

പിരീഡ് ആക്ഷന്‍ ഡ്രാമയായ 'ബാഹുബലി'ക്ക് ശേഷം പ്രഭാസ് വീണ്ടും ചരിത്ര പശ്ചാത്തലമുള്ള വേഷത്തിലെത്തുന്ന 'ഫൗജി' എന്ന ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ 2026 ഡിസംബര്‍ മൂന്നിന് ചിത്രം റിലീസ് ചെയ്യും. മൈത്രി മൂവി മേക്കേഴ്സ് നിര്‍മിച്ച് ടി-സീരീസ് ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ റിലീസ് തിയതി പങ്കുവെച്ചുകൊണ്ട് അണിയറപ്രവര്‍ത്തകര്‍ രക്തത്തില്‍ കുളിച്ച പ്രഭാസിന്റെ മാസ് ലുക്കിലുള്ള പുതിയ പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്.
മൃതദേഹങ്ങള്‍ക്കിടയില്‍ തോക്കുമായി രക്തം പുരണ്ട് ഒരു പാറപ്പുറത്ത് ഇരിക്കുന്ന പ്രഭാസാണ് പോസ്റ്ററിലുള്ളത്. 'ഒറ്റയ്ക്ക് പോരാടുന്ന ഒരു ബറ്റാലിയന്‍' എന്ന വാചകവും പോസ്റ്ററിലുണ്ട്. ഇത് സിനിമ നല്‍കുന്ന വലിയൊരു യുദ്ധ പശ്ചാത്തലത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. 'അജ്ഞാതപര്‍വം അവസാനിക്കുന്നു... ഫൗജി 2026 ഡിസംബര്‍ 3-ന്' എന്ന കുറിപ്പോടെയാണ് താരം സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റര്‍ പങ്കുവെച്ചത്.
ഹനു രാഘവപ്പുടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൈനികന്റെ വേഷത്തിലാണ് പ്രഭാസ് എത്തുന്നത്. നവാഗതയായ ഇമാന്‍വിയാണ് ചിത്രത്തിലെ നായിക. പ്രശസ്ത തെന്നിന്ത്യന്‍ നടി ജയപ്രദയും ബോളിവുഡ് താരം മിഥുന്‍ ചക്രവര്‍ത്തിയും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. വിശാല്‍ ചന്ദ്രശേഖര്‍ സംഗീതവും സുദീപ് ചാറ്റര്‍ജി ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.
ഈ വര്‍ഷം ജനുവരിയില്‍ റിലീസ് ചെയ്ത 'ദ് രാജാസാബ്' എന്ന ചിത്രത്തിനുശേഷം തിയേറ്ററുകളിലെത്തുന്ന പ്രഭാസ് ചിത്രമായിരിക്കും ഇത്. ഇതുകൂടാതെ സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്യുന്ന 'സ്പിരിറ്റ്', 'കല്‍ക്കി 2898 എഡി' രണ്ടാം ഭാഗം, പ്രശാന്ത് നീലിന്റെ 'സലാര്‍ പാര്‍ട്ട് 2' എന്നിവയും പ്രഭാസിന്റെ വരാനിരിക്കുന്ന വലിയ പ്രോജക്ടുകളാണ്.