

രാജ്കുമാർ പെരിയസാമി രചനയും സംവിധാനവും നിർവഹിച്ച 'ഒ.എം: ഓപ്പറേഷൻ മോളി'ന് സമൂഹമാധ്യമങ്ങളിൽ സമ്മിശ്ര പ്രതികരണം. പ്രധാന താരങ്ങളുടെ പ്രകടനത്തെയും കാസ്റ്റിങ്ങിനെയും പ്രേക്ഷകർ പ്രശംസിക്കുമ്പോൾ, തിരക്കഥ, എഡിറ്റിങ്, സിനിമയുടെ ദൈർഘ്യം എന്നിവയെച്ചൊല്ലി വിമർശനങ്ങൾ ഉയരുന്നുണ്ട്. ഒന്നാംപകുതി അതിഗംഭീരമായപ്പോൾ രണ്ടാംപകുതി പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല എന്നും അഭിപ്രായങ്ങളുയരുന്നു.
രക്തചന്ദനക്കടത്ത് ശൃംഖലയും അതുകണ്ടെത്താനുള്ള രഹസ്യ ദൗത്യവും പ്രമേയമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ധനുഷ്, മമ്മൂട്ടി, സായ് പല്ലവി, ശ്രീലീല, നസീറുദിൻ ഷാ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിലുള്ളത്. ഇമോഷണൽ രംഗങ്ങളും വനത്തിലെ സംഘട്ടനരംഗങ്ങളുമടക്കം മികച്ച ഘടകങ്ങളുള്ള ഭേദപ്പെട്ട സിനിമയായാണ് പലരും ചിത്രത്തെ വിലയിരുത്തുന്നത്. മമ്മൂട്ടി, ധനുഷ്, സായ് പല്ലവി എന്നിവരുടെ പ്രകടനങ്ങളാണ് ചിത്രത്തിന്റെ പ്രധാന ആകർഷണമായി എടുത്തുപറയുന്നത്.
സായ് അഭ്യങ്കർ ഒരുക്കിയ പശ്ചാത്തല സംഗീതത്തിനും 'വീഴാ വീര' എന്ന ഗാനത്തിനും ഇന്റർവെൽ ബ്ലോക്കിനും മികച്ച പ്രതികരണമാണുള്ളത്. ധനുഷിനെയും മമ്മൂട്ടിയെയും തിരഞ്ഞെടുത്തത് മികച്ച കാസ്റ്റിങ് ആണെന്നും സായ് പല്ലവി സ്ക്രീനിൽ തിളങ്ങിയെന്നും ചില പ്രേക്ഷകർ കുറിച്ചു.
രക്തചന്ദനക്കടത്ത് പശ്ചാത്തലമാകുന്നതിനാൽ അല്ലു അർജുന്റെ 'പുഷ്പ' സീരീസുമായി ചിലർ ചിത്രത്തെ താരതമ്യം ചെയ്യുന്നുണ്ട്. ധനുഷിന്റെ മമ്മൂട്ടിയുടെയും പ്രകടനങ്ങൾ ഗംഭീരമാണെന്നും സായ് അഭ്യങ്കറുടെ കരിയറിലെ മികച്ച സംഗീതമാണിതെന്നും ചിലർ അഭിപ്രായപ്പെടുന്നു.
അതേസമയം, സിനിമയുടെ ദൈർഘ്യവും തിരക്കഥയിലെ പോരായ്മകളും ചിലരെ നിരാശപ്പെടുത്തി. തിരക്കഥ കുറച്ചുകൂടി ശക്തമാക്കാമായിരുന്നുവെന്നും അഭിപ്രായങ്ങൾ ഉയർന്നു. ക്ലൈമാക്സിലെ സർപ്രൈസ് രസകരമാണെങ്കിലും, ദൈർഘ്യം കുറഞ്ഞിരുന്നെങ്കിൽ ചിത്രം കൂടുതൽ ആകർഷകമാകുമെന്നും ആരാധകർ ചൂണ്ടിക്കാട്ടുന്നു.