ടൂറിസ്റ്റ് ഫാമിലിയിലെപ്പോലൊരു സീൻ,ഒടുവിൽ അഭിഷൻ ചോദിച്ചു: 'എന്നെ കല്യാണം കഴിക്കുമോ?'

1.ടൂറിസ്റ്റ് ഫാമിലിയുടെ പ്രമോഷൻ ചടങ്ങിൽ സംവിധായകൻ അഭിഷൻ ജീവിന്ത് സംസാരിക്കുന്നു.2.അഭിഷന്റെ വാക്കുകൾ കേട്ട് കണ്ണുതുടയ്ക്കുന്ന കാമുകി അകില
1.ടൂറിസ്റ്റ് ഫാമിലിയുടെ പ്രമോഷൻ ചടങ്ങിൽ സംവിധായകൻ അഭിഷൻ ജീവിന്ത് സംസാരിക്കുന്നു.2.അഭിഷന്റെ വാക്കുകൾ കേട്ട് കണ്ണുതുടയ്ക്കുന്ന കാമുകി അകിലയൂട്യൂബ് വീഡിയോ സ്ക്രീൻ​ഗ്രാബ്
Published on

'ടൂറിസ്റ്റ് ഫാമിലി' എന്ന ചിത്രത്തിൽ വൈകാരികമായ അനേകം രം​ഗങ്ങളുണ്ട്. അതിലൊന്നാണ്,പ്രധാനകഥാപശ്ചാത്തലമായ കേശവ ​ന​ഗർ കോളനിയിലെ താമസക്കാർക്ക് ശല്യമായി മാറിയിരുന്ന മദ്യപനായ ഒരു ചെറുപ്പക്കാരൻ പള്ളിക്കുള്ളിൽവെച്ച് സ്വന്തം ജീവിതകഥ പറയുന്നത്. അതിലയാൾ അമ്മയോടുള്ള ആത്മബന്ധത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. അത്രയും നാൾ അയാളെ വെറുത്തവരെല്ലാം ആ നിമിഷത്തിൽ കരഞ്ഞു,പശ്ചാത്തപിച്ചു. ആ ചെറുപ്പക്കാരനെ മനസ്സിലാക്കാനാകാതെ പോയതിൽ സങ്കടപ്പെട്ടു. പിന്നെ അയാളെ ഇഷ്ടപ്പെട്ടു.

ആ കഥാപാത്രത്തെ അവതരിപ്പിച്ചത് സിനിമയുടെ സംവിധായകനായ അഭിഷൻ ജീവിന്ത് ആണ്. ഏതാണ്ട് സിനിമയിലേതുപോലൊരു രം​ഗം ടൂറിസ്റ്റ് ഫാമിലിയുടെ റിലീസിന് മുമ്പുനടന്ന പ്രമോഷൻ പരിപാടിയിലും സംഭവിച്ചു. തനിക്ക് മുന്നിലിരുന്നവരോട് വികാരഭരിതനായിട്ടായിരുന്നു അഭിഷൻ സംസാരിച്ചത്. അമ്മയെക്കുറിച്ച് പറഞ്ഞുതുടങ്ങിയ അയാൾ സിനിമയിൽ തനിക്കൊപ്പം സഹകരിച്ച ഓരോ ആൾക്കും പേരെടുത്ത് നന്ദി പറഞ്ഞു. കേട്ടിരുന്നവരുടെ കണ്ണുകൾ പലപ്പോഴും നിറഞ്ഞു. ഒടുവിൽ അയാൾ പറഞ്ഞു: 'അവസാനമായി ഒരാൾക്ക് നന്ദി പറയണം...അകില ഇളങ്കോവൻ...അഖില സ്കൂളിൽപഠിക്കുമ്പോൾ ആറാംക്ലാസ്സുതൊട്ടേ എനിക്കറിയാം. ഈ സമയത്ത് എനിക്ക് നിന്നോട് എന്തുപറയണമെന്ന് അറിയില്ല. നിന്റെയടുത്ത് ഒന്ന് ചോദിക്കണമെന്ന് ആ​ഗ്രഹമുണ്ട്. വരുന്ന ഒക്ടോബർമാസം 31ന് എന്നെ കല്യാണം കഴിക്കുമോ? ഐ ലവ് യൂ സോ മച്ച്...'

