

കോളിവുഡിലെ പ്രമുഖതാരം രാഘവ ലോറൻസും ജനപ്രിയ സംവിധായകൻ രമേഷ് വർമയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങി. 'മഹാവീർ കർണ' എന്നാണ് ചിത്രത്തിനു പേരിട്ടിരിക്കുന്നത്. രാഘവ ലോറൻസ് തന്റെ അഭിനയ ജീവിതത്തിൽ ആദ്യമായാണ് ഒരു പുരാണ കഥാപാത്രത്തെ സ്ക്രീനിൽ അവതരിപ്പിക്കുന്നത്. മഹാഭാരതത്തിലെ ഐതിഹാസിക കഥാപാത്രമായ കർണനായാണ് അദ്ദേഹം ചിത്രത്തിൽ എത്തുന്നത്.
നീണ്ട മുടിയും കടുക്കനും കവചവും സൂര്യതിലകവും അണിഞ്ഞുള്ള രാഘവ ലോറൻസിന്റെ ശ്രദ്ധേയമായ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. വലിയ പ്രോജക്ടിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും, ഇത്തരം ഒരു കഥാപാത്രം തന്നെ തേടിയെത്തുമെന്ന് പ്രതീക്ഷിച്ചില്ലെന്നും സംവിധായകൻ രമേഷ് വർമയോട് നന്ദി അറിയിക്കുന്നതായും ലോറൻസ് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി.
പെൻ മൂവീസ്, ശ്രീ നീലാദ്രി പ്രൊഡക്ഷൻസ്, ആർവി സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ എന്നീ ഭാഷകളിലാണ് റിലീസിനെത്തുന്നത്. ശ്രീമണി സംഭാഷണമെഴുതുന്ന ചിത്രത്തിന് ഗ്യാനി സംഗീതം പകരുന്നു. രാംജി ഡോട്ട് ഛായാഗ്രഹണവും എഡിറ്റിങ് പ്രവീൺ പുഡിയും നിർവ്വഹിക്കുന്നു.