
46 വര്‍ഷത്തിനുശേഷം കമല്‍ഹാസനുമായുള്ള സിനിമയെക്കുറിച്ച് മനസുതുറന്ന് രജനികാന്ത്. കമല്‍ഹാസനൊപ്പം വീണ്ടും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് രജനി പറഞ്ഞു. ദുബായില്‍ നടന്ന സൗത്ത് ഇന്ത്യന്‍ ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ കമല്‍ഹാസനാണ് ഇരുവരും ഒന്നിക്കുന്നതായി വാര്‍ത്ത പുറത്തുവിട്ടത്. ഇരുതാരങ്ങളുടെയും ആരാധകരും ചലച്ചിത്രലോകവും ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രോജക്ടിനെക്കുറിച്ച് ഇപ്പോള്‍ ഏറെ പ്രതീക്ഷയോടെ കൂടുതല്‍ വിവരങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് രജനികാന്ത്.
'രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണലും റെഡ് ജയന്റ് മൂവീസും ഒരുമിച്ച് ഒരു സിനിമ ചെയ്യാന്‍ ആഗ്രഹിക്കുന്നു. സംവിധായകനെ ഇതുവരെ തീരുമാനിച്ചിട്ടില്ല. ഞങ്ങള്‍ രണ്ടുപേര്‍ക്കും ഒരുമിച്ച് അഭിനയിക്കാന്‍ ഇഷ്ടമാണ്. ശരിയായ കഥയും കഥാപാത്രങ്ങളും ലഭിക്കേണ്ടതുണ്ട്. ചര്‍ച്ച നടക്കുന്നു. പക്ഷേ സംവിധായകനും കഥാപാത്രങ്ങളും ആയിട്ടില്ല...'- രജനികാന്ത് പറഞ്ഞു.
1979-ല്‍ പുറത്തിറങ്ങിയ 'നിനൈത്തലെ ഇനിക്കും' എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമായിരിക്കും ഇത്. ഇന്ത്യൻ ചലച്ചിത്രവ്യവസായത്തില്‍ വലിയ സംഭവമായിരിക്കും ഇരുവരും ഒന്നിക്കുന്ന സിനിമ. സൂപ്പര്‍ താരങ്ങള്‍ ഒന്നിക്കുന്ന സിനിമയുടെ മറ്റു വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ചലച്ചിത്രലോകവും ആരാധകരും. ലോകേഷ് കനകരാജ് ചിത്രം സംവിധാനം ചെയ്യുമെന്നായിരുന്നു വാർത്ത പരന്നത്. എന്നാൽ രജനിയുടെ വിശദീകരണത്തോടെ സംവിധായകനെച്ചൊല്ലിയുള്ള അഭ്യൂഹങ്ങൾക്ക് താത്കാലികവിരാമമായിരിക്കുകയാണ്.