ഒരു പ്രണയത്തിന്റെ ഏറ്റവും സുന്ദരമായ ക്ലൈമാക്സ്. സദസ്സിലിരുന്ന അഖില അത് കേട്ട് കണ്ണുതുടച്ചു. അവിടെ ടൂറിസ്റ്റ് ഫാമിലി എന്ന സിനിമ കാഴ്ചക്കാരുടെ ഹൃദയത്തിൽ ആദ്യമായി കൊളുത്തിയിടപ്പെട്ടു. പിന്നീടുണ്ടായത് ചരിത്രം. സൂര്യയുടെ 'റെട്രോ'യെപ്പോലും കളക്ഷനിൽ ബഹുദൂരം പിന്നിലാക്കി തീയറ്ററുകളിൽ കുതിച്ചോടി ഈ സിനിമ. വെറും എട്ടുകോടി ചെലവിട്ടൊരുക്കിയ സിനിമയുടെ ആ​ഗോള കളക്ഷൻ 88 കോടി. ഒ.ടി.ടിയിലെത്തിയപ്പോഴാകട്ടെ എങ്ങും നല്ലവാക്കുകൾ മാത്രം. സിനിമയെ അ​ഗാധമായി പ്രണയിച്ച ഒരു ചെറുപ്പക്കാരന്റെ സ്വപ്നസാക്ഷാത്കാരം. അയാളുടെ സത്യസന്ധമായ വാക്കുകൾക്കുള്ള പ്രതിഫലം.

അഭിഷൻ ജീവിന്ത്
അഭിഷൻ ജീവിന്ത് ഫോട്ടോ-അറേഞ്ച്ഡ്

അഭിഷന്റെ ആ വൈകാരിക പ്രസം​ഗം ഇങ്ങനെയായിരുന്നു:

'സത്യത്തിൽ കുറച്ച് ഇമോഷണലാണ് ഞാൻ. ഈ സ്റ്റേജ് എനിക്ക് വളരെ പ്രധാനപ്പെട്ടതാണ്. ഈ കഥയുടെ തുടക്കം...അതിന് മുമ്പ് ഞാൻ പറഞ്ഞിട്ടുണ്ട് ടൂറിസ്റ്റ് ഫാമിലി ഒരു കുടുംബചിത്രമാണ്,എല്ലാവരും ഒരുമിച്ച് സന്തോഷമായി കാണേണ്ട ചിത്രമാണെന്ന്..അമ്മ എന്നെ ചെറിയ വയസ്സിലേ ഒരു കാര്യം പഠിപ്പിച്ചു. എന്താണെന്ന് വച്ചാൽ,ആരെയും വെറുക്കാതെ അവരുടെയെല്ലാം മേൽ സ്നേഹം കാണിക്കണം..പക്ഷേ എനിക്ക് ചില സമയം തോന്നാറുണ്ടായിരുന്നു,ഇവരെന്തിനാണ് മറ്റുള്ളവരോട് ദേഷ്യപ്പെടുന്നതെന്ന്. ചെറിയ വയസ്സിൽ അങ്ങനെ വിചാരിക്കാറുണ്ടായിരുന്നു. അപ്പോൾ അമ്മ എനിക്ക് പറഞ്ഞുതന്നത് നീ ജീവിതത്തിൽ എന്താണോ ചെയ്യുന്നത് അതിനുള്ള ഫലം തിരിച്ചുകിട്ടുമെന്ന്. ആ പ്രായത്തിൽ അത് ശക്തമായിട്ട് മനസ്സിൽ പതിഞ്ഞു.

