

വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും പ്രധാന വേഷങ്ങളിലെത്തുന്ന പീരിയഡ് ആക്ഷന്‍ ഡ്രാമ ചിത്രം 'രണബാലി'യുടെ റീസിനു മുന്നോടിയായി നാല് ഭാഗങ്ങളുള്ള ഡോക്യുമെന്ററി സീരീസ് പുറത്തിറക്കാനൊരുങ്ങി നിര്‍മാതാക്കള്‍. സിനിമയുടെ പശ്ചാത്തലമായ 150 വര്‍ഷം പഴക്കമുള്ള ചരിത്ര സംഭവങ്ങളെയും ഗവേഷണങ്ങളെയും ആസ്പദമാക്കിയാണ് ഈ ഡോക്യു-സീരീസ് ഒരുക്കിയിരിക്കുന്നത്.
മൈത്രി മൂവി മേക്കേഴ്‌സിന്റെ ഔദ്യോഗിക ചാനലുകളിലൂടെയാണ് ഈ സീരീസ് പ്രേക്ഷകരിലേക്ക് എത്തുന്നത്. നാല് എപ്പിസോഡുകളുള്ള പരമ്പരയുടെ ആദ്യ എപ്പിസോഡ് സെപ്റ്റംബര്‍ 28-ന് പുറത്തിറങ്ങും. വിജയ് ദേവരകൊണ്ട, രശ്മിക മന്ദാന, സംവിധായകന്‍ രാഹുല്‍ സാങ്ക്രിത്യന്‍ എന്നിവര്‍ ഈ സീരീസില്‍ പങ്കുചേരുന്നുണ്ട്. രണ്ടുവര്‍ഷത്തെ ദീര്‍ഘമായ ഗവേഷണങ്ങള്‍ക്കൊടുവിലാണ് മറവിയിലാണ്ടുപോയ ഈ ചരിത്രകഥ സിനിമയാക്കാന്‍ അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചത്.
പത്തൊമ്പതാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ക്രൂരതകള്‍ക്കെതിരെയും ചൂഷണങ്ങള്‍ക്കെതിരെയും പോരാടിയ ധീരനായ ഒരു പോരാളിയുടെ കഥയാണ് ചിത്രം പറയുന്നത്. ഒക്ടോബര്‍ 16-നാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്.