

പ്രമുഖ തമിഴ് ചലച്ചിത്ര നിര്‍മാതാവും സംവിധായകനും നടനുമായ കെ. രാജനെ (85) ചെന്നൈയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഞായറാഴ്ച ചെന്നൈയിലെ അടയാര്‍ പാലത്തില്‍നിന്നു പുഴയിലേക്കു ചാടി അദ്ദേഹം ജീവനൊടുക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരങ്ങള്‍.
അഗ്‌നിശമനസേനയും രക്ഷാപ്രവര്‍ത്തകരും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെടുത്തത്. കുടുംബവുമായി അകന്ന് ചെന്നൈയില്‍ ഒറ്റയ്ക്കായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. മരണത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചു. കെ. രാജന്റെ അപ്രതീക്ഷിത വിയോഗം തമിഴ് ചലച്ചിത്രലോകത്തെ ഒന്നടങ്കം വന്‍ ഞെട്ടലിലാഴ്ത്തിയിരിക്കുകയാണ്. സംവിധായകന്‍ കെ.ആര്‍. പ്രഭു മകനാണ്. പ്രമുഖ നിര്‍മാതാവും വെല്‍സ് ഫിലിം ഇന്റര്‍നാഷണല്‍ ചെയര്‍മാനുമായ ഇഷാരി കെ. ഗണേഷ് ബന്ധുവാണ്.
1983-ല്‍ പുറത്തിറങ്ങിയ 'ബ്രഹ്‌മചാരികള്‍' എന്ന ചിത്രം നിര്‍മിച്ചുകൊണ്ടാണ് കെ. രാജന്‍ തമിഴ് സിനിമയില്‍ സജീവമാകുന്നത്. നിര്‍മാതാവ് എന്നതിലുപരി മികച്ചൊരു സംവിധായകനും എഴുത്തുകാരനും അഭിനേതാവുമായി അദ്ദേഹം തിളങ്ങി. 2000-ത്തില്‍ പുറത്തിറങ്ങിയ 'ഡബിള്‍സ്', 'അവള്‍ പാവം', 'നിനയ്ക്കാത നാളില്ലൈ' തുടങ്ങിയ ചിത്രങ്ങള്‍ അദ്ദേഹം നിര്‍മിച്ചവയാണ്.
1991-ല്‍ ശരത്കുമാറിനെ കേന്ദ്ര കഥാപാത്രമാക്കി 'നമ്മ ഊര് മാരിയമ്മ' എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സംവിധാന രംഗത്തും അദ്ദേഹം ചുവടുറപ്പിച്ചു. തുടര്‍ന്ന് 2005-ല്‍ 'ഉണര്‍ച്ചികള്‍' എന്ന ചിത്രവും അദ്ദേഹം സംവിധാനം ചെയ്തു. 'മൈക്കല്‍ രാജ്', 'സ്വന്തക്കാരന്‍', 'വീട്ടോട മാപ്പിള്ളൈ', 'പാമ്പ് സാട്ടൈ' തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തു. അടുത്തിടെ പുറത്തിറങ്ങിയ അജിത് കുമാറിന്റെ 'തുനിവ്', സെല്‍വരാഘവന്റെ 'ബകാസുരന്‍' എന്നീ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
ചലച്ചിത്രമേഖലയിലെ വിവിധ പ്രശ്‌നങ്ങളില്‍ തന്റെ അഭിപ്രായം തുറന്നുപറയുന്ന ശക്തനായ വ്യക്തിയായാണ് രാജന്‍ അറിയപ്പെട്ടിരുന്നത്. ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.കെ. രാജന്റെ അപ്രതീക്ഷിത വിയോഗത്തില്‍ തമിഴ് സിനിമയിലെ പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.
'കെ. രാജന്‍ സാറിന്റെ വിയോഗ വാര്‍ത്ത ഏറെ വേദനയോടെയാണ് കേട്ടത്. ഞാന്‍ അഭിനയിച്ച 'തങ്കമാന തങ്കച്ചി' (1991) എന്ന ചിത്രത്തിന്റെ രചയിതാവ് കൂടിയായിരുന്നു അദ്ദേഹം. 1980 മുതല്‍ തമിഴ് സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ മുതിര്‍ന്ന നിര്‍മാതാവിന്റെ അപ്രതീക്ഷിത അന്ത്യം സിനിമാലോകത്തിനു നികത്താനാവാത്ത നഷ്ടമാണ്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു' എന്നായിരുന്നു ശരത്കുമാറിന്റെ വാക്കുകൾ.
'തീര്‍ത്തും വേദനിപ്പിക്കുന്ന വാര്‍ത്ത. ചലച്ചിത്ര കുടുംബത്തിലെ പ്രിയപ്പെട്ട അംഗമായ പ്രൊഡ്യൂസര്‍ കെ. രാജന്‍ സാറിന്റെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. കാര്യങ്ങളെ ഭയമില്ലാതെ തുറന്നുപറയുന്ന, എല്ലാവരും ബഹുമാനിക്കുന്ന വ്യക്തിയായിരുന്നു അദ്ദേഹം'-ഖുശ്ബു അനുശോചനസന്ദേശത്തിൽ പറഞ്ഞു.