പടം ചെയ്യാൻ തുടങ്ങിയപ്പോൾ ഒരുപാട് പേർ എന്നോട് പറഞ്ഞു,അമ്മയോട് ആശംസ പറയണമെന്ന്. പക്ഷേ ഇപ്പോൾ ഞാൻ പറയുന്നു എല്ലാ ആശംസകളും അമ്മയ്ക്കുള്ളതാണെന്ന്. കാരണം ഞാനിപ്പോൾ ഒരു നല്ല വ്യക്തിയായി നില്കുന്നുണ്ടെങ്കിൽ അതിനുകാരണം അമ്മയാണ്. ധാരാളം പേർ സ്റ്റേജിൽ സംസാരിക്കുന്നത് സ്കൂളിൽ പഠിക്കുമ്പോൾ കണ്ടിട്ടുണ്ട്. അവർ എല്ലാവരും പറയും,ചെറിയ പ്രായം തൊട്ടേ കഷ്ടപ്പെട്ടാണ് ഇവിടെ വരെ എത്തിയതെന്ന്. ശരിക്കും ഭക്ഷണം കഴിച്ചില്ല,റോഡിലുറങ്ങിയിട്ടുണ്ട്..അങ്ങനെയങ്ങനെ...അതെല്ലാം കടന്നാണ് ഇപ്പോഴുള്ള വിജയത്തിലെത്തിയത് എന്ന്. അതെല്ലാം കാണുമ്പോൾ എനിക്കും തോന്നിയിട്ടുണ്ട്,ഞാനും ഒരിക്കൽ ഇങ്ങനെ സംസാരിക്കുമെന്ന്. ജയിക്കുമ്പോൾ എന്റെ കഷ്ടപ്പാടുകൾ പറയണമെന്ന്. പക്ഷേ, ഞാൻ വിചാരിച്ചതും ചോദിച്ചതുമെല്ലാം വാങ്ങിത്തന്ന് എനിക്ക് അങ്ങനെ സംസാരിക്കാൻ ഒരവസരം തരാതിരുന്നയാളാണ് എന്റെ അച്ഛൻ...ഒരുപാട് നന്ദി അപ്പാ...നിങ്ങൾ എനിക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്.(വിതുമ്പുന്നു)എല്ലാത്തിനും നന്ദി..

ഇനി ടൂറിസ്റ്റ് ഫാമിലിയുടെ ആരംഭത്തിലേക്ക് പോകാം.നന്ദി ബാലണ്ണ,ഈ സിനിമയുടെ ആദ്യത്തെ നരേഷൻ കേൾക്കാൻ നിങ്ങളെ ഞാൻ ഒരുപാട് പീഡിപ്പിച്ചു. കഥകേട്ടിട്ട്,നന്നായിരിക്കുന്നു എന്നാൽ ഇത് ചെയ്യുമോ ഇല്ലയോ എന്ന് എനിക്കറിയില്ല എന്നുപറഞ്ഞ് ഒരു നിർമാതാവിന് മുന്നിലെത്തിച്ചു. ഈ അവസരം തന്ന നിർമാതാക്കൾക്കാണ് ഇനി നന്ദി പറയേണ്ടത്. ഞാൻ ഇവിടെ നില്കാൻ കാരണം അവരാണ്. നിങ്ങൾ എന്റെ വയസ്സോ പ്രവൃത്തിപരിചയമോ നോക്കിയിരുന്നെങ്കിൽ എനിക്ക് ഈ സിനിമ ഒരിക്കലും ചെയ്യാൻ പറ്റില്ലായിരുന്നു. എനിക്ക് എല്ലാവിധത്തിലും പിന്തുണ നല്കിയ മഹേഷ് അണ്ണ,യുവരാജ് അണ്ണ...ഒത്തിരി നന്ദി..ഒരുപാട് പ്രമോഷൻ തന്ന് നിങ്ങൾ ഈ സിനിമയെ എല്ലായിടത്തും എത്തിച്ചു. ഇത്തരത്തിലൊരു ഓപ്പണിങ് ഒരു നവാ​ഗത സംവിധായകന് കിട്ടുകയെന്ന് വെച്ചാൽ അത് ഒരു വലിയകാര്യമാണ്. ആ അർഥത്തിൽ ഞാൻ അനു​ഗൃഹീതൻ ആണ്. പ്രൊഡക്ഷൻ ഹൗസ് ഇതേപോലെ എല്ലാ പുതിയ സംവിധായകർക്കും അവസരം കൊടുക്കണമെന്ന് ഞാൻ ആ​ഗ്രഹിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഹരീഷ് അണ്ണ എന്നെ എല്ലാത്തിലും കംഫർട്ടട്ടബിളാക്കി..നന്ദി...നരേഷൻ കേട്ട് കഥ മൊത്തം ആസ്വദിച്ച് എനിക്കും പ്രൊഡ്യൂസർക്കുമിടയിൽ പാലമായി നിന്ന് എല്ലാം കൺഫ്യൂഷനും പരിഹരിച്ചതിന് ക്രിയേറ്റീവ് പ്രൊഡ്യൂസർ വിജയ് അണ്ണയ്ക്ക് നന്ദി..

