

'നിങ്ങളെ അറസ്റ്റ് ചെയ്ത ഒരേയൊരു പൊലീസുകാരൻ ഞാനായിരിക്കാം, നിങ്ങൾക്ക്. എന്നാൽ എനിക്ക് ഞാൻ ജയിലിലടച്ച ആയിരക്കണക്കിന് ക്രിമിനലുകളിൽ ഒരാൾ മാത്രമാണ് നിങ്ങൾ...'- ഈ ഡയലോഗിലുണ്ട് ജിത്തുമാധവൻ സൂര്യയ്ക്കായി ഒരുക്കിയതെല്ലാം. പ്രഖ്യാപനവേളമുതൽ ആകാംക്ഷയുണർത്തിയ ആ ചിത്രത്തിന് ഇനി പേര് 'സീൻ'. സൂര്യ 47 എന്നാണ് ചിത്രത്തിന് താത്കാലികമായി നല്കിയിരുന്ന പേര്.
മലയാളത്തിന്റെ യുവതാരങ്ങളായ നസ്‌ലിൻ ,നസ്രിയ എന്നിവർക്കും മോളിവുഡ് സെൻസേഷണൽ മ്യൂസിക് ഡയറക്ടർ സുഷിൻ ശ്യാമിനുമൊപ്പം ജിത്തുമാധവൻ സൂര്യയ്ക്കായി ഒരുക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ ടീസർ കൊടുങ്കാറ്റുപോലെ സോഷ്യൽമീഡിയ കീഴടക്കുകയാണ്. ഒരേസമയം ആവേശവും രോമാഞ്ചവുമുയർത്തുന്ന പേരും ടീസറും.
ചിത്രത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനായാണ് സൂര്യ എത്തുന്നത്. ഡിഎസ്പി ഇൻബരാജ് എന്നാണ് കഥാപാത്രത്തിന്റെ പേര്. കുറ്റവാളികൾ ഭയക്കുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് ഇൻബരാജ്. ചിത്രത്തിൽ രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് സൂര്യ എത്തുന്നത്. ഇതിൽ താരത്തിന്റെ യുവാവായുള്ള ലുക്ക് ഏറെ ശ്രദ്ധേയമാണ്.
ടീസറിൽ സൂര്യയെ അവതരിപ്പിച്ചിരിക്കുന്ന രീതിയും ആരാധകർക്ക് വലിയ ആവേശം നൽകുന്നതാണ്. സൂര്യയുടെ അടുത്തിടെ പുറത്തിറങ്ങിയ രണ്ട് ചിത്രങ്ങളിൽനിന്നും വ്യത്യസ്തമായ ലോകമാണ് ‘സീൻ’ ഒരുക്കുന്നതെന്ന് ടീസർ സൂചന നൽകുന്നു.
ആനന്ദ്‌രാജ്, ലാൽ, രാജ് പ്രിയൻ എന്നിവരും മറ്റ് നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. വിനീത് ഓഗസ്റ്റ്യനാണ് ഛായാഗ്രഹണം. സൂര്യയും ജ്യോതികയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
'സീൻ' ചിത്രീകരണം പൂർത്തിയായിട്ടുണ്ട്. നിലവിൽ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. നവംബർ ആറിനാണ് ചിത്രം തിയേറ്ററുകളിലെത്തുക. സൂര്യയുടെ ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം ‘വിശ്വനാഥ് ആൻഡ് സൺസ്’ ആണ്. തുടർച്ചയായ വിജയങ്ങളുമായി മുന്നേറുന്ന താരം 'സീനി'ലൂടെയും ഈ വിജയക്കുതിപ്പ് തുടരാനാകുമെന്ന പ്രതീക്ഷയിലാണ്.