

തെന്നിന്ത്യന്‍ സിനിമാലോകത്തിന്റെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴാണ് തമിഴ് ജനതയുടെ പ്രിയങ്കരനായ നടന്‍ വിജയ് സിനിമ പൂര്‍ണമായി ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്കിറങ്ങിയത്. കോടികളുടെ പ്രതിഫലവും കൈനിറയെ ചിത്രങ്ങളും വേണ്ടെന്നുവച്ച്, രാഷ്ട്രീയം തനിക്കൊരു വിനോദമല്ലെന്നും ജനസേവനമാണ് ലക്ഷ്യമെന്നും പ്രഖ്യാപിച്ചാണ് താരം ജനമധ്യത്തിലേക്കിറങ്ങുന്നത്. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തെയും നിലപാടുകളെയും പ്രശംസിച്ച് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് തെലുങ്ക് സൂപ്പര്‍താരം രാം ചരണ്‍.
തന്റെ പുതിയ ചിത്രമായ 'പെദ്ദി'യുടെ പ്രമോഷന്‍ ചടങ്ങില്‍ സംസാരിക്കവെയാണ് രാം ചരണ്‍ വിജയ്‌യെയും തമിഴ്നാട്ടിലെ ജനങ്ങളെയും അഭിനന്ദിച്ചത്. 'ബഹുമാനപ്പെട്ട തമിഴ്നാട് മുഖ്യമന്ത്രി വിജയ് ഗാരുവിന് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. സിനിമയില്‍ ഏറ്റവും ഉയര്‍ന്നഘട്ടത്തില്‍ നില്‍ക്കുമ്പോഴാണ് അദ്ദേഹം ജനസേവനത്തിനായി ഇറങ്ങിത്തിരിച്ചത്. സിനിമാമേഖലയില്‍ നിന്നുള്ള ഒരാളെന്ന നിലയില്‍ വലിയ അഭിമാനമുണ്ട്. തമിഴ്നാട്ടിലെ ജനങ്ങള്‍ക്കും വിജയ് സാറിനും ഞാന്‍ ആശംസകള്‍ നേരുന്നു.'-രാം ചരണ്‍ പറഞ്ഞു.
രാം ചരണും വിജയ്‌യും ഇതുവരെ ഒന്നിച്ച് അഭിനയിച്ചിട്ടില്ല. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിജയ് ചിത്രം 'ലിയോ'യില്‍ രാം ചരണ്‍ അതിഥിവേഷത്തില്‍ എത്തുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അന്നത് സംഭവിച്ചില്ല.
വിജയ്‌യുടെ കരിയറിലെ അവസാന ചിത്രമായ 'ജനനായകന്‍' തിയറ്ററുകളില്‍ എത്താന്‍ ആരാധകര്‍ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. അതേസമയം, ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന 'പെദ്ദി' എന്ന ചിത്രത്തിന്റെ റിലീസ് തിരക്കുകളിലാണ് രാം ചരണ്‍.