ടൂറിസ്റ്റ് ഫാമിലി പോസ്റ്റർ
ടൂറിസ്റ്റ് ഫാമിലി പോസ്റ്റർ അറേഞ്ച്ഡ്

അടുത്തതായി ശശികുമാർ സാർ...ഈ പടത്തിൽ രണ്ടുകുട്ടികളുടെ അച്ഛനായിട്ടാണ് അദ്ദേഹം അഭിനയിച്ചത്. പക്ഷേ രണ്ടല്ല,എന്നെയും ചേർത്ത് മൂന്നുപേരുടെ അച്ഛൻ. എപ്പോഴും എന്റെ അച്ഛനെപ്പോലെയായിരുന്നു ശശിസാർ. ഇന്റർവ്യൂവിലൊക്കെ പതറുമ്പോൾ എന്നെ രക്ഷിച്ച് ഭം​ഗിയായി കൊണ്ടുപോയത് സാറാണ്. നന്ദി...നിങ്ങളെ എനിക്ക് എന്തിഷ്ടമാണെന്നോ...നിങ്ങളെപ്പറ്റി ഞാൻ എല്ലാ ഇന്റർവ്യൂവിലും പറഞ്ഞു. നിങ്ങൾ ഈ പടത്തിൽ എത്ര പ്രധാനമാണ് എന്ന് എല്ലായിടത്തും പറഞ്ഞു. ഇപ്പോൾ എനിക്ക് പറയാനുള്ളത് നന്ദി എന്നുമാത്രമാണ്.

സിമ്രാൻ മാം...ഞാൻ ട്രിച്ചി സ്കൂളിൽ ആനുവൽഡേക്ക് പെർഫോം ചെയ്യുമ്പോൾ ചീഫ് ​ഗസ്റ്റായി വന്നിരുന്നത്. അന്ന് മാം വന്നപ്പോൾ ഓടിച്ചെന്നതാണ് ഇപ്പോൾ ഓർമവരുന്നത്. ആ മാമിനെ ഡയറക്ട് ചെയ്യാൻ പറ്റിയതിൽ ഒത്തിരിസന്തോഷം. നിങ്ങൾ എത്തിയപ്പോഴാണ് ഈ സിനിമ അടുത്ത ലെവലിലേക്ക് പോയതും എല്ലാവരും അതേക്കുറിച്ച് സംസാരിച്ചുതുടങ്ങിയതും. നന്ദി.. നിങ്ങളുടെ എല്ലാം കഴിവുകളും എനിക്ക് ഉപയോ​ഗപ്പെടുത്തായതായി കരുതുന്നു.

മിഥുൻ ആന്റ് കമലേഷ്..രണ്ടുപേരും എക്സ്ട്രാ ഓർഡിനറി പെർഫോമേഴ്സ്...നിങ്ങൾ രണ്ടുപേരും എന്റെ സഹോദരന്മാർ..ഈ പടം നിങ്ങൾക്കൊരു മാജിക് സമ്മാനിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. രണ്ടുപേരും വലിയ നിലയിലെത്തും. യോ​ഗിബാബു സാർ ഞങ്ങൾക്ക് ഈ സിനിമയ്ക്ക് വേണ്ടി അഞ്ചുദിവസത്തെ ഡേറ്റ് തന്നു. ആദ്യത്തെ ദിവസം ഷൂട്ട് കഴിഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു,കാശിനെക്കുറിച്ച് വിഷമിക്കേണ്ട..നിനക്ക് എക്സ്ട്രാ പൈസ വേണമെങ്കിൽ പറയണം..എനിക്ക് ഈ സിനിമ എന്തായാലും ചെയ്യണം...ഇതിൽ‍ അഭിനയിക്കണം.എന്ന്. അങ്ങനെ പറഞ്ഞതുതന്നെ എനിക്ക് വലിയ കാര്യം..നന്ദി..

എം.എസ്.ഭാസ്കർ സാർ...നിങ്ങളെപ്പോലെ പ്രൊഫഷണലായ ഒരാളെ ഞാൻ കണ്ടിട്ടേയില്ല..ഒന്നുചോദിച്ചാൽ മൂന്നുതരുന്ന പോലെ പെർഫോം ചെയ്യും. നിനക്ക് ഇതിൽ ഏതിഷ്ടപ്പെട്ടു,അത് സെലക്ട് ചെയ്യൂ എന്ന് പറയും..രമേഷ് തിലക് അണ്ണ..എനിക്ക് ഇഷ്ടപ്പെട്ട പെർഫോർമറാണ്. ഞാൻ നേരത്തെ തന്നെ നിങ്ങളെ ശ്രദ്ധിച്ചിരുന്നു. ക്ലൈമാക്സിനെക്കുറിച്ച് ഞാൻ നിങ്ങളോട് ഒരു കാര്യം പറഞ്ഞു. അത് ഉറപ്പായും നടക്കും.

