റാം പോത്തിനേനി പാട്ടെഴുതി; ടോളിവുഡ് ഏറ്റുപാടുന്നു..'നുവ്‌ന്റേ ചാലേ'

റാം പോത്തിനേനി
റാം പോത്തിനേനിഫോട്ടോ റാം പോത്തിനേനി ഒഫിഷ്യൽ ഫേസ്ബുക്ക് പേജ്
Published on

തെലുങ്കിലെ യുവതാരം റാം പോത്തിനേനിക്ക് ഇപ്പോൾ മറ്റൊരു വിശേഷണം കൂടിയുണ്ട്-​സൂപ്പർഹിറ്റ് ​ഗാനരചയിതാവ്. റാം തന്റെ പുതിയ ചിത്രമായ 'ആന്ധ്ര കിങ് താലൂക്ക'യ്ക്ക് വേണ്ടിയെഴുതിയ ​ഗാനം ഹിറ്റ്ചാർട്ടുകളിൽ ഒന്നാമതാണിപ്പോൾ. മഹേഷ് ബാബു.പി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ 'നുവ്‌ന്റേ ചാലേ' എന്ന ഗാനം തെലുങ്ക് പ്രേക്ഷകർ മുഴുവൻ ഏറ്റുപാടുന്നു. അടുത്തകാലത്തൊന്നും സംഭവിക്കാത്തപോലെ, ആസ്വാദകരെ ഇളക്കിമറിക്കുകയാണ് റാം എഴുതിയ പാട്ട്.

'നുവ്‌ന്റേ ചലേ'അനൗൺസ്മെന്റ് പോസ്റ്റർ
'നുവ്‌ന്റേ ചലേ'അനൗൺസ്മെന്റ് പോസ്റ്റർറാം പോത്തിനേനി ഒഫിഷ്യൽ ഫേസ്ബുക്ക് പേജ്

എന്നാൽ അപ്രതീക്ഷിതമായാണ് താൻ ​ഗാനരചയിതാവായതെന്ന് റാം പറയുന്നു. വര്‍ഷങ്ങളായി ഇംഗ്ലീഷില്‍ പാട്ടുകള്‍ എഴുതാറുണ്ടെന്നും അതെല്ലാം സ്വന്തം ആഗ്രഹപൂര്‍ത്തീകരണത്തിനായും ചിലത് സുഹൃത്തുക്കള്‍ ആവശ്യപ്പെട്ടിട്ടും ആയിരുന്നുവെന്നും റാം പറഞ്ഞു. അതിനപ്പുറത്തേക്കൊന്നും ആഗ്രഹിച്ചിരുന്നില്ല. 'ആന്ധ്ര കിങ് താലൂക്ക'യ്ക്കായി കമ്പോസ് ചെയ്ത പാട്ടിന്റെ ട്യൂണ്‍ കേട്ടപ്പോള്‍ ചില വരികള്‍ വെറുതെ എഴുതി. ഗാനരചയിതാവിനുള്ള റഫറന്‍സ് എന്ന നിലയില്‍ എഴുതിയതാണ്. തൊട്ടടുത്ത ദിവസം ഗാനരചയിതാവിനെ കാണാനുള്ള ഒരുക്കത്തിലായിരുന്നു താന്‍ ഉള്‍പ്പെടുന്ന സംഘമെന്നും റഫറൻസ് വരികള്‍ പാടിക്കേട്ടപ്പോള്‍ എല്ലാവരും ചേര്‍ന്ന് ഈ വരികള്‍ മതിയെന്നു തീരുമാനിക്കുകയായിരുന്നുവെന്നും റാം പറയുന്നു. 'ഒന്നും മുന്‍കൂട്ടി നിശ്ചയിച്ചതായിരുന്നില്ല'- റാം പോത്തിനേനിയുടെ വാക്കുകൾ.

റാം പോത്തിനേനിയും ഭാ​ഗ്യശ്രീയും 'നുവ്‌ന്റേ ചാലേ' എന്ന ​ഗാനരം​ഗത്തിൽ
റാം പോത്തിനേനിയും ഭാ​ഗ്യശ്രീയും 'നുവ്‌ന്റേ ചാലേ' എന്ന ​ഗാനരം​ഗത്തിൽസ്ക്രീൻ​ഗ്രാബ്

'നുവാന്റേ ചാലേ' എന്ന ഗാനത്തിലെ വരികള്‍ കാവ്യാത്മകവും ഹൃദയസ്പര്‍ശിയുമാണ്. 'പ്രണയത്തെ നിര്‍വചിക്കാന്‍ കഴിയില്ല, അനുഭവിക്കാന്‍ മാത്രമേ കഴിയൂ' എന്ന് പറയുന്ന വരികള്‍ ശ്രദ്ധേയമാണ്. ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഗാനമാണിതെന്ന് സംഗീതപ്രേമികള്‍ പറയുന്നു.

റാമും ഭാഗ്യശ്രീയുമാണ് പാട്ടിലുള്ളത്. ഇരുതാരങ്ങളും തമ്മിലുള്ള കെമിസ്ട്രിയും സിനിമയ്ക്ക് പ്ലസ് പോയിന്റ് ആണെന്ന് അണിയറപ്രവര്‍ത്തകര്‍ വിലയിരുത്തുന്നു. തമിഴ് സംഗീത സംവിധായകന്‍ വിവെല്‍ മെര്‍വിന്‍ ആണ് വരികള്‍ ചിട്ടപ്പെടുത്തിയത്. അനിരുദ്ധ് രവിചന്ദര്‍ ആണ് ഗാനം ആലപിച്ചത്.

റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ കോടിക്കണക്കിന് ആളുകള്‍ കണ്ട ഗാനരംഗം എന്ന ഖ്യാതിയും റാമിന്റെ പാട്ടിനുള്ളതാണ്. നിലവില്‍ യൂട്യൂബ് ട്രെന്‍ഡിംഗിലാണ് ഗാനം. ചലച്ചിത്ര ഗാനരചയിതാവായുള്ള രംഗപ്രവേശത്തിനു റാമിനു വന്‍ ആശംസാപ്രവാഹമാണു ലഭിക്കുന്നത്. മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രത്തിന്റെ നിർമാണം

Related Stories

No stories found.
Pappappa
pappappa.com