സാത്താന്‍കുളം വിധി: സത്യം മറച്ചുവയ്ക്കാന്‍ ശ്രമിച്ചവരെയും ശിക്ഷിക്കണമെന്ന് കമൽഹാസൻ

കമൽഹാസൻ
കമൽഹാസൻഫോട്ടോ-അറേഞ്ച്ഡ്
Published on

സാത്താന്‍കുളം കസ്റ്റഡി മരണക്കേസിലെ വിധിയില്‍ പ്രതികരണവുമായി മക്കള്‍ നീതി മയ്യം അധ്യക്ഷനും നടനുമായ കമല്‍ഹാസന്‍. ഒമ്പത് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വധശിക്ഷ വിധിച്ച മധുര കോടതിയുടെ ചരിത്രപരമായ വിധിക്കു പിന്നാലെയാണു തന്റെ നിലപാടു വ്യക്തമാക്കി അദ്ദേഹം പ്രസ്താവനയിറക്കിയത്. പി. ജയരാജും മകന്‍ ബെനിക്‌സും ക്രൂരമായ പോലീസ് മര്‍ദനത്തിനിരയായി കൊല്ലപ്പെട്ട സംഭവം രാജ്യത്തെത്തന്നെ നടുക്കിയ ഒന്നായിരുന്നു.

Must Read
'എനിക്ക് വേറെ ജോലിയുണ്ട്': വിജയ് മത്സരിക്കുന്നതിനെക്കുറിച്ച് കമല്‍ഹാസന്‍
കമൽഹാസൻ

നിയമം നടപ്പിലാക്കേണ്ടവരും ജനങ്ങളെ സംരക്ഷിക്കേണ്ടവരുമായ ഉദ്യോഗസ്ഥര്‍ തെല്ലും കരുണയില്ലാതെ ഇത്തരമൊരു ക്രൂരകൃത്യം ചെയ്തത് അങ്ങേയറ്റം അസ്വസ്ഥപ്പെടുത്തുന്നതാണെന്ന് കമല്‍ഹാസന്‍ പറഞ്ഞു. നീതിക്കായി പോരാടിയ ജയരാജിന്റെയും ബെനിക്‌സിന്റെയും കുടുംബാംഗങ്ങളെയും സാത്താന്‍കുളത്തെ ജനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. ശാസ്ത്രീയ തെളിവുകളിലൂടെ കുറ്റം തെളിയിച്ച സിബിഐ ഉദ്യോഗസ്ഥരുടെ പരിശ്രമത്തെയും അദ്ദേഹം പ്രസ്താവനയില്‍ എടുത്തുപറഞ്ഞു.

കമൽഹാസൻ
കമൽഹാസൻഫോട്ടോ-അറേഞ്ച്ഡ്

അതേസമയം, താന്‍ വ്യക്തിപരമായി വധശിക്ഷയ്ക്ക് എതിരാണെന്ന് കമല്‍ഹാസന്‍ പറഞ്ഞു. 'ക്രൂരമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് യാതൊരു ഇളവുമില്ലാതെ ജീവപര്യന്തം കഠിനതടവ് നല്‍കണമെന്നാണ് എന്റെ പക്ഷം' അദ്ദേഹം വ്യക്തമാക്കി. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ഒമ്പത് പേരുടെയും കുടുംബങ്ങളെക്കുറിച്ചും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. കുറ്റവാളികള്‍ ചെയ്ത അമാനുഷികമായ പ്രവൃത്തികള്‍ കാരണം അവരുടെ നിരപരാധികളായ കുടുംബാംഗങ്ങള്‍ കൂടി വലിയ ദുരിതം അനുഭവിക്കേണ്ടി വരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സാത്താൻകുളത്ത് കസ്റ്റഡിയിൽ മരിച്ച പി.ജയരാജും മകൻ ബെനിക്സും
സാത്താൻകുളത്ത് കസ്റ്റഡിയിൽ മരിച്ച പി.ജയരാജും മകൻ ബെനിക്സുംഫോട്ടോ കടപ്പാട്-ഇൻസ്റ്റ​ഗ്രാം

സംഭവത്തില്‍, സത്യം മറച്ചുവയ്ക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെയും നടപടി വേണമെന്ന് കമല്‍ഹാസന്‍ ആവശ്യപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ഇരകളെ പരിശോധിക്കാതെ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഡോക്ടര്‍, റിമാന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ട മജിസ്‌ട്രേറ്റ്, ശ്വാസംമുട്ടിയാണു മരണം സംഭവിച്ചതെന്നു മനസാക്ഷിയില്ലാതെ പ്രസ്താവന നടത്തിയ ഭരണാധികാരികള്‍ എന്നിവരും ശിക്ഷിക്കപ്പെടണമെന്നാണ് തന്റെ ആഗ്രഹമെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി. അധികാരത്തിന്റെ ഹുങ്കില്‍ ആരു കുറ്റം ചെയ്താലും അവര്‍ നിയമത്തിനുമുന്നില്‍ കഠിനമായി ശിക്ഷിക്കപ്പെടണമെന്നും നിരപരാധികള്‍ക്കുനേരെയുള്ള ഇത്തരം അതിക്രമങ്ങള്‍ ഇല്ലാതാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2020 ജൂണിലാണ് ലോക്ക്ഡൗണ്‍ ലംഘനം ആരോപിച്ച് അറസ്റ്റ് ചെയ്ത ജയരാജിനെയും മകനെയും പോലീസ് ക്രൂരമായി മര്‍ദിച്ചു കൊലപ്പെടുത്തിയത്. സംഭവം തമിഴ്‌നാട്ടിലും രാജ്യമെമ്പാടും വലിയ പ്രതിഷേധങ്ങള്‍ക്കു വഴിവച്ചിരുന്നു.

Related Stories

No stories found.
Pappappa
pappappa.com