
തെന്നിന്ത്യൻ സൂപ്പർതാരം ധനുഷിന്റെ ഏറ്റവും പുതിയ ചിത്രം 'കുബേര' ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ച് മുന്നേറുന്നു. ഒറ്റദിവസംകൊണ്ട് ചിത്രം നേടിയത് 13 കോടിയിലേറെ! സാക്നില്‍കിന്റെ റിപ്പോര്‍ട്ട് പ്രകാരമുള്ള കണക്കാണിത്. ഇന്ത്യയില്‍നിന്ന് മാത്രമുള്ള കണക്കുകളാണിത്. പ്രേക്ഷകപ്രീതി നേടിയ ചിത്രം കേരളത്തിലും വൻ കുതിപ്പു തുടരുകയാണ്. കേരളത്തില്‍ ചിത്രം പ്രദർശനത്തിനെത്തിച്ചത് ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് ആണ്.
തെലുങ്ക് സംവിധായകന് ശേഖര്‍ കമ്മൂല ഒരുക്കിയ ചിത്രം തമിഴിലും തെലുങ്കിലുമായാണ് പ്രദർശനം തുടരുന്നത്. ചിത്രത്തിൽ നാഗാര്‍ജുനയും പ്രധാന വേഷത്തിലെത്തുന്നു. രശ്മിക മന്ദാനയാണ് നായിക. വ്യത്യസ്ത ഗെറ്റപ്പിലാണ് ധനുഷ് സിനിമയില്‍ എത്തുന്നത്. ധനുഷിന്റെ ആരാധകരുടെ മാത്രമല്ല, പൊതുപ്രേക്ഷകർക്കിടിയിലും ഇതിനു മികച്ച പ്രതികരണമാണു ലഭിക്കുന്നത്. മൗത്ത് പബ്ലിസിറ്റി കൊണ്ടു മുന്നേറുന്ന ചിത്രം ഇനിയും കോടികള്‍ വാരിക്കൂട്ടുമെന്ന കാര്യം ഉറപ്പാണ്.
'കുബേര' കളക്ഷൻ വേട്ട തുടരുകയാണെങ്കിലും നിർമാതാക്കൾ ഔദ്യോഗികമായി പുറത്തുവിടുന്ന കണക്കുകള്‍ക്കായി കാത്തിരിക്കണം. സുനില്‍ നാരംഗ്, പുഷ്കര്‍ റാം മോഹന്‍ റാവു എന്നിവര്‍ ചേര്‍ന്ന് ശ്രീ വെങ്കടേശ്വര സിനിമാസ് എല്‍എല്‍പി, അമിഗോസ് ക്രിയേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബാനറിലാണു നിര്‍മാണം.