

തെന്നിന്ത്യൻ താരം നിത്യ മേനോൻ നായികയാകുന്ന പുതിയ തമിഴ് ചിത്രം പ്രഖ്യാപിച്ചു. 'യാമിരുക്ക ഭയമേ', 'കവലൈ വേണ്ടാം' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ ഡികെ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫാന്റസി ഡാർക്ക് കോമഡി വിഭാഗത്തിലാണ് ചിത്രം ഒരുങ്ങുന്നത്.
നിത്യയുടെ ഉടമസ്ഥതയിലുള്ള നിർമാണ സംരംഭമായ കേയൂരി പ്രൊഡക്ഷൻസും ലിയോ വിഷനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. നിത്യ നിർമാണ രംഗത്തേക്ക് ചുവടുവെക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. വി.എസ്. രാജ്കുമാറാണ് ചിത്രത്തിന്റെ സഹനിർമാതാവ്. '13B', '24', 'മനം' തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംവിധായകനായ വിക്രം കെ. കുമാർ ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടർ ആയി എത്തുമ്പോൾ എ. ശക്തിവേൽ ഛായാഗ്രഹണവും റിച്ചാർഡ് കെവിൻ എഡിറ്റിങ്ങും നിർവഹിക്കും.malayalam act
താത്കാലികമായി 'പ്രൊഡക്ഷൻ നമ്പർ 5' എന്നു പേരിട്ടിരിക്കുന്ന ചിത്രം തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായി പാൻ-ഇന്ത്യൻ തലത്തിലാണ് തിയേറ്ററുകളിൽ റിലീസിനെത്തുക. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങളും മറ്റ് താരനിരയെക്കുറിച്ചുള്ള പ്രഖ്യാപനങ്ങളും ഉടൻ ഉണ്ടാകും.
ധനുഷ് കേന്ദ്രകഥാപാത്രമായ 'ഇഡ്ഡലി കടൈ'യാണ് നിത്യമേനോന്റേതായി ഒടുവിൽ റിലീസ് ചെയ്ത സിനിമ. അതിനുശേഷമുള്ള നടിയുടെ പുതിയ സിനിമയുടെ പ്രഖ്യാപനം വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാണുന്നത്.