

രാഷ്ട്രീയത്തിലിറങ്ങിയ ദളപതി വിജയ്യുടെ അവസാന ചിത്രം എന്ന നിലയിൽ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'ജനനായകൻ' വീണ്ടും നിയമക്കുരുക്കിൽ. മദ്രാസ് ഹൈക്കോടതിയുടെ പുതിയ വിധി പ്രകാരം ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട നടപടികൾ ഇനിയും വൈകുമെന്നാണ് റിപ്പോർട്ടുകൾ.
നേരത്തെ ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. എന്നാൽ ഇതിനെതിരെ സെൻസർ ബോർഡ് നൽകിയ അപ്പീൽ പരിഗണിച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച്, സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കി. സെൻസർ ബോർഡിന്റെ ഭാഗം കേൾക്കാൻ മതിയായ സമയം നൽകാതെയാണ് മുൻ വിധി വന്നതെന്ന് കോടതി നിരീക്ഷിച്ചു. ഇതോടെ കേസിൽ വീണ്ടും പുതിയ വാദം കേൾക്കൽ ആരംഭിക്കും.
സിനിമയിലെ ചില രംഗങ്ങൾക്കെതിരെയുള്ള പരാതികളെത്തുടർന്ന് സെൻസർ ബോർഡ് ചിത്രം റിവൈസിങ് കമ്മിറ്റിക്ക് വിട്ടിരിക്കുകയാണ്. നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും, വിഷയം മദ്രാസ് ഹൈക്കോടതി തന്നെ കൈകാര്യം ചെയ്യട്ടെ എന്ന നിലപാടാണ് സ്വീകരിച്ചത്. പൊങ്കൽ റിലീസായി എത്തേണ്ടിയിരുന്ന ചിത്രം ജനുവരി 9-ന് പ്രദർശനത്തിന് തയാറെടുത്തിരുന്നതാണ്. എന്നാൽ സെൻസർ ബോർഡുമായുള്ള തർക്കത്തോടെ സിനിമയുടെ ഭാവിതന്നെ അനിശ്ചിതത്വത്തിലായി.
എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ പൂജ ഹെഗ്ഡെ, ബോബി ഡിയോൾ, മമിത ബൈജു എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. കൂടാതെ ഗൗതം വസുദേവ് മേനോൻ, പ്രകാശ് രാജ്, നരേൻ, പ്രിയാമണി തുടങ്ങി വൻ താരനിരയും ചിത്രത്തിലുണ്ട്. കോടതിയുടെ അടുത്ത വിധി എപ്പോൾ വരുമെന്നതിനെ ആശ്രയിച്ചിരിക്കും ജനനായകന്റെ പുതിയ റിലീസ് തീയതി.