ഗര്‍ഭിണിയായ ഇന്ദ്രാണിയായി രജിഷ വിജയൻ; പിറന്നാൾ ദിനത്തിൽ 'സര്‍ദാര്‍ 2' ഫസ്റ്റ്ലുക്ക്

'സര്‍ദാര്‍ 2'-ൽ രജിഷ വിജയന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ
'സര്‍ദാര്‍ 2'-ൽ രജിഷ വിജയന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്
Published on

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന കാര്‍ത്തി ചിത്രം 'സര്‍ദാര്‍ 2'-ല്‍ നിന്നുള്ള രജിഷ വിജയന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. താരത്തിന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് അണിയറപ്രവര്‍ത്തകര്‍ ഈ സര്‍പ്രൈസ് പോസ്റ്റര്‍ പങ്കുവെച്ചത്. 2022-ല്‍ പുറത്തിറങ്ങിയ വന്‍ വിജയമായിരുന്ന 'സര്‍ദാര്‍' ഒന്നാം ഭാഗത്തിലെ തന്റെ 'ഇന്ദ്രാണി' എന്ന കഥാപാത്രമായി തന്നെയാണ് രജിഷ രണ്ടാം ഭാഗത്തിലും എത്തുന്നത്.

Must Read
തമിഴകത്തേക്ക് 'രാജ്ഞി'യുടെ തിരിച്ചുവരവ്; സോണി ലിവുമായി കൈകോര്‍ത്ത് സാമന്ത
'സര്‍ദാര്‍ 2'-ൽ രജിഷ വിജയന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

എന്നാല്‍ ആരാധകരെ ഏറെ ആകാംക്ഷയിലാഴ്ത്തുന്ന ഒന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ഫസ്റ്റ് ലുക്ക്. പോസ്റ്ററില്‍ ഗര്‍ഭിണിയായാണ് രജിഷ പ്രത്യക്ഷപ്പെടുന്നത്. ഇന്ദ്രാണിയുടെ വ്യക്തിജീവിതത്തിലെ പുതിയൊരു ഘട്ടത്തിലൂടെയാകും രണ്ടാം ഭാഗത്തിന്റെ കഥ കടന്നുപോകുന്നത് എന്ന സൂചനയാണ് പോസ്റ്റര്‍ നല്‍കുന്നത്. കഥയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ രഹസ്യമാക്കി വെച്ചിരിക്കുകയാണെങ്കിലും, രജിഷയുടെ പുതിയ ലുക്ക് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വലിയ തംരഗമായി.

'സര്‍ദാര്‍ 2'-ൽ രജിഷ വിജയന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ
'സര്‍ദാര്‍ 2'-ൽ രജിഷ വിജയന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്

പി.എസ്. മിത്രന്‍ സംവിധാനം ചെയ്യുന്ന സ്‌പൈ ത്രില്ലറില്‍ കാര്‍ത്തി വീണ്ടും ഇതിഹാസ ചാരനായ 'ചന്ദ്രബോസ്' (സര്‍ദാര്‍) ആയി വേഷമിടുന്നു. 'ഒരിക്കല്‍ ചാരനായാല്‍ എപ്പോഴും ചാരന്‍ തന്നെ' എന്ന ടാ​ഗ് ലൈനോടെയാണ് രണ്ടാം ഭാഗം ഒരുങ്ങുന്നത്. ചൈന, കംബോഡിയ തുടങ്ങിയ വിവിധ വിദേശ രാജ്യങ്ങളിലായി 100 ദിവസത്തിലധികം നീണ്ടുനിന്ന ചിത്രീകരണം പൂര്‍ത്തിയായിക്കഴിഞ്ഞു.

'സര്‍ദാര്‍ 2' പോസ്റ്റർ
'സര്‍ദാര്‍ 2' പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്

രത്നകുമാര്‍, ആശമീര അയ്യപ്പന്‍, വിഘ്‌നേഷ് മുനിയാണ്ടി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. പ്രിന്‍സ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ എസ്. ലക്ഷ്മണ്‍ കുമാറും ഇഷാന്‍ സക്‌സേനയും ചേര്‍ന്നാണ് ബ്രഹ്‌മാണ്ഡ ചിത്രം നിര്‍മിക്കുന്നത്. കാര്‍ത്തിയ്ക്കും രജിഷയ്ക്കും പുറമെ എസ്.ജെ. സൂര്യ, മാളവിക മോഹനന്‍, ആഷിക രംഗനാഥ്, യോഗി ബാബു തുടങ്ങിയ വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

സെപ്റ്റംബര്‍ 10-ന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും. തമിഴിന് പുറമെ മലയാളം, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലും ചിത്രം തിയേറ്ററുകളിലെത്തും.

Pappappa
pappappa.com