

രജനികാന്ത്, കമല്‍ഹാസന്‍, വിജയ്, അജിത്ത്, ശിവകാര്‍ത്തികേയന്‍, ധനുഷ്, സൂര്യ തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ പ്രതിഫലം മുന്‍കൂറായി ആവശ്യപ്പെടുന്നതിനുപകരം ഘട്ടംഘട്ടമായി പ്രതിഫലം വാങ്ങണമെന്ന് തമിഴ്‌നാട് തിയേറ്റേഴ്‌സ് അസോസിയേഷന്‍. ഉയര്‍ന്ന ശമ്പളത്തിനും പകരം അഭിനേതാക്കള്‍ ലാഭം പങ്കിടല്‍ മാതൃക സ്വീകരിക്കുന്നത് ആലോചിക്കണമെന്നും സഹനടന്മാരും ടെക്നീഷ്യന്മാരും ചെലവ് കുറയ്ക്കണമെന്നും സംഘടനയുടെ ഭാരവാഹിയായ തിരുപ്പൂര്‍ സുബ്രഹ്‌മണ്യം ആവശ്യപ്പെട്ടു.
തമിഴ്നാട്ടിലെ തിയറ്ററുകള്‍ വലിയ പ്രതിസന്ധി നേരിടുകയാണെന്നും ബി, സി തിയറ്ററുകള്‍ വലിയ കടക്കെണിയിലാണെന്നും അസോസിയേഷന്‍ പറയുന്നു. സൂപ്പര്‍താരങ്ങള്‍ പ്രതിഫലം കൂട്ടിയതും ഒടിടി റിലീസ് നേരത്തെയാക്കിയതും തിയറ്ററുകളെ അടച്ചുപൂട്ടല്‍ ഭീഷണിയുടെ നിഴലിലാക്കിയെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. ഒരു വര്‍ഷം മുമ്പാണ് തമിഴ്നാട് തിയറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സര്‍ക്കാരിനു മുന്നില്‍ മൂന്ന് ആവശ്യങ്ങള്‍ ഉന്നയിച്ചത്- ടിക്കറ്റ് വില 220 രൂപയില്‍നിന്ന് 250 രൂപയായി ഉയര്‍ത്തുക, തിയറ്റര്‍, ഒടിടി റിലീസിനിടയില്‍ എട്ട് ആഴ്ച ഇടവേള ഏര്‍പ്പെടുത്തുക, മാളുകള്‍ക്കു സമാനമായ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തിയറ്ററുകള്‍ക്ക് അനുമതി നല്‍കുക എന്നിവയായിരുന്നു അവ. നിര്‍ഭാഗ്യവശാല്‍ ഈ ആവശ്യങ്ങള്‍ അംഗീകരിച്ചിട്ടില്ലെന്നും തമിഴ്‌നാട് തിയറ്ററുകള്‍ ഇപ്പോള്‍ പ്രതിസന്ധിയിലാണെന്നും തിരുപ്പൂര്‍ സുബ്രഹ്‌മണ്യം പറഞ്ഞു. തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ തിയറ്റര്‍ ഉടമകളുടെ അടിയന്തരയോഗം വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവില്‍ തമിഴ്സിനിമ പ്രതിസന്ധിയിലാണ്. കോവിഡിനു ശേഷമുള്ള കാലഘട്ടത്തില്‍, ഒടിടി കമ്പനികള്‍ സിനിമയുടെ അവകാശത്തിനായി നല്‍കിയ വലിയ തുക താരങ്ങളുടെ ശമ്പളം കുതിച്ചുയരാന്‍ കാരണമായി. ചിലര്‍ ഏകദേശം 140 കോടി രൂപ അമിതമായ പ്രതിഫലം ഈടാക്കിയതായി അജിത്തിനെയും വിജയ് യെയും പരോക്ഷമായി കുറ്റപ്പെടുത്തിക്കൊണ്ട് തിരുപ്പൂര്‍ സുബ്രഹ്‌മണ്യം പറഞ്ഞു. താരങ്ങളുടെയും സംവിധായകരുടെയും ആവശ്യങ്ങള്‍ക്ക് നിര്‍മാതാക്കള്‍ വഴങ്ങിയെന്നും, ഉത്പാദനച്ചെലവ് വര്‍ധിച്ചതിനൊപ്പം, നിരവധി നിര്‍മാണക്കമ്പനികൾ കനത്ത നഷ്ടം നേരിടുന്നുവെന്നും ചില തിയേറ്റര്‍ ഉടമകള്‍ വലിയ കടക്കെണിയിലാണെന്നും അദ്ദേഹം പറഞ്ഞു. തിയേറ്ററുകളില്‍നിന്ന് ഒടിടിയിലേക്ക് പ്രദര്‍ശനം മാറാനുള്ള നിലവിലെ നാലാഴ്ചത്തെ സമയപരിധി തിയേറ്ററുകളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഒടിടി വില്‍പ്പനയില്‍നിന്ന് നിര്‍മാതാക്കള്‍ക്ക് ഗണ്യമായ ലാഭം ലഭിക്കുന്നതിനാല്‍, നല്ല സിനിമകളുടെ അഭാവം തിയറ്ററുകളെ ബുദ്ധിമുട്ടിക്കുന്നു.
