

എമ്മി അവാർഡ് വേദിയിൽ പുതിയ ചരിത്രമെഴുതാൻ ഒരുങ്ങി മക്കൾ സെൽവൻ വിജയ് സേതുപതി. 54-ാമത് ഇന്റർനാഷണൽ എമ്മി അവാർഡ് ദാന ചടങ്ങിൽ അവതാരകനായി വിജയ് സേതുപതി പങ്കെടുക്കുമെന്ന ഔദ്യോഗിക വിവരങ്ങളാണു പുറത്തുവന്നിരിക്കുന്നത്.
ഇന്ത്യൻ സിനിമയുടെ പ്രശസ്തി ലോകവേദിയിൽ എത്തിക്കുന്ന വിജയ് സേതുപതി, ഇന്റർനാഷണൽ എമ്മി അവാർഡിൽ പുരസ്കാരം സമ്മാനിക്കുന്ന ആദ്യ ഇന്ത്യൻ നടനെന്ന ചരിത്രമാണ് ഇതിലൂടെ കുറിക്കുന്നത്. ഈ മാസം നവംബർ 23-നാണ് ന്യൂയോർക്കിൽ പ്രൗഢഗംഭീരമായ ഇന്റർനാഷണൽ എമ്മി അവാർഡ് ചടങ്ങ് നടക്കുന്നത്.
ഇന്ത്യൻ പ്രതിഭകൾക്ക് ആഗോളതലത്തിൽ കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് വലിയ അംഗീകാരം തേടിയെത്തിയിരിക്കുന്നത്. ഇതിനുമുമ്പ് പ്രിയങ്ക ചോപ്ര അമേരിക്കൻ പ്രൈംടൈം എമ്മി അവാർഡുകളിൽ അവതാരകയായി എത്തിയിട്ടുണ്ടെങ്കിലും, ഇന്റർനാഷണൽ എമ്മി അവാർഡ് വേദിയിലെത്തുന്ന ആദ്യ ഇന്ത്യൻ പുരുഷതാരം കൂടിയാണ് വിജയ് സേതുപതി.
നിരവധി കഥാപാത്രങ്ങളിലൂടെയും വ്യത്യസ്തമായ ചിത്രങ്ങളിലൂടെയും പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ വിജയ് സേതുപതിയുടെ നേട്ടം ഇന്ത്യൻ സിനിമാലോകത്തിന് മുഴുവൻ അഭിമാനകരമായ ഒന്നാണ്.