

ഹിന്ദു ആത്മീയ ഗുരു നീം കരോലി ബാബയുടെ ജീവിതത്തെ ആസ്പദമാക്കി വിശാൽ ചതുർവേദി സംവിധാനം ചെയ്ത 'ഹനുമാൻ അംശ്' എന്ന ചിത്രം തെലുങ്ക് പതിപ്പിൽ റിലീസിനെത്തുന്നു. ഏകദേശം രണ്ടു കോടി രൂപ ബജറ്റിൽ നിർമിച്ച് ബോക്സ് ഓഫീസിൽ 414 കോടിയിലധികം രൂപ കളക്ഷൻ നേടി ചരിത്രം സൃഷ്ടിച്ച ഈ ചിത്രം ഒക്ടോബർ ഒമ്പതിനാണ് തെലുങ്കിൽ റിലീസ് ചെയ്യുന്നത്.
പ്രശസ്ത പ്രൊഡക്ഷൻ ഹൗസായ ഹോംബാലെ ഫിലിംസ് ആണ് തെലുങ്ക് പതിപ്പ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. മുമ്പ് സംവിധായകൻ ത്രിവിക്രം ശ്രീനിവാസ് തെലുങ്കിൽ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും, ചില കാരണങ്ങളാൽ പിന്നീട് മാറ്റം വരികയും റിലീസ് തിയതി മാറ്റി നിശ്ചയിക്കുകയുമായിരുന്നു. നിർമാതാക്കളുടെ ചില നിബന്ധനകളിന്മേലുള്ള വിയോജിപ്പുകൊണ്ട് ത്രിവിക്രം ശ്രീനിവാസ് പിന്മാറുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
വിശാൽ ചതുർവേദി രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ ശോഭിനവ് സത്യ,ചന്ദൻ കെ.ആനന്ദ്,അനിൽ രസ്തോഗി,പൂർണിമ തിവാരി തുടങ്ങിയവരാണ് അഭിനേതാക്കൾ. രാഗിണി എസ്,നമ്രത ജി.സിങ്,അനുപ്രിയ എ.നാഗർ,വിശാൽ ചതുർവേദി എന്നിവർ ചേർന്നാണ് നിർമാണം.