ഇളങ്കോ കുമാരവേൽസാർ,ശ്രീജരവി മാം,പ്രസന്ന അണ്ണ,യോ​ഗാലക്ഷ്മി,സുദർശൻ ബ്രോ,സൗന്ദര്യമാം,എല്ലാവർക്കും നന്ദി..ഈ സിനിമയിലേക്ക് എല്ലാവരും വന്നതിൽ ഒരുപാട് സന്തോഷം. ഈ സിനിമ നിങ്ങൾ ആ​ഗ്രഹിക്കുന്നതിനെ തരും. ഇത് നിങ്ങളെ ഉറപ്പായും കൂടുതൽ മെച്ചപ്പെട്ട ഒരിടത്തേക്ക് ഉയർത്തുമെന്ന് ഞാൻ വിശ്വസിക്കുന്നു...നന്ദി.

എവിടെയും എന്നെ വിട്ടുകൊടുക്കാതെ എനിക്ക് തുണയായ ഡി.ഒ.പി അരവിന്ദ് വിശ്വനാഥൻ നന്ദി...ഭരത് അണ്ണ..ഈ പടം ഇറങ്ങിയതിന് ശേഷം നിങ്ങളുടെ കട്സ് എത്ര മനോഹരമാണെന്ന് ലോകം കാണും..നന്ദി...മ്യൂസിക് ചെയ്ത സീൻ റോൾഡൻ സാർ..എന്റെ വിജയത്തിന്റെ അമ്പത് ശതമാനം സാറിന് കൊടുക്കും. അത്രയും മനോഹരമായി മ്യൂസിക് ചെയ്തു. അതിനേക്കാളുപരി നിങ്ങൾ ഒരു നല്ല മനുഷ്യനാണ്. എനിക്ക് ജീവിത്തിലെ പല മൂല്യങ്ങളും വിഷയങ്ങളും പഠിപ്പിച്ചു തന്നു. അഭീ...മുന്നിൽ വാ...മുന്നിൽ വാ...എന്ന് പിന്നിൽ നിന്ന് തള്ളിക്കൊണ്ടേയിരുന്നു. ഐ ലവ് യൂ സോ മച്ച്..

ലിറിസിസ്റ്റ് മോഹൻ റായ് അണ്ണ...മറ്റൊരു തൂൺ...അടുത്ത സിനിമയിൽ നിങ്ങൾ എന്താണ് ചെയ്യാൻപോകുന്നതെന്ന് അറിയില്ല. കാരണം നിങ്ങളിലുള്ളതെല്ലാം ഞങ്ങൾ ഊറ്റിയെടുത്തു. അത്രയും സൂപ്പറാണ് പാട്ടുകൾ. ആർട്ട് ഡയറക്ടർ രാജ് കമൽ ബ്രോ...അമേസിങ് വർക്ക് ബ്രോ..

കോസ്റ്റ്യൂം ഡിസൈനർ നവ...നിങ്ങളുടെ കോസ്റ്റ്യൂം കണ്ടാലേ മനസ്സിലാകും ആ കഥാപാത്രം എങ്ങനെയുള്ളയാളാണെന്ന്. അവരെന്ത് ടൈപ്പ്,ക്ലാസ് എല്ലാ കാര്യത്തെയും ഒരു കോസ്റ്റ്യൂം വഴി പറയും. നന്ദി...

വിധുസോന...ചെറിയ ഒരു ഫാമിലിയെ ലോകം മുഴുവൻ ടൂർ കൊണ്ടുപോയത് നിങ്ങളുടെ ഡിസ്ട്രിബ്യൂഷനാണ്. ഇത്രയും വലിയ റിലീസിൽ ഞാൻ ഒരുപാട് ഹാപ്പിയാണ്. ഉദയ് സാർ..നരേഷൻ മുതൽ നിങ്ങളെനിക്ക് കൂട്ടായി...ഇങ്ങനെയൊരു ടെക്നീഷ്യന്റെ കൂടെ വർക്ക് ചെയ്തതിൽ ഞാൻ സന്തോഷിക്കുന്നു.

