

രവി തേജ നായകനായി ബ്ലോക്ബസ്റ്റർ വിജയം നേടിയ 'ഇരുമുടി' സിനിമയിൽ ബാലതാരത്തെ അഭിനയിപ്പിച്ചതുമായി ബന്ധപ്പെട്ട് നിർമാതാക്കൾക്ക് നോട്ടീസ് അയച്ച് തെലങ്കാന തൊഴിൽവകുപ്പ്. സിനിമയുടെ ചിത്രീകരണത്തിലും പ്രചാരണ പരിപാടികളിലും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പങ്കെടുപ്പിച്ചതുമായി ബന്ധപ്പെട്ട നിയമപരമായ നടപടികളിലാണ് വകുപ്പ് വിശദീകരണം തേടിയിരിക്കുന്നത്. നവംബർ നാലിന് അന്വേഷണത്തിന് ഹാജരാകാൻ നിർമാതാക്കളോട് നിർദേശിച്ചിട്ടുണ്ട്. മലയാളിയായ ബാലതാരം ബേബി നക്ഷത്രയാണ് ചിത്രത്തിൽ രവി തേജയുടെ മകളായി അഭിനയിച്ചത്.
സിനിമയുടെ ചിത്രീകരണത്തിനും പ്രചാരണ പരിപാടികൾക്കുമായി പ്രായപൂർത്തിയാകാത്ത കുട്ടിയെ പങ്കെടുപ്പിക്കുമ്പോൾ ജില്ലാ മജിസ്ട്രേറ്റിന്റെ മുൻകൂർ അനുമതി വാങ്ങണമെന്നാണ് ചട്ടം. നിർമാണക്കമ്പനി ഈ അനുമതി നേടിയിരുന്നോ എന്നാണ് തൊഴിൽവകുപ്പ് പ്രധാനമായും പരിശോധിക്കുന്നത്.
ബാലതാരത്തിന് ലഭിച്ച പ്രതിഫലത്തിന്റെ 20 ശതമാനം കുട്ടിയുടെ പേരിൽ സ്ഥിരനിക്ഷേപമായി സുരക്ഷിതമായി നിക്ഷേപിച്ചിട്ടുണ്ടോ എന്നും അധികൃതർ പരിശോധിക്കും. ചിത്രീകരണത്തിനും പ്രചാരണ പരിപാടികൾക്കുമായി കുട്ടി എത്ര മണിക്കൂർ ജോലി ചെയ്തുവെന്നതിന്റെ വിശദാംശങ്ങളും തൊഴിൽവകുപ്പ് തേടിയിട്ടുണ്ട്.
ഇതിനുപുറമെ, കുട്ടിയുടെ മാതാപിതാക്കളുടെ സമ്മതപത്രം, സിനിമാ പ്രവർത്തനങ്ങളിൽ പങ്കെടുത്തതുമൂലം കുട്ടിയുടെ പഠനം തടസ്സപ്പെട്ടിട്ടില്ലെന്ന് ഉറപ്പാക്കാൻ സ്വീകരിച്ച നടപടികൾ എന്നിവയുമായി ബന്ധപ്പെട്ട രേഖകളും ഹാജരാക്കാൻ നിർമാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ശിവ നിർവാണ സംവിധാനം ചെയ്ത ചിത്രം മൈത്രി മൂവി മേക്കേഴ്സാണ് നിർമിച്ചത്. രവി തേജ നായകനായ ചിത്രം സമീപകാലത്തെ വലിയ വിജയങ്ങളിലൊന്നായി മാറിയിരുന്നു. 250 കോടിയും കടന്ന് മുന്നേറിയ ഈ കൊച്ചുചിത്രം ഒടിടി സ്ട്രീമിങ്ങ് തുടങ്ങിയതോടെ ലോകമെങ്ങുമുള്ള പ്രേക്ഷകരെ കീഴടടക്കി.