

സൂപ്പർസ്റ്റാർ രജനികാന്തിനെ നായകനാക്കി അശ്വത് മാരിമുത്തു സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'ധർമൻ' അടുത്ത ഘട്ട ചിത്രീകരണം മൈസൂരിൽ ആരംഭിക്കുന്നു. ചെന്നൈയിൽ പുരോഗമിക്കുന്ന മൂന്നാം ഘട്ട ഷെഡ്യൂൾ പൂർത്തിയാക്കിയ ശേഷമായിരിക്കും സിനിമാ സംഘം മൈസൂരിലേക്ക് തിരിക്കുക.
അശോക് സെൽവൻ നായകനാകുന്ന 'അൻപിൽ അവൻ' എന്ന ചിത്രത്തിന്റെ പ്രീ-റിലീസ് ചടങ്ങിൽ പങ്കെടുത്ത വേളയിലാണ് സംവിധായകൻ അശ്വത് മാരിമുത്തു ഈ പുതിയ അപ്ഡേറ്റ് പങ്കുവെച്ചത്. ചെന്നൈ ഷെഡ്യൂളിന് ശേഷം മൈസൂരിൽ പത്തു ദിവസത്തോളം നീളുന്ന ചിത്രീകരണമാണ് പ്ലാൻ ചെയ്തിരിക്കുന്നത്.
ഷൂട്ടിങ് കൃത്യമായ പ്ലാനിങ്ങോടെയാണ് മുന്നോട്ടുപോകുന്നതെന്നും, സിനിമയുടെ വേഗത്തിലും ഗുണനിലവാരത്തിലും രജനികാന്ത് തികച്ചും സംതൃപ്തനാണെന്നും സംവിധായകൻ കൂട്ടിച്ചേർത്തു. അൻപതു വർഷത്തെ സിനിമാ പരിചയമുണ്ടായിട്ടും യുവതാരത്തെപ്പോലെ വലിയ ഊർജത്തോടും ആവേശത്തോടും കൂടിയാണ് രജനികാന്ത് സെറ്റിൽ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കമൽ ഹാസന്റെ രാജ് കമൽ ഫിലിംസ് ഇന്റർനാഷണലും ആർ. മഹേന്ദ്രനും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന് അനിരുദ്ധ് രവിചന്ദറാണ് സംഗീതം നൽകുന്നത്. ചിത്രത്തിൽ രജനികാന്തിനൊപ്പം സിമ്രാൻ, റാഷി ഖന്ന, യോഗി ബാബു തുടങ്ങിയ വമ്പൻ താരനിര അണിനിരക്കുന്നുണ്ട്.