കഴിഞ്ഞ കുറച്ചു മാസങ്ങളായി പ്രധാന തമിഴ് റിലീസുകള്‍ ഇല്ലാത്തതിനാല്‍ പല തിയറ്ററുകളിലും പ്രദര്‍ശനങ്ങള്‍ മുടങ്ങി. വിജയ് യുടെ ജനനായകന്‍, രജനികാന്തിന്റെ ജയിലര്‍-2 എന്നീ രണ്ടു വലിയ ചിത്രങ്ങള്‍ മാത്രമേ റിലീസിന് എത്തുന്നതായി പ്രഖ്യാപിച്ചിട്ടുള്ളത്. അതുകൊണ്ട് 2026ല്‍ സ്ഥിതി കൂടുതല്‍ വഷളാകുമെന്നും സുബ്രമഹ്ണ്യം പറഞ്ഞു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ബി, സി സെന്ററുകളില്‍ റിലീസുകള്‍ കുറവായതിനാല്‍ ഇത്തവണ തിയറ്റര്‍ അസോസിയേഷന്‍ തങ്ങളുടെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സുബ്രമഹ്ണ്യം വ്യക്തമാക്കി. പല നിര്‍മാതാക്കളും ചെന്നൈയില്‍ മാത്രം റിലീസുകള്‍ പരിമിതപ്പെടുത്തി. അതായത് ബി, സി തിയറ്ററുകളില്‍ റിലീസ് ഇല്ല. തത്ഫലമായി, മിക്ക തിയറ്ററുകളും അടച്ചിട്ടിരിക്കുന്നു. ചില പ്രദര്‍ശനശാലകള്‍ വാരാന്ത്യങ്ങളില്‍ മാത്രം പ്രവര്‍ത്തിക്കുന്നു. അതേസമയം, ഒടിടി പ്ലാറ്റ്‌ഫോമുകള്‍ സിനിമ വാങ്ങുന്നതു കുറച്ചതിനാല്‍ നിര്‍മാതാക്കളും പ്രശ്‌നങ്ങള്‍ നേരിടുന്നു.
കഴിഞ്ഞ മാസമാണ് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ ജനറല്‍ ബോഡി യോഗം ചേര്‍ന്ന് തിയറ്ററര്‍, ഒടിടി റിലീസുകളില്‍ മാനദണ്ഡങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ടത്. സൂപ്പര്‍താര ചിത്രങ്ങള്‍ തിയറ്റര്‍ റിലീസിനും ഒടിടി റിലീസിനും ഇടയില്‍ എട്ട് ആഴ്ച ഇടവേള നിലനിര്‍ത്തുക. മറ്റു താരങ്ങളുടെ ചിത്രങ്ങള്‍ ആറ് ആഴ്ചത്തെ ഇടവേള പാലിക്കണം തുടങ്ങിയവയാണ് ആവശ്യങ്ങള്‍.