അവസരങ്ങൾക്കോ തടസമായി മാറ്റരുത് എന്ന നടിയുടെ പ്രസ്താവനയാണ് വിമർശനങ്ങൾക്ക് കാരണമായത്. അടുത്തിടെ മെഡിക്കൽ ബിരുദം പൂർത്തിയാക്കിയ താരം കൂടിയാണ് ശ്രീലീല.
'ഉസ്താദ് ഭഗത് സിങ്' എന്ന ചിത്രത്തിന്റെ വിജയഘോഷത്തിനിടെയായിരുന്നു താരത്തിന്റെ വിവാദ പ്രസംഗം. സിനിമയിലെ തന്റെ നൃത്തങ്ങൾ ഏറെ പ്രശംസിക്കപ്പെട്ടിട്ടുണ്ടെന്നും പലപ്പോഴും ആർത്തവ സമയത്താണ് താൻ ഇവ ചിത്രീകരിച്ചതെന്നും താരം പറഞ്ഞു. 'ഞാൻ ആർത്തവസമയത്തും നൃത്തം ചെയ്തിട്ടുണ്ട്. അതിനാൽ അതൊരിക്കലും ഒരു ഒഴികഴിവല്ല. തുല്യമായ പദവികൾ വേണമെന്ന് നമ്മൾ ആഗ്രഹിക്കുമ്പോൾ ശാരീരികമായ പരിമിതികളെ നമ്മൾ മറികടക്കണം. ശാരീരികമോ മാനസികമോ ആയ ബുദ്ധിമുട്ടുകൾ ഒന്നിനും ഒരു ന്യായീകരണമല്ല'- ശ്രീലീല പറഞ്ഞു.
മെഡിക്കൽ ബിരുദധാരിയായ ഒരു വ്യക്തിയിൽനിന്ന് ഇത്തരമൊരു പരാമർശം പ്രതീക്ഷിച്ചില്ലെന്നാണ് സോഷ്യൽ മീഡിയയുടെ പ്രതികരണം. ആർത്തവാനുഭവങ്ങൾ ഓരോ സ്ത്രീക്കും വ്യത്യസ്തമാണെന്നും കഠിനമായ വേദന അനുഭവിക്കുന്നവരെ അപമാനിക്കുന്നതാണ് നടിയുടെ വാക്കുകളെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു. 'നിങ്ങൾക്കു നൃത്തം ചെയ്യാൻ സാധിച്ചു എന്നതുപോലെ എല്ലാവർക്കും സാധിക്കണമെന്നില്ല. 2026ലും സ്ത്രീകളുടെ വേദനയെ വെറും ഒഴികഴിവ് എന്നു വിളിക്കുന്നത് അംഗീകരിക്കാനാവില്ല' എന്നിങ്ങനെയാണ് പ്രതികരണങ്ങൾ. ഡോക്ടർ എന്ന നിലയിൽ ആർത്തവവേദനയുടെ തീവ്രത താരം മനസിലാക്കണമായിരുന്നു എന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.