

'സൂര്യമാനസം' എന്ന സിനിമയില്‍ മമ്മൂട്ടിയുടെ അമ്മയായി വേഷമിട്ട പ്രമുഖ തെന്നിന്ത്യന്‍ താരം സൗക്കര്‍ ജാനകി (94) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം. തെന്നിന്ത്യന്‍ നടികര്‍ സംഘം പ്രസിഡന്റ് നാസറാണ് വിയോഗവാര്‍ത്ത പുറത്തുവിട്ടത്.
1950-ല്‍ എല്‍.വി. പ്രസാദ് സംവിധാനം ചെയ്ത 'ഷാവുകരു' എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ജാനകി വെള്ളിത്തിരയിലെത്തുന്നത്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി 400-ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. പ്രസിദ്ധ സംവിധായകന്‍ കെ. ബാലചന്ദറിന്റെ സിനിമകളായിരുന്നു ജാനകിയുടെ അഭിനയജീവിതത്തിലെ നാഴികക്കല്ലുകള്‍.
'നീര്‍ക്കുമിഴി', 'എതിര്‍ നീച്ചല്‍', 'കാവിയ തലൈവി', 'തില്ലു മുള്ളു' തുടങ്ങിയ ചിത്രങ്ങളില്‍ അവര്‍ കാഴ്ചവെച്ച പ്രകടനങ്ങള്‍ തമിഴ് സിനിമാ ചരിത്രത്തില്‍ ഇന്നും വേറിട്ടുനില്‍ക്കുന്നു. വൈകാരിക രംഗങ്ങളിലെ മിടുക്കും സ്വാഭാവികമായ അഭിനയശൈലിയും കൊണ്ട് തലമുറകളെ അവര്‍ തന്നിലേക്ക് ആകര്‍ഷിച്ചു.
ഇന്ത്യന്‍ സിനിമയ്ക്കു നല്‍കിയ സംഭാവനകളെ മാനിച്ച് 2022-ല്‍ രാജ്യം പദ്മശ്രീ നല്‍കി അവരെ ആദരിച്ചിരുന്നു. 1969-ല്‍ തമിഴ്നാട് സര്‍ക്കാരിന്റെ 'കലൈമാമണി' പുരസ്‌കാരവും നിരവധി സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളും അവരെ തേടിയെത്തി.
2020-ല്‍ റിലീസ് ചെയ്ത 'ബിസ്‌കോത്ത്' എന്ന തമിഴ് ചിത്രത്തിലാണ് അവര്‍ 400-ാമതായി അഭിനയിച്ചത്. 2023-ല്‍ പുറത്തിറങ്ങിയ 'അന്നി മഞ്ചി ശകുനമുലേ' എന്ന തെലുങ്ക് സിനിമയിലാണ് അവസാനമായി ക്യാമറയ്ക്ക് മുന്നിലെത്തിയത്. അഭിനയിച്ച വേഷങ്ങളിലൂടെയൊക്കെയും പ്രേക്ഷകമനസില്‍ മായാത്ത മുദ്ര പതിപ്പിച്ചാണ് സൗക്കര്‍ ജാനകി വിടവാങ്ങുന്നത്.