

മലയാളത്തിന്റെ പ്രിയ സംവിധായകനും നടനുമായ ബേസില്‍ ജോസഫ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പുതിയ ചിത്രം തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജുന്റെ ആരാധകര്‍ക്കിടയിലും സിനിമാ പ്രേമികള്‍ക്കിടയിലും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ബേസില്‍ പങ്കുവെച്ച ഒരു ചിത്രമാണ് പുതിയ ഊഹാപോഹങ്ങള്‍ക്ക് കാരണം. അല്ലു അര്‍ജുന്‍ എന്ന മലയാളികളുടെ പ്രിയപ്പെട്ട 'മല്ലു'അര്‍ജുനും ബേസിലും ഒന്നിക്കുമ്പോള്‍ വെള്ളിത്തിരയില്‍ അരങ്ങേറുന്നത് മാസ് വിസ്മയം ആയിരിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
'ഐക്കണ്‍' എന്ന് എഴുതിയ കറുത്ത ക്യാപിന്റെ ചിത്രമാണ് ബേസില്‍ പോസ്റ്റ് ചെയ്തത്. അല്ലു അര്‍ജുന്റെ സിനിമാലോകത്തെ വിശേഷണമായ 'ഐക്കണ്‍ സ്റ്റാര്‍' എന്നതുമായി ബന്ധപ്പെടുത്തിയാണ് സോഷ്യല്‍ മീഡിയ ചിത്രത്തെ കാണുന്നത്. ഇതിനു മുന്‍പും ബേസില്‍ ജോസഫും അല്ലു അര്‍ജുനും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ബേസില്‍ ധരിച്ച ക്യാപ് ഈ പ്രോജക്ടിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നതിന്റെ സൂചനയാണെന്നാണ് ആരാധകര്‍ വിലയിരുത്തുന്നത്.
തെന്നിന്ത്യന്‍ സിനിമാ ലോകം ഏറെ ആകാംഷയോടെയാണ് ഈ കൂട്ടുകെട്ടിനായി കാത്തിരിക്കുന്നത്. 'മിന്നല്‍ മുരളി'യിലൂടെ പാന്‍-ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധ നേടിയ സംവിധായകനാണ് ബേസില്‍ ജോസഫ്. അല്ലു അര്‍ജുന്റെ മാസ് പ്രകടനവും ബേസിലിന്റെ തനതായ സംവിധാന ശൈലിയും ഒന്നിക്കുമ്പോള്‍ ഇതൊരു ദൃശ്യവിരുന്നായിരിക്കുമെന്നതില്‍ സംശയമില്ല.
അല്ലു അർജുന്റെ സഹോദരൻ അല്ലു സിരിഷിന്റെ വിവാഹറിസപ്ഷനിലേക്ക് ബേസിലിന് ക്ഷണമുണ്ടായിരുന്നു. ഹൈദ്രാബാദിൽ നടന്ന വിരുന്നിൽ ബേസിൽ പങ്കെടുക്കുകയും ചെയ്തു.
നിലവില്‍ പുതിയ ചിത്രത്തിന്റെ റിലീസ് തിരക്കുകളിലാണ് അല്ലു. ഈ ചിത്രത്തിനുശേഷം ബേസില്‍ ജോസഫ് ചിത്രത്തിന്റെ ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവരുമെന്നാണ് സിനിമാലോകത്ത് നിന്നുള്ള സൂചനകള്‍.