

തമിഴകത്തെ മാതൃകാദമ്പതികളായി ആരാധകര്‍ കണ്ടിരുന്ന ദളപതി വിജയ്‌യും സംഗീത സ്വര്‍ണലിംഗവും വിവാഹമോചനത്തിലേക്ക്. 26 വര്‍ഷം നീണ്ട ദാമ്പത്യത്തിനുശേഷം ചെങ്കല്‍പേട്ട് കോടതിയില്‍ സംഗീത വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തു. വിജയ്ക്ക് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്നാണ് ഹര്‍ജിയിലെ പ്രധാന ആരോപണം.
1996-ല്‍ 'പൂവേ ഉനക്കാക' എന്ന ചിത്രത്തിന്റെ വന്‍ വിജയത്തിനു പിന്നാലെയാണ് വിജയും സംഗീതയും ആദ്യമായി കണ്ടുമുട്ടുന്നത്. ലണ്ടനില്‍ സ്ഥിരതാമസമാക്കിയ ശ്രീലങ്കന്‍ തമിഴ് വ്യവസായിയുടെ മകളായ സംഗീത, തന്റെ പ്രിയ നടനെ നേരില്‍ കണ്ട് അഭിനന്ദിക്കാനാണ് ചെന്നൈയിലെ ഫിലിം സിറ്റിയിലെത്തിയത്. സംഗീതയുടെ ലളിതമായ പെരുമാറ്റവും സ്‌നേഹവും വിജയെ ആകര്‍ഷിച്ചു.
വിജയ് യുടെ മാതാപിതാക്കള്‍ക്ക് സംഗീതയെ ഇഷ്ടപ്പെട്ടതോടെ ആ സൗഹൃദം വിവാഹത്തിലേക്ക് വഴിമാറി. 1999 ഓഗസ്റ്റ് 25-ന് ഹിന്ദു ആചാരപ്രകാരം ഇരുവരും വിവാഹിതരായി. ക്രിസ്ത്യാനിയായ വിജയും ഹിന്ദുമത വിശ്വാസിയായ സംഗീതയും മതപരമായ വ്യത്യാസങ്ങളില്ലാതെ സന്തോഷകരമായ കുടുംബജീവിതം നയിക്കുകയായിരുന്നു.
വിജയ് എന്ന സൂപ്പര്‍സ്റ്റാറിന്റെ വളര്‍ച്ചയില്‍ എന്നും നിഴലായി കൂടെയുണ്ടായിരുന്ന ആളാണ് സംഗീത. എന്നാല്‍ പ്രശസ്തിയുടെ വെള്ളിവെളിച്ചത്തില്‍നിന്ന് സംഗീത എപ്പോഴും വിട്ടുനിന്നു. പൊതുവേദികളിലോ സിനിമാപരിപാടികളിലോ സംഗീതയെ കാണുന്നത് അപൂര്‍വമായിരുന്നു. മക്കളായ ജേസണ്‍ സഞ്ജയ്, ദിവ്യ സാഷ എന്നിവരെ മാധ്യമ ശ്രദ്ധയില്‍പ്പെടുത്താതെ വളര്‍ത്താനും അവര്‍ പ്രത്യേകം ശ്രദ്ധിച്ചു.
കുറച്ചുകാലങ്ങളായി വിജയ് യുടെ പ്രധാന പരിപാടികളിലൊന്നും സംഗീതയുടെ സാന്നിധ്യം ഉണ്ടായിരുന്നില്ല. 'വാരിസ്' സിനിമയുടെ ട്രെയിലര്‍ ലോഞ്ച് ഉള്‍പ്പെടെയുള്ള ചടങ്ങുകളില്‍നിന്ന് സംഗീത വിട്ടുനിന്നതു വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ അന്ന് അതെല്ലാം വെറും ഗോസിപ്പുകള്‍ മാത്രമാണെന്ന് കരുതിയിരുന്ന ആരാധകര്‍ക്ക്, വിവാഹമോചന വാര്‍ത്ത വലിയ ഞെട്ടലായി മാറിയിരിക്കുകയാണ്.
വിജയ് തന്റെ സിനിമാ ജീവിതം അവസാനിപ്പിച്ച് പൂര്‍ണമായും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്ന നിര്‍ണായക ഘട്ടത്തിലാണ് ഈ വാര്‍ത്ത പുറത്തുവരുന്നത്. 'ജനനായകന്‍' എന്ന ചിത്രം തന്റെ അവസാന ചിത്രമായിരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. 'തമിഴക വെട്രി കഴകം' എന്ന പാര്‍ട്ടിയുമായി രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ഒരുങ്ങുന്ന വിജയ് യുടെ വ്യക്തിജീവിതത്തിലെ പുതിയ സംഭവവികാസങ്ങള്‍ ദ്രാവിഡരാഷ്ട്രീയത്തിലും വലിയ ചര്‍ച്ചയാകും. രണ്ടര പതിറ്റാണ്ടിലേറെ നീണ്ട ബന്ധം വേര്‍പിരിയുന്നു എന്ന വാര്‍ത്ത ദളപതി ആരാധകര്‍ക്കു വിശ്വസിക്കാനായിട്ടില്ല. എങ്കിലും, താരത്തിന്റെ സ്വകാര്യജീവിതത്തെ മാനിക്കണമെന്ന അഭിപ്രായവും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നു.