അഭിഷന്റെ വാക്കുകൾ കേട്ടിരിക്കുന്ന കാമുകി അകില
അഭിഷന്റെ വാക്കുകൾ കേട്ടിരിക്കുന്ന കാമുകി അകിലയൂട്യൂബ് വീഡിയോ സ്ക്രീൻ​ഗ്രാബ്

ഡയറക്ഷൻ ടീം ഐ ലവ് യൂ..സോമച്ച്..സോമച്ച് ​ഗയ്സ്...ഒരുപാട് കാര്യങ്ങൾ നിങ്ങളിൽ നിന്ന് പഠിച്ചു. അടുത്തസിനിമയിൽ നിങ്ങളെ എല്ലാവരെയും എന്റെ കൂടെത്തന്നെ കൊണ്ടുപോകണം. അതാണെന്റെ ആ​ഗ്രഹം. നിങ്ങളെ വേറെ സിനിമ ചെയ്യാൻ വിടരുത് എന്നാണ് ഉദ്ദേശിക്കുന്നത്. അതൊരുപക്ഷേ എന്റെ സ്വാർഥതയാകാം. എങ്കിലും നിങ്ങളെല്ലാവരും നല്ല സിനിമ ചെയ്യണം.. എല്ലാവരും അത്രയും ടാലന്റ്ഡ്. നിങ്ങളുടെ സിനിമ കാണാൻ ഞാൻ വെയ്റ്റ് ചെയ്യുന്നു.

പ്രമോഷൻസിൽ എല്ലാ സഹായവും ചെയ്ത വെങ്കട് ബ്രോ,ഈ സിനിമയിൽ ഭം​ഗിയുള്ള ഒരു പാട്ട് പാടിയിട്ടുണ്ട്. സിനിമ കാണുമ്പോൾ നിങ്ങൾക്കത് മനസ്സിലാകും. മാനേജേഴ്സ് ആയ നാ​ഗരാജ് ബ്രോ, പ്രശാന്ത് ബ്രോ,സുരേഷ് ബ്രോ...നന്ദി..ഞങ്ങളുടെ ഷൂട്ട് ഇത്ര ഈസിയാക്കി തന്നതിന്. പിന്നെ യുവാൻ സാർ,എസ്.പി.ചരൺ,വിജയ് യേശുദാസ്,സൈന്ധവിവി,മനോജ് ബ്രോ,വെങ്കട്..ഇവരെല്ലാം സൂപ്പറായി പാടി. കഥ കൺവേ ചെയ്യാനാണ് പാട്ടുകളുപയോ​ഗിച്ചത്. ആ ഇമോഷനെ ഇവർ ശബ്ദം കൊണ്ട് നിങ്ങളുടെ അടുത്തെത്തിച്ചത്. നന്ദി..തിങ്ക് മ്യൂസികിനും നന്ദി..

സ്റ്റിൽ മണി ബ്രോ...നിങ്ങളുടെ എല്ലാ ഫോട്ടോസും സൂപ്പർ..നന്ദി..സിനിമയിൽ അയൽക്കാരായി അഭിനയിച്ച ഓരോരുത്തർക്കും,ഓരോ ചെറിയ കഥാപാത്രത്തെ അവതരിപ്പിച്ചവർക്കും നന്ദി...എല്ലാം കവർ ചെയ്തുവെന്ന് ഞാൻ വിചാരിക്കുന്നു.

അവസാനമായി ഒരാൾക്ക് നന്ദി പറയണം...അകില ഇളങ്കോവൻ...അകില സ്കൂളിൽപഠിക്കുമ്പോൾ ആറാംക്ലാസ്സുതൊട്ടേ എനിക്കറിയാം. ആറാം ക്ലാസ്സുതൊട്ടേ നീ എന്റെ കൂടെയുണ്ട്. പത്താം ക്ലാസ്സ് തൊട്ട് ക്ലോസ് ആണ്. ഈ സമയത്ത് എനിക്ക് നിന്നോട് എന്തുപറയണമെന്ന് അറിയില്ല. നിന്റെയടുത്ത് ഒന്ന് ചോദിക്കണമെന്ന് ആ​ഗ്രഹമുണ്ട്. വരുന്ന ഒക്ടോബർമാസം 31ന് എന്നെ കല്യാണം കഴിക്കുമോ? ഐ ലവ് യൂ സോ മച്ച്...എല്ലാപ്രാവശ്യവും ഞാൻ വിഷമിച്ചിരിക്കുമ്പോൾ അവളാണ് എന്നെ.....ഞാനൊരു നല്ല മനുഷ്യനായിരിക്കുന്നതിൽ എന്റെ അമ്മയ്ക്ക് എന്ത് പങ്കുണ്ടോ അതേ അളവ് അകിക്കുമുണ്ട്.'

(സദസ്സിലിരുന്ന അഖില കണ്ണ് തുടയ്ക്കുന്നു)

Related Stories

No stories found.
Pappappa
pappappa.com