

വ്യക്തിജീവിതത്തെയും കരിയറിനെയുംകുറിച്ച് പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി നടി തൃഷ. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം ഗോസിപ്പുകള്‍ക്കു മറുപടി നല്‍കിയത്. താന്‍ സിനിമ ഉപേക്ഷിച്ചെന്നും ഒരു സമ്പന്നനായ ബിസിനസുകാരനെ വിവാഹം കഴിച്ചെന്നുമുള്ള പ്രചാരണങ്ങളെ പരിഹാസരൂപേണയാണ് തൃഷ നേരിട്ടത്.
'ഞാന്‍ സിനിമ നിര്‍ത്തിയത്രേ! ഒരു ധനികനായ ബിസിനസുകാരനെ വിവാഹം കഴിച്ചു, എനിക്ക് നാലു കുട്ടികളുണ്ട്, അവര്‍ക്ക് ഇന്നലെ രണ്ട് വയസു തികഞ്ഞു! ഇതില്‍ കൂടുതല്‍ എന്തെങ്കിലും ചേര്‍ക്കാനുണ്ടോ, അതോ ഇന്നത്തെ ഫിക്ഷന്‍ ഇത്രയും മതിയോ..?' എന്നായിരുന്നു തൃഷയുടെ ഇന്‍സ്റ്റഗ്രാം കുറിപ്പ്. പ്രമുഖ നിര്‍മാതാക്കളെ ഉദ്ധരിച്ച് തമിഴ് മാധ്യമപ്രവര്‍ത്തകന്‍ തൃഷ സിനിമ വിടുകയാണെന്ന് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണു താരത്തിന്റെ പ്രതികരണം.
വിജയ് യുടെ വിവാഹമോചന വാര്‍ത്തകള്‍ക്കിടെ ഒരു വിവാഹച്ചടങ്ങില്‍ ഇരുവരും ഒന്നിച്ചെത്തിയത് വലിയ ചര്‍ച്ചകള്‍ക്കു വഴിവച്ചിരുന്നു. ഇതിനുപിന്നാലെ പ്രണയത്തെക്കുറിച്ച് തൃഷ പങ്കുവച്ച കുറിപ്പുകൂടി വൈറലായതോടെ ഗോസിപ്പുകള്‍ ശക്തമായി. എന്നാല്‍ ഇത്തരം പ്രചരണങ്ങളെല്ലാം വെറും കെട്ടുകഥകളാണെന്ന് നടി ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുകയാണ്.
നിലവില്‍ വമ്പന്‍ പ്രോജക്ടുകളുടെ ഭാഗമാണ് തൃഷ. മണിരത്‌നം ചിത്രം 'തഗ് ലൈഫി'ന് ശേഷം സൂര്യ നായകനാകുന്ന 'കറുപ്പ്' എന്ന സിനിമയുടെ റിലീസിനായി താരം കാത്തിരിക്കുകയാണ്. മൗനം പേശിയതേ, ആറ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. കൂടാതെ ചിരഞ്ജീവിക്കൊപ്പം 'വിശ്വംഭര' എന്ന ചിത്രത്തിലും തൃഷ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.