

ഒടുവിൽ രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ ആ വാർത്ത ശരിവച്ചു. രജനികാന്ത് ചിത്രം ധർമനിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ തെലുങ്ക് താരം റാം പോത്തിനേനി എത്തുന്നു. സൂപ്പർതാരങ്ങളായ രജനികാന്തും കമൽഹാസനും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം 'ധർമൻ' ഇതോടെ കൂടുതൽ ശ്രദ്ധ നേടുകയാണ്. നേരത്തേ നയൻതാര, ശ്രീലീല എന്നിവരുടെ സാന്നിധ്യം വ്യത്യസ്ത പോസ്റ്ററുകളിലൂടെ രാജ് കമൽ ഇന്റർനാഷണൽ പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് റാമിന്റെ വരവും ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുന്നത്.
പുതിയ ഗ്ലിംപ്സ് വീഡിയോയിലൂടെ ഏറെ സ്റ്റൈലിഷായാണ് റാമിനെ പരിചയപ്പെടുത്തുന്നത്. വിമാനത്തിനുള്ളിൽ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകുന്ന പ്രഖ്യാപനത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത്. വിമാനം പ്രക്ഷുബ്ധമായ കാലാവസ്ഥയിലേക്ക് പ്രവേശിക്കുകയാണെന്ന അറിയിപ്പിന് പിന്നാലെ രജനികാന്ത് ഒരു തോക്ക് രാമിന്റെ നേർക്ക് എറിയുന്നു. അനായാസം അത് കൈക്കലാക്കുന്ന റാമിന്റെ രംഗം ഇരുതാരങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ സൂചന നൽകുന്നു.
സ്റ്റൈലിഷ് മേക്ക് ഓവറിലാണ് റാം പോത്തിനേനി ഗ്ലിംപ്സ് വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. കൂളിങ് ഗ്ലാസും സിഗരറ്റുമായി എത്തുന്ന താരത്തിന്റെ പ്രകടനത്തിന് അനിരുദ്ധ് രവിചന്ദറിന്റെ ശക്തമായ പശ്ചാത്തലസംഗീതം കൂടുതൽ തീവ്രത പകരുന്നു. അശ്വത് മാരിമുത്തു സംവിധാനം ചെയ്യുന്ന ചിത്രം കമൽഹാസനും ആർ. മഹേന്ദ്രനും ചേർന്നാണ് രാജ് കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ നിർമിക്കുന്നത്.
നേരത്തെ ധർമനിൽ പ്രധാന വേഷത്തിലെത്തുന്ന നടി റാഷി ഖന്ന രജനിക്കും റാം പോത്തിനേനിക്കും ഒപ്പമുള്ള ചിത്രം 'രജനി സാറിനും റാമിനുമൊപ്പം പുലർച്ചെയുള്ള വർക്കൗട്ടുകൾ ' എന്ന കുറിപ്പോടെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത് വലിയ ചർച്ചകൾക്കിടയാക്കിയിരുന്നു. രജനിയും റാം പോത്തിനേനിയും 'ധർമനി'ൽ നേർക്കുനേർ വരുന്നു എന്നത് കോളിവുഡിലും ടോളിവുഡിലും നേരത്തെ തന്നെ പടർന്ന വാർത്തയാണ്. പക്ഷേ ഇക്കാര്യത്തിൽ ഔദ്യോഗികസ്ഥിരീകരണമുണ്ടായില്ലായിരുന്നു.
രജനിക്കൊപ്പം റാം പോത്തിനേനിയുടെ സാന്നിധ്യം ആരാധകർക്കിടയിൽ വൻ ചർച്ചയായതോടെ റാഷി ഖന്ന പോസ്റ്റ് അക്കൗണ്ടിൽ നിന്ന് നീക്കം ചെയ്തു. ഇപ്പോൾ ഔദ്യോഗിക പ്രഖ്യാപനം വന്നതോടെ റാം പോത്തിനേനിയും രജനിയും സ്ക്രീനിൽ എങ്ങനെയാണ് അവതരിക്കുക എന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ.